ഉത്തര കൊറിയ വീണ്ടും ആണവ മിസൈല്‍ പരീക്ഷിച്ചു

Posted on: September 9, 2016 7:50 pm | Last updated: September 10, 2016 at 11:59 am
SHARE

king jong unസിയോള്‍: ഉത്തര കൊറിയ അഞ്ചാം തവണ ആണവ പരീക്ഷണം നടത്തി. ഇതുവരെ നടത്തിയതില്‍ വെച്ചേറ്റവും വലിയ പരീക്ഷണമാണ് ഇത്തവണ നടത്തിയത്. പരീക്ഷണം നടത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ സി എന്‍ എ സ്ഥിരീകരിച്ചു. രാജ്യത്തിന്റെ 68ാം വാര്‍ഷിക ദിനത്തിലാണ് ആണവ പരീക്ഷണം. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാനിലെ ഹിരോഷിമയില്‍ വര്‍ഷിച്ച അണുബോംബിനേക്കാള്‍ ശക്തമാണ് ഇത്തവണത്തെ പരീക്ഷണം. പരീക്ഷണത്തെ യു എസും ഉത്തര കൊറിയയുടെ പ്രധാന സഖ്യകക്ഷിയായ ചൈനയും അപലപിച്ചു.
ഉത്തര കൊറിയയുടെ ആണവ പരീക്ഷണത്തെ കുറിച്ച് ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതി ചര്‍ച്ച ചെയ്യുമെന്ന് നയതന്ത്ര പ്രതിനിധികള്‍ പറഞ്ഞു. യു എസ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് രക്ഷാസമിതി പ്രത്യേക യോഗം ചേരുന്നത്.
ആണവ പരീക്ഷണത്തെ തുടര്‍ന്ന് മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. പുന്‍ഗായെറി ആണവ നിലയത്തിന് സമീപത്തായാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന് കാരണം ആണവ പരീക്ഷണമാണെന്ന ആരോപണവുമായി ദക്ഷിണ കൊറിയ രംഗത്തെത്തിയതിനു പിന്നാലെയാണ് ഉത്തര കൊറിയ ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മൂന്ന് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ ശക്തിപ്രകടനം നടത്തിയിരുന്നു.
യു എന്നിനെ പോലും തള്ളിയാണ് ഉത്തര കൊറിയന്‍ ഭരണാധികാരിയായ കിം ജോംഗ് ഉന്‍ ആണവ, മിസൈല്‍ പദ്ധതികളുമായി മുന്നോട്ടു പോകുന്നത്. ഉപരോധം ശക്തിപ്പെടുത്തിയതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഉത്തര കൊറിയ. ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന ലോക രാഷ്ട്രങ്ങളുടെ നിലപാടിനെ അവഗണിക്കുകയാണ് ഉത്തര കൊറിയയെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ജിയൂന്‍ ഹൈ പറഞ്ഞു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് എന്നിവരുമായി യു എസ് പ്രസിഡന്റ് ബരാക് ഒബാമ ചര്‍ച്ച നടത്തി. ആണവ പരീക്ഷണം നടത്തിയതിന്റെ പ്രത്യാഘാതം ഉത്തര കൊറിയ നേരിടേണ്ടി വരുമെന്ന് ഒബാമ പറഞ്ഞു. പരീക്ഷണത്തെ ശക്തമായി എതിര്‍ത്ത് ചൈനയും രംഗത്തെത്തി. ബീജിംഗിലെ ഉത്തര കൊറിയന്‍ എംബസിയെ ചൈന പ്രതിഷേധം അറിയിച്ചു.
കഴിഞ്ഞ ജനുവരിയില്‍ അത്യുഗ്ര ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. 2006ലാണ് ഉത്തര കൊറിയ ആദ്യ അണുപരീക്ഷണം നടത്തിയത്. ഇതിന് പിന്നാലെ ഉത്തര കൊറിയക്ക് മേല്‍ യു എന്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here