കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ ചിറകരിയാനുള്ള ശ്രമങ്ങളെ ചെറുക്കും: ഐസിഎഫ്

Posted on: September 9, 2016 7:04 pm | Last updated: September 9, 2016 at 7:04 pm
SHARE

KARIPOOR AIR PORTദുബൈ: റണ്‍വേ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുനരാരംഭിക്കാതെ കരിപ്പൂര്‍ എയര്‍പ്പോട്ടിന്റെ ചിറകരിയാനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുമെന്ന് ഐസിഎഫ് മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ വ്യക്തമാക്കി. പൊതുമേഖലയില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ സപ്തംബര്‍ 9 മുതല്‍ 15 വരെ ‘തിരികെ വേണം കരിപ്പൂര്‍’ എന്ന പ്രമേയത്തില്‍ കരിപ്പൂര്‍ സംരക്ഷണ വാരം ആചരിക്കും.

റണ്‍വേ സുരക്ഷാ പ്രശ്‌നത്തിന്റെ പേരിലാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്. നവീകരണത്തിന്റെ പേരിലാണ് പല രാജ്യാന്തര സര്‍വീസുകളും നിര്‍ത്തിവെച്ചത്. നവീകരണ പ്രവര്‍ത്തികളെല്ലാം ഇതിനകം പൂര്‍ത്തിയായി. 75 പിസിഎന്‍ ശക്തിയുള്ള റണ്‍വേയാണിപ്പോള്‍ കരിപ്പൂരില്‍ തയാറായിട്ടുള്ളത്. നേരത്തെ 56 പിസിഎന്‍ മാത്രമായിരുന്നു റണ്‍വേയുടെ ബലം. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ആവശ്യമായ നീളവും റണ്‍വേക്ക് നിലവിലുണ്ട്. അതുകൊണ്ടു തന്നെപഴയ സ്ഥിതി പുനഃസ്ഥാപിക്കുന്നതിനും റദ്ദാക്കിയ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനും സാങ്കേതിക തടസ്സങ്ങളൊന്നുമില്ല. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ നടക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കരിപ്പൂരിന്റെ പൂര്‍വ സ്ഥിതി പുനഃസ്ഥാപിക്കുന്നതിന് ഒരിക്കലും തടസ്സമാവേണ്ടതില്ല.

2015 മേയ് മുതലാണ് വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.2016 ജൂണില്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതിയിട്ട അറ്റകുറ്റപ്പണികള്‍ ഫെബ്രുവരിയില്‍ തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് പ്രമുഖ വിമാന കമ്പനികള്‍ സുരക്ഷാ പരിശോധനയും സര്‍വീസ് ആരംഭിക്കാനുള്ള നടപടികളും തുടങ്ങിയിരുന്നു. എന്നാല്‍ പുതിയ കാരണങ്ങള്‍ നിരത്തി വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി തടസ്സം നില്‍ക്കുകയാണ്. അനുമതി ലഭിച്ചാല്‍ ഏതുസമയവും സര്‍വീസുകള്‍ പുനരാംഭിക്കാന്‍ തയാറാണെന്ന് നേരത്തെ ഈ വിമാന കമ്പനികള്‍ അധികൃതരെ അറിയിച്ചിട്ടുമുണ്ട്. ടേബിള്‍ ടോപ് എയര്‍പോര്‍ട്ടുകളില്‍ മികച്ച അത്യാധുനിക സൗകര്യവും കരിപ്പൂരിനുണ്ട്. ഇത്തരം പരീക്ഷണങ്ങളെല്ലാം നേരത്തെ വിജയകരമായിരുന്നിട്ടും ഇപ്പോള്‍ നവീകരണം പൂര്‍ത്തിയായിട്ടും വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നത് ഉന്നത ലോബിയുടെ ചരടുവലിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലെ സാധാരണക്കാരായ പ്രവാസികള്‍ ആണ് കൂടുതലായി കരിപ്പൂരിലെ ആശ്രയിക്കുന്നത്. സൗദി അറേബ്യ അടക്കം ധാരാളം മലയാളികള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളില്‍ നിന്ന് വലിയ വിമാനങ്ങള്‍ ഇല്ലാത്തതുമൂലം കൂടുതല്‍ തുക നല്‍കിയും അധിക സമയം ചെലവഴിച്ചും യാത്ര ചെയ്യേണ്ട ദുരവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. അടിയന്തിര ഘട്ടങ്ങളില്‍ നാട്ടിലെത്തേണ്ടവര്‍ക്ക് അതിന് സാധിക്കാതെ വരികയാണ് ഈ വിഷയത്തില്‍ കേരള സര്‍ക്കാറും രാഷ്ട്രീയ നേതൃത്വങ്ങളും ശക്തമായി ഇടപെടണമെന്നും ഐസിഎഫ് ആവശ്യപ്പെട്ടു.

വിവിധ പ്രതിഷേധ പരിപാടികളാണ് സംരക്ഷണ വാരത്തില്‍ നടക്കുക. ഐസിഎഫ് യൂണിറ്റ് ഘടകങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിച്ച് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ക്ക് ഇ മെയില്‍ സന്ദേശമയക്കല്‍, സോഷ്യല്‍ മീഡിയ പ്രചാരണം, എസ്‌വൈഎസുമായി സഹകരിച്ച് കരിപ്പൂരില്‍ പ്രത്യക്ഷ സമര പരിപാടികള്‍, ഗള്‍ഫിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ജനകീയ സംഗമങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.

ഇത് സംബന്ധമായി ചേര്‍ന്ന മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, അബ്ദുല്‍ കരീം ഹാജി മേമുണ്ട, അബൂബക്കര്‍ അന്‍വരി, എംസി അബ്ദുല്‍ കരീം, മുജീബ് ഏആര്‍ നഗര്‍, ശരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം, നിസാര്‍ സഖാഫി കുപ്പാടിത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here