16 വര്‍ഷമായി നാട്ടില്‍ പോകാനാകാതെ

Posted on: September 9, 2016 6:16 pm | Last updated: September 15, 2016 at 8:11 pm
SHARE

ദോഹ: കണ്ണൂര്‍ ജില്ലയിലെ പാനൂരുകാരന്‍ പരമേശ്വരേട്ടന്‍ നാട്ടോര്‍മകളുമായി ഖത്വറില്‍ ജീവിച്ച് തീര്‍ത്തത് ഒന്നും രണ്ടും വര്‍ഷമല്ല; നീണ്ട 16 വര്‍ഷം. ഖത്വര്‍ സര്‍ക്കാറിന്റെ കാരുണ്യമായ പൊതുമാപ്പ് പ്രയോജനപ്പെടുത്തി അറുപത്തിമൂന്നുകാരനായ പരമേശ്വരേട്ടന്‍ നാട്ടില്‍ പോകാന്‍ ഒരുങ്ങുകയാണ്.
ഇപ്പോള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ താമസിക്കുന്ന പരമേശ്വരേട്ടന്‍ 2000ലാണ് ഖത്തറിലെത്തിയത്. സുഹൃത്ത് നല്‍കിയ വിസ എന്ത് ജോലിക്കുള്ളതായിരുന്നു എന്ന് പരമേശ്വരേട്ടന് വലിയ നിശ്ചയമില്ല. കഫ്റ്റീരയകളില്‍ സഹായിയായി കൂടി പാചകം പഠിച്ചു. രണ്ട് കൊല്ലം കഴിഞ്ഞപ്പോള്‍ നാട്ടില്‍ പോവാന്‍ മോഹം തോന്നിയിരുന്നു. അപ്പോഴാണ് രണ്ടാമത്തെ മകളുടെ കല്യാണം വന്നത്. കല്യാണച്ചെലവും നാട്ടില്‍ പോക്കും കൂടി നടക്കില്ലെന്ന് തോന്നിയപ്പോള്‍ എല്ലാ പ്രവാസികളെയും പോലെ പരമേശ്വരേട്ടനും സ്വന്തം മോഹങ്ങള്‍ ഉള്ളിലൊതുക്കി ത്യാഗിയായി. അപ്പോഴേക്കും വിസ നല്‍കിയ സുഹൃത്ത് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ പോയിരുന്നു. സ്‌പോണ്‍സര്‍ ആരാണെന്ന് പരമേശ്വരേട്ടന് വലിയ നിശ്ചയം പോര. പിന്നെയും രണ്ടു കൊല്ലം കഴിഞ്ഞപ്പോഴാണ് നാടിനെക്കുറിച്ചുള്ള ചിന്ത വീണ്ടുമുണര്‍ന്നത്. അപ്പോഴേക്കും മൂന്നാമത്തെ മകളുടെ കല്യാണമായി. പിന്നെ, പിന്നെ ഇതു തന്നെയാണ് നാട് എന്ന് പരമേശ്വരേട്ടനും തോന്നിത്തുടങ്ങി.
എട്ട് വര്‍ഷം കഴിഞ്ഞ് 2008ലാണ് ചില സുഹൃത്തുക്കളുടെ പ്രേരണയില്‍ വീണ്ടും ഒരു ശ്രമം നടത്തിയത്. നാട്ടിലെ സുഹൃത്തിനെ വിളിച്ച് സ്‌പോണ്‍സറുടെ വിവരങ്ങള്‍ മനസ്സിലാക്കി. എന്നാല്‍, സ്‌പോണ്‍സറെ സമീപിച്ചപ്പോള്‍ ലഭിച്ച മറുപടി അദ്ദേഹത്തിന് കീഴില്‍ പരമേശ്വരന്‍ എന്നയാള്‍ക്ക് വിസ കൊടുത്തിട്ടില്ലെന്നായിരുന്നു. അതോടെ ആ വഴിയും അടഞ്ഞു. 2007ല്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞ് പുതുക്കിയിരുന്നു. ഒരു തവണ പരിചയക്കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വിസ പുതുക്കുന്ന കാര്യത്തില്‍ ശ്രമം നടത്താമെന്ന് പറഞ്ഞ് പാസ്‌പോര്‍ട്ട് വാങ്ങിക്കൊണ്ട് പോയെങ്കിലും പിന്നീട് കൈയൊഴിഞ്ഞു.
