Connect with us

Kerala

ഓണം- പെരുന്നാള്‍ സീസണില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയത് പത്തിരട്ടിയിലേറെ

Published

|

Last Updated

മലപ്പുറം: യാത്രക്കാരെ കഴുത്തിന് പിടിച്ച് വിമാനക്കമ്പനികളുടെ ചൂഷണം തുടരുന്നു. ഓണം, പെരുന്നാള്‍ അവധിക്ക് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്നവരും അവധി കഴിഞ്ഞ് മടങ്ങുന്നവരും വിമാന നിരക്കായി പത്തിരട്ടിയിലേറെയാണ് തുക നല്‍കേണ്ടി വരിക. ഗള്‍ഫ് സെക്ടറുകളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമാണ് കുത്തനെ നിരക്ക് കൂട്ടിയിരിക്കുന്നത്. വിദേശ വിമാനക്കമ്പനികളോടൊപ്പം എയര്‍ ഇന്ത്യയും എക്‌സ്പ്രസുമെല്ലാം നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. മുപ്പതിനായിരം രൂപയില്‍ താഴെയുള്ള ടിക്കറ്റ് ലഭിക്കാനേയില്ല. ഈ മാസം ഒമ്പത് മുതല്‍ 32000 മുതല്‍ 61000 വരെയാണ് വിവിധ വിമാനക്കമ്പനികളുടെ എക്കണോമി ക്ലാസിലെ നിരക്കുകള്‍. ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ 43,195 രൂപയും എക്‌സ്പ്രസ് 32,730 രൂപയുമാണ് ഈടാക്കുന്നത്. സ്‌പൈസ് ജെറ്റിന് 41, 653 രൂപയും ജെറ്റ് എയര്‍വേസ് 60,000 രൂപയും ഇത്തിഹാദ് എയര്‍വേസിന് 37,007 രൂപയും നല്‍കണം. പതിനായിരം രൂപയില്‍ താഴെ സഞ്ചരിക്കാന്‍ കഴിഞ്ഞിടത്താണ് കഴുത്തറുക്കുന്ന തരത്തിലുള്ള നിരക്ക് വര്‍ധന. കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ 45,956 രൂപ വാങ്ങുന്നുണ്ട്. അബൂദബയില്‍ നിന്ന് കോഴിക്കോട്ടേക്ക് 37000 മുതല്‍ 75,364 രൂപ വരെ ഈ ആഴ്ചയില്‍ നല്‍കേണ്ടി വരും. വെള്ളിയാഴ്ച മുതല്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഒരാഴ്ചയിലേറെ പൊതു അവധി ദിനങ്ങളാണ്. കേരളത്തില്‍ പെരുന്നാളും ഓണവും ഒരുമിച്ചെത്തിയതിനാല്‍ മലയാളികള്‍ കൂടുതലായി നാട്ടിലേക്ക് വരുന്നതിനാല്‍ വിമാനക്കമ്പനികള്‍ക്ക് ചാകരയാണ്. മസ്‌കറ്റില്‍ നിന്ന് കോഴിക്കോട്ടേക്ക് 55000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ നിരക്ക് വരുന്നുണ്ട്. സഊദി അറേബ്യയില്‍ നിന്നും ദോഹയില്‍ നിന്നുമെല്ലാം ഇത് തന്നെയാണ് സ്ഥിതി. നിരക്ക് കൂടിയതോടെ പല കുടുംബങ്ങളും യാത്ര ഒഴിവാക്കിയിരിക്കുകയാണ്. എന്നാല്‍ ദുബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കാണെങ്കില്‍ നിരക്കില്‍ കുറവുണ്ട്. 26000 രൂപയാണ് ഈ റൂട്ടില്‍ എയര്‍ അറേബ്യയുടെ ടിക്കറ്റ് നിരക്ക്. പെരുന്നാള്‍ കഴിയുന്നതോടെ നിരക്ക് സാധാരണ നിലയിലേക്ക് വരികയും ചെയ്യുന്നുണ്ട്. സീസണ്‍ കഴിഞ്ഞാല്‍ 18 മുതല്‍ ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമെല്ലാം ആറായിരം രൂപ മുതല്‍ ടിക്കറ്റ് ലഭിക്കും. അവധി കഴിഞ്ഞ് മടങ്ങുമ്പോഴും സ്ഥിതി വിഭിന്നമല്ല. കോഴിക്കോട്ട് നിന്ന് ദുബൈയിലേക്ക് ഈ മാസം 17ന് 22,000 മുതല്‍ 55,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. കുറഞ്ഞ നിരക്കില്‍ മികച്ച സേവനം എന്ന് അവകാശപ്പെടുന്ന എയര്‍ഇന്ത്യയും എക്‌സ്പ്രസ് വിമാനങ്ങള്‍ പോലും യാത്രക്കാരെ ചൂഷണം ചെയ്യുകയാണ്. 17ന് എയര്‍ ഇന്ത്യ 38000 രൂപയും എക്‌സ്പ്രസ് 29,277 രൂപയും വാങ്ങുന്നുണ്ട്. ഈ തീയതില്‍ കൊച്ചിയില്‍ നിന്ന് 29,000 മുതല്‍ 55,000 വരെയും നല്‍കണം. വിമാനക്കമ്പനികളുടെ നിരക്കുകളില്‍ ഇടപെടാന്‍ കേന്ദ്ര വ്യേമയാന മന്ത്രാലയം തയ്യാറാകാത്തതാണ് തോന്നിയ രീതിയില്‍ തുക ഈടാക്കാന്‍ കാരണം.
ആഘോഷ സമയങ്ങളില്‍ നിരക്ക് ഉയര്‍ത്തുന്നത് അവസാനിപ്പിക്കണമെന്ന് പറയുന്നതല്ലാതെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകുന്നില്ല. ഗള്‍ഫ് നാടുകളില്‍ സാധാരണ തൊഴില്‍ ചെയ്യുന്നവരാണ് ഭൂരിപക്ഷം യാത്രക്കാരുമെന്നിരിക്കെ സമ്പാദ്യം മുഴുവന്‍ യാത്രാക്കൂലി ഇനത്തില്‍ നല്‍കേണ്ട അവസ്ഥയാണ് പ്രവാസി മലയാളികള്‍ക്ക്.