ജില്ലയില്‍ 23 ഡോക്ടര്‍മാര്‍ക്ക് നിയമനം

Posted on: September 9, 2016 10:45 am | Last updated: September 9, 2016 at 10:45 am

മഞ്ചേരി: ജില്ലയിലെ വിവിധ ആശുപത്രികളിലായി 23 ഡോക്ടര്‍മാരെ പുതിയതായി നിയമിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക് ആശുപത്രികള്‍, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി തുടങ്ങി 122 ആശുപത്രികളാണ് ജില്ലയിലുള്ളത്. നാല് വര്‍ഷമായി ഒഴിഞ്ഞുകിടന്നിരുന്ന പല തസ്തികകളും നികത്തിയവയില്‍പെടും.
ഡോക്ടര്‍ ഇല്ലാതെ താളം തെറ്റിയ മിക്ക കമ്മ്യൂണിറ്റി ഹെല്‍ത്ത് കേന്ദ്രങ്ങളിലും മെഡിക്കല്‍ ഓഫീസറെ നിയമിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കി. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവ് 47 ആയിരുന്നു. ഇതില്‍ 23 ഡോക്ടര്‍മാരുടെ ഒഴിവുകളാണ് ഒറ്റയടിക്ക് നികത്തിയത്. തിരൂര്‍ ജില്ലാ ആശുപത്രി, നിലമ്പൂര്‍, കുറ്റിപ്പുറം താലൂക്ക് ആശുപത്രികള്‍, വണ്ടൂര്‍, ചെട്ടിപടി, മേലാറ്റൂര്‍, മാറഞ്ചേരി, വേങ്ങര, കരുവാരകുണ്ട്, ചുങ്കത്തറ, പാണ്ടിക്കാട് തുടങ്ങി 15 ആശുപത്രികളിലാണ് പുതുതായി ഡോക്ടര്‍മാരെ നിയമിച്ചത്. ഇതില്‍ സര്‍ജന്‍, ഗൈനക്കേളജിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും ഉള്‍പ്പെടും.
നേരത്തെ പല ആശുപത്രികളിലും ഒരു ഡോക്ടര്‍ മാത്രമായിരുന്ന സി എച്ച് സികളില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കാനുള്ള നടപടിയും പൂര്‍ത്തിയായി. മരുന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതിരുന്ന ആശുപത്രികളുടെ ലാബുകളുടെയും പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു. സൗജന്യ മരുന്ന് വിതരണ പദ്ധതികളും പുനരാരംഭിക്കാനായതും നേട്ടമായി വിലയിരുത്തുന്നു.