കുന്ദമംഗലത്ത് വാഹന പാര്‍ക്കിംഗ് പൂര്‍ണമായി നിരോധിക്കും

Posted on: September 9, 2016 2:48 pm | Last updated: September 9, 2016 at 2:48 pm

കുന്ദമംഗലം: രൂക്ഷമായ ഗതാഗതപ്രശ്‌നം നേരിടുന്ന കുന്ദമംഗലത്ത് യു പി സ്‌കൂള്‍ പരിസരം മുതല്‍ മുക്കം റോഡ് ജംഗ്ഷന്‍ വരെ ഇരുചക്ര വാഹനമടക്കമുള്ള വാഹനങ്ങളുടെ പാര്‍ക്കിംഗ് നിരോധിക്കാന്‍ തീരുമാനം. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പാര്‍ക്കിംഗ് പൂര്‍ണമായി നിരോധിക്കാന്‍ തീരുമാനിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ സീനത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ചേവായൂര്‍ സി ഐ. കെ കെ രാജു ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു.
വാഹന പാര്‍ക്കിംഗ് നിരോധിക്കുന്നതോടൊപ്പം അനധികൃത കച്ചവടങ്ങള്‍ തടയാനും ടൗണില്‍ സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍ എടുത്തുമാറ്റാനും തീരുമാനമായി. പന്തീര്‍പാടം, വരിയട്യാക്ക്, മുണ്ടിക്കല്‍താഴം തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തിരിച്ചുവിടാനുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കും.
എം കെ മോഹന്‍ദാസ്, ബാബു നെല്ലൂളി, ഉസൈന്‍ ഒളോങ്ങല്‍, ഐസക് മാസ്റ്റര്‍, എം ബാലസുബ്രമണ്യന്‍, സി അബ്ദുറഹ്മാന്‍, കെ രാജന്‍, വസന്ത രാജന്‍, കെ സുന്ദരന്‍, എം വി ബൈജു, രവീന്ദ്രന്‍ കുന്ദമംഗലം പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് വിനോദ് പടനിലം സ്വാഗതവും വികസനകാര്യ ചെയര്‍പേഴ്‌സണ്‍ ലീന വാസുദേവന്‍ നന്ദിയും പറഞ്ഞു.