തൃശൂര്‍-എറണാകുളം പാതയില്‍ പാളത്തില്‍ വീണ്ടും വിള്ളല്‍

Posted on: September 9, 2016 11:50 pm | Last updated: September 9, 2016 at 11:50 pm

trainകൊച്ചി: തൃശൂര്‍- എറണാകുളം പാതയില്‍ വീണ്ടും പാളത്തില്‍ വിള്ളല്‍. ട്രെയിന്‍ വരുന്നതിന് തൊട്ടുമുമ്പ് വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അപായ സൂചന നല്‍കി നിര്‍ത്താനായതിനാല്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 9.10 ഓടെയാണ് എറണാകുളം ഇടപ്പള്ളി- കളമശ്ശേരി സ്റ്റേഷനുകള്‍ക്കിടയില്‍ പത്തടിപ്പാലത്തിനു സമീപം ട്രാക്ക് പരിശോധിക്കുകയായിരുന്ന ജീവനക്കാരന്‍ വിള്ളല്‍ കണ്ടെത്തിയത്. ഈ സമയം വന്ന ചെന്നൈ- ആലപ്പുഴ എക്‌സ്പ്രസിന് ജീവനക്കാര്‍ അപായ സൂചന നല്‍കി നിര്‍ത്തിക്കുകയായിരുന്നു.
ട്രെയിന്‍ നിന്നപ്പോഴേക്കും എന്‍ജിനും മറ്റൊരു ബോഗിയും ട്രാക്കിലെ വിള്ളലുള്ള ഭാഗം കടന്നിരുന്നു. തുടര്‍ന്ന് ട്രയിന്‍ പിന്നോട്ടെടുത്ത് താത്കാലികമായി ക്ലാമ്പ് ഘടിപ്പിച്ച് വിള്ളല്‍ പരിഹരിച്ച് ഇരുപത് മിനുട്ടുകള്‍ക്ക് ശേഷമാണ് ട്രെയിന്‍ കടത്തിവിട്ടത്. ഈ സമയം ഇരു ഭാഗത്തേക്കും കടന്നുപോകേണ്ട ട്രെയിനുകള്‍ സമീപ സ്റ്റേഷനുകളിലായി പിടിച്ചിട്ടതോടെ പല ട്രെയിനുകളും മണിക്കൂറുകള്‍ വൈകി.
കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി ഒരു മണിക്കൂര്‍ വൈകി. എറണാകുളം- ബെംഗളൂരു ഇന്റര്‍സിറ്റി, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എന്നിവ അര മണിക്കൂറോളവും വൈകി. ദിവസങ്ങള്‍ക്ക് മുമ്പാണ് തൃശൂരിനും എറണാകുളത്തിനുമിടയില്‍ കറുകുറ്റി സ്റ്റേഷന് സമീപം ട്രാക്കിലെ വിള്ളലിനെ തുടര്‍ന്ന് ട്രെയിന്‍ പാളം തെറ്റിയ അപകടം നടന്നത്. കളമശ്ശേരി പത്തടിപ്പാലത്തെ വിള്ളല്‍ താത്കാലികമായി പരിഹരിച്ചതോടെ അപകടസാധ്യതയില്ലെന്നും രണ്ട് ദിവസത്തിനകം വിള്ളല്‍ കണ്ടെത്തിയ ട്രാക്ക് നീക്കം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ വേഗം കുറച്ചാണ് ഈ ഭാഗത്ത് കൂടി ട്രെയിനുകള്‍ പോകുന്നത്.