ആരാധനാലയങ്ങളുടെ നിര്‍മാണത്തിനുള്ള തടസങ്ങള്‍ നീക്കണം: എസ്‌വൈഎസ്

Posted on: September 9, 2016 6:05 pm | Last updated: September 9, 2016 at 6:05 pm
SHARE

sysകാസര്‍കോട്: ആരാധനാലയങ്ങളുടെ നിര്‍മാണത്തിനുള്ള നിയമ തടസ്സങ്ങള്‍ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് എസ്‌വൈഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ നേതൃത്വത്തില്‍ സുന്നീ നേതാക്കള്‍ തദ്ദേശ സ്വയംഭരണ മന്ത്രി കെടി ജലീലിന് നിവേദനം നല്‍കി.

സംസ്ഥാനത്ത് പൊതുവെയും കാസര്‍കോട് ജില്ലയില്‍ പ്രത്യേകിച്ചും ന്യൂനപക്ഷ വിഭാഗങ്ങള്‍ ആരാധനാലയം നിര്‍മിക്കുന്നതിനും നിലവിലെ ആരാധനാലയം പുനര്‍ നിര്‍മിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷ നല്‍കിയാല്‍ അനുമതി ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ട ദുരവസ്ഥയുണ്ട്.
തദ്ദേശ സ്ഥാപനത്തില്‍ നിന്നും അപേക്ഷ ജില്ലാ കലക്ടര്‍ക്ക് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. കലക്ടര്‍ ഇത് പരിശോധനക്കായി ജില്ലാ പോലീസ് ചീഫിനും ആര്‍ഡിഒക്കും അയക്കുന്നു. ഈ രണ്ട് വകുപ്പുകളുടെയും വിവിധ കീഴ് ഓഫീസ് വഴി പരിശോധന കഴിഞ്ഞ് തിരിച്ച് കലക്ടറേറ്റിലെത്തി അനുമതി നല്‍കുകയോ നിരാകരിക്കുകയോ ചെയ്യുകയാണ് ഇപ്പോഴുള്ള അവസ്ഥ. ഇതിന് ഏറെ കാലതാമസം നേരിടുന്നു. വിശ്വാസികള്‍ പലരില്‍ നിന്നും സംഭാവന പിരിച്ച് വളരെ അത്യാവശ്യമായ സ്ഥലത്ത് ആരാധനാലയം നിര്‍മിക്കാന്‍ ഒരുങ്ങി നിയമത്തിന്റെ നൂലാമാലയില്‍ കുരുങ്ങി മുന്നോട്ട് പോവാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ഇതിനു പുറമെ നിലവില്‍ പതിറ്റാണ്ടുകളായി ഒരു ആക്ഷേപവുമില്ലാതെ പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ ജീര്‍ണാവസ്ഥയിലുള്ളത് പുനര്‍ നിര്‍മിക്കാന്‍ അപേക്ഷ നല്‍കിയാലും ഇതേ നടപടിക്രമം പാലിക്കേണ്ടി വരുന്നു. ജില്ലയില്‍ ഇത്തരം ധാരാളം കേസുകളുണ്ട്. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ആരാധനാ സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടനാ തത്വത്തിന് എതിരാണ് ഇത്തരം സങ്കീര്‍ണ നിയമങ്ങള്‍. ഇതിനു സത്വര നടപടി കൈക്കൊള്ളണമെന്നും മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ സുന്നി നേതാക്കള്‍ ആവശ്യപ്പെട്ടു.

ഒരു പ്രദേശത്ത് ആരാധനായലയം ആവശ്യമുണ്ടോ എന്ന് ഏറ്റവും ബോധ്യപ്പെടുക ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത്/ മുനിസിപ്പാലിറ്റികള്‍ക്കാണ്. മേല്‍ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനും പുനര്‍നിര്‍മിക്കുന്നതിനും അനുമതി നല്‍കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ ബഹുമാനപ്പെട്ട മന്ത്രി ആവശ്യമായ നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും മന്ത്രിയോട് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പുനല്‍കി. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ മന്ത്രിയെ സന്ദര്‍ശിച്ച നിവേദക സംഘത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, എസ്‌വൈഎസ് കാഞ്ഞങ്ങാട് സോണ്‍ പ്രസിഡന്റ് അശ്‌റഫ് അശ്‌റഫി ആറങ്ങാടി, ജനറല്‍ സെക്രട്ടറി സത്താര്‍ പെട്ടിക്കുണ്ട്, മുസ്ലിം ജമാഅത്ത് സോണ്‍ വൈസ് പ്രസിഡന്റ് മദനി ഹമീദ്, നാസര്‍ ബന്താട് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here