അതിനിടയില്‍ കല്യാണം കഴിഞ്ഞ പെണ്‍മക്കളില്‍ രണ്ടാമത്തവള്‍ക്ക് മൂന്ന് കുട്ടികളും അവസാനത്തെയാള്‍ക്ക് രണ്ടു കുട്ടികളും പിറന്നു. അവരെയൊന്നും പരമേശ്വരേട്ടന്‍ ഇതുവരെ കണ്ടിട്ടില്ല. ഫോണിലൂടെ അച്ചച്ചാ എന്ന് വിളിക്കും. അതാണ് പേരക്കുട്ടികളുമായുള്ള ഏക ബന്ധം. ഇത് പറയുമ്പോള്‍ അദ്ദേഹത്തിന് കണ്ഠമിടറി. ശരീരത്തിന് ക്ഷീണം ബാധിച്ചു തുടങ്ങി. രണ്ടു മാസത്തോളമായി ജോലിയുമില്ല. ഇനിയും അധിക കാലം മരുഭൂമിയുടെ കാഠിന്യത്തില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് പൊതുമാപ്പ് പ്രഖ്യാപിക്കും മുമ്പ് കഴിഞ്ഞ മാസം എംബസിയുടെ സഹായം തേടിയത്. ശരിയാവുകയാണെങ്കില്‍ നാട്ടിലേക്ക് മടങ്ങാനുള്ള ഓപ്പണ്‍ ടിക്കറ്റും കരുതിയിരുന്നു. വിസയുടെ കാലാവധി കഴിഞ്ഞ് കാലം കുറേയായതിനാല്‍ അവിടെ നിന്ന് സി ഐ ഡി ഓഫിസിലേക്ക് പറഞ്ഞുവിട്ടു. ഇത്രയും കാലം വിസ പുതുക്കാത്തതിന്റെ പിഴ തന്നെ അര ലക്ഷത്തിലേറെ റിയാല്‍ വരും. സി ഐ ഡി ഓഫിസില്‍ നിന്ന് കിട്ടിയ പേപ്പറുമായി ഇനി എന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് പൊതുമാപ്പെന്ന സന്തോഷ വാര്‍ത്ത എത്തിയത്. അതിന് അപേക്ഷ നല്‍കേണ്ടതിന്റെ നൂലാമാലകളൊന്നും പരമേശ്വരേട്ടന് വലിയ പിടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് സുഹൃത്തുക്കളില്‍ നിന്ന് സോഷ്യല്‍ ഫോറം ഹെല്‍പ്പ് ഡസ്‌കിനെക്കുറിച്ചറിഞ്ഞത്. മന്‍സൂറയിലെ ഹെല്‍പ്പ് ഡസ്‌ക് ഓഫിസ് അദ്ദേഹത്തിന് വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. പാസ്‌പോര്‍ട്ടും ഓപ്പണ്‍ ടിക്കറ്റും കൈവശമുള്ളതിനാല്‍ നാട്ടിലേക്ക് മടങ്ങുന്നതിന് മറ്റ് തടസ്സങ്ങളുമൊന്നുമുണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹെല്‍പ്പ് ഡസ്‌ക് കേരള ഘടകത്തിന്റെ ചുമതലയുള്ള സുബൈര്‍ വല്ലപ്പുഴ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ തരത്തിലുള്ള അമ്പതിലേറെ കേസുകളാണ് സോഷ്യല്‍ ഫോറം ഹെല്‍പ്പ് ഡസ്‌കിന്റെ പരിഗണനക്ക് എത്തിയതെന്ന് ചുമതലയുള്ള മൊയ്‌നുദ്ദീന്‍ മുതുവടത്തൂര്‍ പറഞ്ഞു. സഹായം ആവശ്യമുള്ളവര്‍ക്ക് 70516482 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
പരമേശ്വരന് തിരിഞ്ഞ് നോക്കുമ്പോള്‍ നഷ്ടങ്ങള്‍ ഒരു പാടാണ്. കൂടാന്‍ കഴിയാത്ത രണ്ട് മക്കളുടെ കല്യാണം. അവരുടെ കുഞ്ഞുങ്ങളുടെ കളിചിരികള്‍. കുടുംബത്തോടൊത്തുള്ള നല്ല നിമിഷങ്ങള്‍. എന്ത് പ്രയാസങ്ങള്‍ സഹിച്ചായാലും അതത് സമയത്ത് വിസ പുതുക്കണം. ഒന്നോ രണ്ടോ കൊല്ലം കൂടൂമ്പോള്‍ നാട്ടില്‍ പോവണം. ഒരിക്കല്‍ കൈവിട്ടാല്‍ പിന്നെ ഇതൊക്കെ തിരിച്ച് പിടിക്കാന്‍ പ്രയാസമായിരിക്കും. സ്വന്തം അനുഭവങ്ങളില്‍ നിന്ന് പരമേശ്വരേട്ടന് പ്രവാസികള്‍ക്ക് നല്‍കാനുള്ള ഉപദേശങ്ങള്‍ ഇതൊക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here