മെയ്ഡ് ഇന്‍ ഖത്വര്‍ എക്‌സ്‌പോക്ക് ആഗോളമുഖം കൊണ്ടുവരുന്നു

Posted on: September 9, 2016 6:11 pm | Last updated: September 9, 2016 at 6:11 pm

free-eparticipation-miqദോഹ: മെയ്ഡ് ഇന്‍ ഖത്വര്‍ എക്‌സ്‌പോ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് ഖത്വര്‍ ചേംബര്‍ ഡയറക്ടര്‍ ജനറല്‍ സ്വാലിഹ് ബിന്‍ ഹമദ് അല്‍ ശര്‍ഖി അറിയിച്ചു. നവംബറില്‍ സഊദി അറേബ്യയിലെ റിയാദിലാണ് ഈ വര്‍ഷത്തെ എക്‌സ്‌പോ. ഇതാദ്യമായാണ് രാജ്യത്തിന് പുറത്ത് മെയ്ഡ് ഇന്‍ ഖത്വര്‍ എക്‌സ്‌പോ നടത്തുന്നത്. അഗോളതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ആദ്യപടിയെന്ന നിലക്കാണ് മേഖലയില്‍ എക്‌സ്‌പോ നടത്തുന്നതെന്ന് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
ആഗോളതലത്തില്‍ ഖത്വര്‍ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിന് മുമ്പ് മേഖലയില്‍ പ്രചാരം ലഭിക്കാന്‍ സഊദിയിലെ പ്രദര്‍ശനം സഹയാകമാകുമെന്ന് അല്‍ ശര്‍ഖി പറഞ്ഞു. എണ്ണ, വാതകയിതര മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും വരുമാന വൈവിധ്യവത്കരണത്തിന്റെയും ഭാഗമായി പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രചാരം ലഭ്യമാക്കുകയാണ് എക്‌സ്‌പോയുടെ ലക്ഷ്യം. വരുമാന വൈവിധ്യവത്കരണ പദ്ധതികള്‍ ലക്ഷ്യപ്രാപ്തി നേടുന്നുവെന്നതിന്റെ സൂചനയാണ് സമ്പദ്‌വ്യവസ്ഥ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ചക്കുള്ള (ജി ഡി പി) എണ്ണ, വാതകയിതര മേഖലയുടെ വിഹിതം 63.8 ശതമാനം ആയിരുന്നു. 2014ലെ 48.9 ശതമാനത്തില്‍ നിന്നാണ് ഈ വളര്‍ച്ചയുണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ ഈ പ്രദര്‍ശനം എണ്ണ, വാതകയിതര മേഖലക്ക് കരുത്തേകും.
സഊദിയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് പ്രചാരം ലഭിക്കാന്‍ എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് മികച്ച അവസരമാണിത്. സഊദി വ്യാപാരികളും നിര്‍മാതാക്കളുമായി ഖത്വര്‍ വ്യാപാരികള്‍ക്കും നിര്‍മാതാക്കള്‍ക്കും ഉത്പാദകര്‍ക്കും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താനുമാകും. സഊദി സമൂഹത്തിന് ഖത്വര്‍ ഉത്പാദനരംഗത്ത് വന്ന പരിഷ്‌കാരങ്ങളും വികസനങ്ങളും പുരോഗതിയും അളക്കാനും സാധിക്കും. പതിനായിരം ചതുരശ്ര മീറ്റര്‍ സ്ഥലത്ത് നടക്കുന്ന എക്‌സ്‌പോയുടെ 90 ശതമാനം സ്ഥലവും വിവിധ കമ്പനികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ക്യു ഡി ബിയാണ് പ്രധാന സ്‌പോണ്‍സര്‍. മറ്റ് നിരവധി സ്‌പോണ്‍സര്‍മാരും എക്‌സ്‌പോയുമായി സഹകരിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയാണ് ഇത്തവണ എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന കമ്പനികളുടെയും ഫാക്ടറികളുടെയും എണ്ണം.അടുത്ത വര്‍ഷത്തെ എക്‌സ്‌പോയുടെ പദ്ധതികള്‍ നവംബറിന് ശേഷം ആലോചിക്കും. അറബ് രാജ്യത്തായിരിക്കും അടുത്ത എക്‌സ്‌പോ. അതുകഴിഞ്ഞേ അന്താരാഷ്ട്ര അറബിതര രാജ്യത്ത് എക്‌സ്‌പോ നടത്തൂ. മെയ്ഡ് ഇന്‍ ചൈന, ചെറുകിട ഇടത്തരം സംരംഭ സമ്മേളനം എന്നിവയാണ് ഖത്വര്‍ ചേംബറിന്റെ അടുത്ത വലിയ രണ്ട് പരിപാടികള്‍. പതിനയ്യായിരം ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ഇത്തവണ മെയ്ഡ് ഇന്‍ ചൈന പ്രദര്‍ശനം നടത്തുക. അടുത്ത വര്‍ഷം ആദ്യമാണ് ചെറുകിട, ഇടത്തരം സംരംഭക സമ്മേളനം.