ഡിങ്കന്‍ മമ്മുട്ടി മഞ്ചേരിയില്‍ പിടിയില്‍

Posted on: September 9, 2016 10:46 am | Last updated: September 9, 2016 at 10:46 am
SHARE

മഞ്ചേരി: ബസുകളിലും തീവണ്ടികളിലും സംഘം ചേര്‍ന്ന് പോക്കറ്റടിയും കവര്‍ച്ചയും നടത്തുന്നതിലൂടെ കുപ്രസിദ്ധനായ ഡിങ്കന്‍ മമ്മുട്ടിയെന്ന മുഹമ്മദ് കുട്ടി (60)നെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന പാണായി ചാലില്‍ കിഴക്കെതൊടി അബുബക്കര്‍ (66)നെ പോക്കറ്റടിച്ചതാണ് ഡിങ്കന്‍ മമ്മൂട്ടിയെ കുടുക്കിയത്. കാലിക്കച്ചവടക്കാരനായ അബൂബക്കര്‍ തന്റെ അടി വസ്ത്രത്തിന്റെ പോക്കറ്റില്‍ സൂക്ഷിച്ച 5000 രൂപ പ്രതി ബ്ലേഡ് ഉപയോഗിച്ച് കവരുകയായിരുന്നു. പണം നഷ്ടപ്പെട്ടതറിഞ്ഞതോടെ ജീവനക്കാര്‍ ബസ് മഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് വിടുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പിടിയിലായ പ്രതി കോഴിക്കോട് കസബ, നല്ലളം, പന്നിയങ്കര, കോയമ്പത്തൂര്‍, പഴനി പോലീസ് സ്റ്റേഷനുകളിലും കോഴിക്കോട് റെയില്‍വെ പോലീസിലുമായി നിരവധി പോക്കറ്റടി കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തി.
സംഘം ചേര്‍ന്നാണ് ഇയാളുടെ പോക്കറ്റടി. ലഭിച്ച പണം ഇടന്‍ കൂട്ടാളികള്‍ക്ക് കൈമാറി രക്ഷപ്പെടുകയാണ് പതിവെന്നും പോലീസ് പറഞ്ഞു. മഞ്ചേരി സി ഐ. കെ എം ബിജു, എസ് ഐ. എസ് ബി കൈലാസ് നാഥ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മഞ്ചേരി മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.