സിറിയ, ഫലസ്തീന്‍ പരിഹാരം: ഖത്വറും തുര്‍ക്കിയും യോജിച്ച് നീങ്ങണമെന്ന് തുര്‍ക്കി പ്രധാനമന്ത്രി

Posted on: September 9, 2016 6:18 pm | Last updated: September 9, 2016 at 6:18 pm
SHARE

urdukhanദോഹ: സിറിയ, ഫലസ്തീന്‍ പോലുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ ഖത്വറും തുര്‍ക്കിയും സംയുക്ത ശ്രമം നടത്തേണ്ടതുണ്ടെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദരീം അഭിപ്രായപ്പെട്ടു. പ്രാദേശിക അറബി പത്രം അല്‍ ശര്‍ഖ് പ്രതിനിധിയുമായി സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഖത്വറും തുര്‍ക്കിയുമായി സാഹോദര്യസമാനമായ ബന്ധമാണുള്ളതെന്നും പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അങ്ങേയറ്റം പ്രതിജ്ഞാബദ്ധനാണെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഉറച്ച നിലപാടുകളാണ് ഖത്വര്‍ അമീറിന്റെതെന്നും ഖത്വര്‍ പ്രധാനമന്ത്രിയുടെ തുര്‍ക്കി സന്ദര്‍ശനം സൗഹൃദബന്ധം ശക്തിപ്പെടുത്താന്‍ സഹായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളുമായുള്ള സംയുക്ത നിക്ഷേപ സംരംഭങ്ങളും വ്യാപാര വിനിമയവും സാമ്പത്തിക ബന്ധവും തുര്‍ക്കി പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
അന്താരാഷ്ട്ര, പ്രാദേശിക വിഷങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കും ഒരേ മനസ്സാണ്. പ്രത്യേകിച്ച് മേഖലയില്‍ സുസ്ഥിരതയും സമാധാനവും കൊണ്ടുവരുന്ന കാര്യത്തില്‍. വിമത നേതാവ് അബ്ദുല്ല ഗുലനെ വിട്ടുതരുന്നതില്‍ നിന്ന് അമേരിക്ക ഒഴിഞ്ഞുമാറുമെന്നു കരുതുന്നില്ലെന്നും ലക്ഷ്യം നേടാനാവശ്യമായ എല്ലാ നിയമ മാര്‍ഗങ്ങളും തുര്‍ക്കി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഔദ്യോഗിക സന്ദര്‍ശനാര്‍ഥം തുര്‍ക്കിയിലെത്തിയ ഖത്വര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി ചര്‍ച്ച നടത്തി. അങ്കാറയിലെ കോലിയാ കൊട്ടാരത്തില്‍ ഇന്നലെ വൈകീട്ടായിരുന്നു ചര്‍ച്ച. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനിയുടെ ആശംസകള്‍ പ്രധാനമന്ത്രി ഉര്‍ദുഗാനെ അറിയിച്ചു. ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദരിമുമായി അങ്കാറയിലെ മന്ത്രിസഭാ ആസ്ഥാനത്ത് വച്ച് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here