വിദ്വേഷ പ്രസംഗം നടത്തിയത് തീവ്രസലഫി ആശയക്കാരന്‍; മുജാഹിദ് ഗ്രൂപ്പുകള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍

Posted on: September 9, 2016 9:19 am | Last updated: September 9, 2016 at 11:10 am
SHARE
ഷംസുദ്ദീന്‍ പാലത്ത്‌
ഷംസുദ്ദീന്‍ പാലത്ത്‌

കാസര്‍കോട്: വിദ്വേഷപ്രസംഗം നടത്തി അതിന്റെ ഓഡിയോകളും വീഡിയോകളും സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചത് മുജാഹിദ് വിഭാഗത്തിലെ തീവ്ര സലഫി ആശയക്കാരന്‍. ഖുര്‍ആന്റെ മഹത്തായ ആശയങ്ങളെയും സന്ദേശങ്ങളെയും തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്ന കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ ഷംസുദ്ദീന്‍ പാലത്തി(48)നെതിരെ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറും ഗവ. പ്ലീഡറുമായ അഡ്വ. സി ഷുക്കൂറാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഇതരമത വിശ്വാസികളോട് ഇസ്‌ലാം മത വിശ്വാസികള്‍ക്കുള്ള സ്‌നേഹവും പരസ്പര ബഹുമാനവും ഒഴിവാക്കണമെന്നും മുസ്‌ലിംങ്ങള്‍ അല്ലാത്തവരോട് ചിരിക്കുന്നത് പോലും മതനിഷിദ്ധമാണെന്ന തരത്തില്‍ അതീവ ഗുരുതരമായ പ്രയോഗങ്ങള്‍ ഉള്‍പ്പെട്ട ഷംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
മുജാഹിദ് സലഫി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ദഅ്‌വ വോയ്‌സ് വെബ്‌സൈറ്റിലാണ് ഷംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗം യൂട്യൂബ് വഴി അപ്‌ലോഡ് ചെയ്തിട്ടുള്ളത്.
മുസ്‌ലിങ്ങള്‍ മാത്രമുള്ള രാജ്യത്തേക്ക് ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ പോകണമെന്ന ആഹ്വാനവും പ്രസംഗത്തിലുണ്ട്. തീവ്രവാദസംഘടനയായ ഇസിലിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച് ഇതര വിശ്വാസക്കാരില്‍ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ഷംസുദ്ദീന്‍ പാലത്തിന്റെ രണ്ട് പ്രഭാഷണങ്ങളുടെയും യൂട്യൂബ് ലിങ്ക് അടക്കമാണ് അഡ്വ. ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
ഈ പ്രഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിക്കപ്പെടുന്നത് ഏറെ ഗൗരവമായി കാണണമെന്നും പരാതിയിലുണ്ട്. ഗവണ്‍മെന്റ് പ്ലീഡറുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവി കാസര്‍കോട് ടൗണ്‍ പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
മലപ്പുറം തിരൂര്‍ വളവന്നൂരിലുള്ള അന്‍സാര്‍ കോളജില്‍ അധ്യാപകനാണ് വിവാദ പ്രസംഗികനായ ഷംസുദ്ദീന്‍ പാലത്ത്. കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രചാരക നിരയിലെ പ്രമുഖനായ ഷംസുദ്ദീന്‍ പാലത്ത് മുജാഹിദ് വിഭാഗം രണ്ടായിപ്പിളര്‍ന്നപ്പോള്‍ ഔദ്യോഗിക വിഭാഗത്തില്‍ ഉറച്ച് നിന്ന തീവ്ര സലഫി പ്രചാരകനാണ്.
ഇതിനിടെ സലഫി വിഭാഗത്തിന്റെ വിവാദ സന്ദേശമടങ്ങുന്ന മറ്റുചില പ്രസംഗങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ നിന്നും നാടകീയമായി അപ്രത്യക്ഷമായിട്ടുണ്ട്.
ഷംസുദ്ദീന്റെ പ്രസംഗം വിവാദമാകുകയും കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ തന്നെ പരാതിക്കാരനായി പോലീസ് കേസെടുക്കുകയും ചെയ്ത പാശ്ചാത്തലത്തിലാണ് മറ്റ് പ്രചാരകരുടെ തീവ്രവാദ പ്രസംഗങ്ങള്‍ സലഫി വിഭാഗം ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും അപ്രത്യക്ഷമായത്. കേരളത്തിലെ ചില ഭാഗങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ഇസിലില്‍ ചേര്‍ക്കുന്നതിന് കടത്തിക്കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയത് മുജാഹിദ് ആശയക്കാരാണെന്ന് നേരത്തെ വ്യക്തമായിരുന്നു.
ഇപ്പോള്‍ ഇസില്‍ ആശയം പരസ്യമായി പ്രചരിപ്പിക്കുന്ന തരത്തില്‍ പ്രസംഗവും നടത്തിയതോടെ മുജാഹിദ് ഗ്രൂപ്പുകളെല്ലാം പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഇവരുടെ തുടര്‍ന്നുള്ള നീക്കങ്ങള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തിലാണ്.

ഷംസുദ്ദീന്‍ പാലത്തിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്
കാസര്‍കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ സലഫി പ്രചാരകന്‍ ഷംസുദ്ദീന്‍ പാലത്തിനെതിരെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ സലഫി പ്രചാരകനെതിരെ കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. മത വിദ്വേഷം വളര്‍ത്തുന്ന രീതിയിലുള്ള പ്രഭാഷണം സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിന് ഐ പി സി സെക്ഷന്‍ 153(എ) പ്രകാരമാണ് ഷംസുദ്ദീനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. അന്വേഷണ ചുമതല കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന് കൈമാറിയിട്ടുണ്ട്. ‘അമുസ്ലിംകളോട് ചിരിക്കുന്നതുപോലും സൂക്ഷിച്ചുമതി’ എന്ന രീതിയില്‍ ഷംസുദ്ദീന്‍ പാലത്ത് പ്രസംഗിച്ചതായാണ് പരാതി. കേരളത്തില്‍ നിലനില്‍ക്കുന്ന മത സൗഹാര്‍ദത്തിന് ഷംസുദ്ദീന്റെ പ്രഭാഷണം പോറലേല്‍പ്പിക്കുമെന്നും ഐ എസ് പോലുള്ള സംഘടനകളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്നതാണെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.