Connect with us

National

മാജുലി രാജ്യത്തെ ആദ്യ നദീദ്വീപ് ജില്ല

Published

|

Last Updated

ഗുവാഹത്തി: ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപായ മാജുലിയെ രാജ്യത്തെ ആദ്യ നദീദ്വീപ് ജില്ലയായി പ്രഖ്യാപിച്ചു. ഇന്നലെ മാജുലിയില്‍ നടന്ന അസാം സര്‍ക്കാറിന്റെ പ്രത്യേക മന്ത്രിസഭായോഗ തീരുമാനത്തിന് ശേഷം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാളാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ അസാമിലെ ജില്ലകളുടെ എണ്ണം 35 ആയി. മാജുലിയെ ജില്ലയാക്കാന്‍ ജൂണില്‍ തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമാണ് ഇന്നലെ നടന്നത്. ബ്രഹ്മപുത്ര, സബന്‍സിരി നദികള്‍ കൂടിച്ചേരുന്ന സ്ഥലത്താണ് മാജുലി ദ്വീപ് സ്ഥിതി ചെയ്യുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ദ്വീപ് ലോകത്തെ ഏറ്റവും വലിയ നദീദ്വീപെന്ന ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിരുന്നു. അസാമിന്റെ തലസ്ഥാനമായ ഗുവാഹത്തിക്ക് പുറത്ത് ഇതാദ്യമായാണ് മന്ത്രിസഭ ചേരുന്നത്. ദ്വീപിന്റെ സംരക്ഷണത്തിനായി പ്രധാന തീരുമാനങ്ങളും ഇന്നലെ ചേര്‍ന്ന മന്ത്രിസഭ എടുത്തിട്ടുണ്ട്. മാജൂലിയെ പ്രതിനിധാനം ചെയ്യുന്ന അംഗമെന്ന നിലയില്‍ ഈ ദ്വീപിനെ സംരക്ഷിക്കാന്‍ തന്റെ സര്‍ക്കാറും താനും പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി സോനോവാള്‍ പറഞ്ഞു. മാജുലിയെ ടൂറിസ്റ്റ് കേന്ദ്രമാക്കി ഉയര്‍ത്തുന്ന പദ്ധതി പരിഗണനയിലാണ്. ദ്വീപ് ജില്ലയെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest