അവിവാഹിത അമ്മമാര്‍ക്കുള്ള പെന്‍ഷന്‍ വിഹിതം 1500 രൂപയാക്കും

Posted on: September 9, 2016 2:33 pm | Last updated: September 9, 2016 at 2:33 pm
SHARE

കല്‍പ്പറ്റ: അവിവാഹിത അമ്മമാര്‍ക്കുള്ള പെന്‍ഷന്‍ തുക 1500 രൂപയാക്കി ഉയര്‍ത്തുമെന്ന് മന്ത്രി എ.കെ.ബാലന്‍. പെന്‍ഷന്‍ ഗുണഭോക്താക്കളെ കണ്ടെത്താന്‍ പ്രായവും മക്കളുടെ എണ്ണവും സംബന്ധിച്ച നിബന്ധനകള്‍ ഒഴിവാക്കും. പട്ടിക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലയില്‍ മൂന്നു വീതം പ്രീമെട്രിക് ഹോസ്റ്റലുകളും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും നിര്‍മ്മിക്കും. ഇതിനായി സ്ഥലം കണ്ടെത്താനും ഉന്നതതല അവലോകന യോഗത്തില്‍ മന്ത്രി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികളുടെ ബാഹുല്യം പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ കെട്ടിടം വാടകയ്ക്ക് ലഭ്യമാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാന്‍ ആരംഭിച്ച ഗോത്രസാരഥി പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. പദ്ധതി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണിത്.