വിധവകള്‍ക്ക് നൂതന പദ്ധതികളുമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്

Posted on: September 9, 2016 2:58 pm | Last updated: September 9, 2016 at 2:58 pm
SHARE

തിരൂരങ്ങാടി: വിധവകളുടെ വിഷമമകറ്റാന്‍ നൂതന കര്‍മ പദ്ധതികളുമായി തിരൂരങ്ങാടി ബ്ലോക്ക്പഞ്ചായത്ത്. വിവിധ കാരണങ്ങളാല്‍ വിധവകളായ സ്ത്രീകളുടെ ഉന്നമനത്തിനായി ബ്ലോക്ക് പഞ്ചായത്തും സാമൂഹിക നീതി വകുപ്പും സംയുക്തമായിട്ടാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.
ഭര്‍ത്താവ് മരിച്ചവര്‍, വിവാഹ മോചനം ചെയ്യപ്പെട്ടവര്‍, ഭര്‍ത്താവ് നാടുവിട്ട സ്ത്രീകള്‍, വിവാഹം ചെയ്യാത്തവര്‍ എന്നിവര്‍ക്കായാണ് പരിപാടി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതിന്റെ ആദ്യഘട്ടം ബ്ലോക്ക് പരിധിയിലെ മൂന്ന് പഞ്ചായത്തുകളില്‍ നിന്നായി വിധവകളെ സംഘടിപ്പിച്ചു നടത്തിയ സോദരി സ്‌നേഹപൂര്‍വം സഹോദരി എന്ന പരിപാടി വിധവകളുടെ കണ്ണീരൊപ്പുന്നതായി. ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആയിരത്തിലേറെ വിധവകളാണ് പങ്കെടുത്തത്. എല്ലാ വിധവകള്‍ക്കും ബലിപെരുന്നാള്‍-ഓണക്കോടിയായി സാരിയും വൃക്ഷത്തൈയും വിതരണം ചെയ്തു. പി കെ അബ്ദുര്‍റബ്ബ് എം എല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കലാം, എന്‍എം അന്‍വര്‍ സാദാത്ത്, വി കെ സുബൈദ, എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഷൈലേജ് പ്രസംഗിച്ചു. ബോധവത്കരണ ക്ലാസുകളും കുട്ടികളുടെ കലാപരിപാടികളും നടന്നു. വിധവകള്‍ക്ക് സ്വയം പരിശീലന പരിപാടികള്‍ ആരംഭിക്കുന്നതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും ബ്ലോക്ക് പ്രസിഡന്റ് കെ അബ്ദുല്‍കലാം പറഞ്ഞു. ജില്ലയില്‍ ഇത് ആദ്യത്തെ സംരംഭമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.