Connect with us

National

കര്‍ണാടക ബന്ദില്‍ വ്യാപക അക്രമം, ലാത്തിച്ചാര്‍ജ്‌

Published

|

Last Updated

ബെംഗളൂരു: കാവേരി നദീജല പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന ബന്ദില്‍ വ്യാപക അക്രമം. മൂന്ന് പ്രക്ഷോഭകര്‍ ആത്മഹത്യാ ശ്രമം നടത്തി. തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുന്നതില്‍ പ്രതിഷേധിച്ച് കന്നഡ, കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കൂട്ട ആഹ്വാനം ചെയ്ത ബന്ദില്‍ ജനജീവിതം സ്തംഭിച്ചു.
പ്രക്ഷോഭം കൂടുതല്‍ രൂക്ഷമായി തുടരുന്നതിനിടെ പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കത്തയച്ചു. കാവേരി നദീജലം ഉപയോഗിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അനുദിനം രൂക്ഷമായിരിക്കുകയാണെന്നും കേന്ദ്രം ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മുഖ്യമന്ത്രി കത്തില്‍ ധരിപ്പിച്ചിട്ടുണ്ട്.
കാവേരി നദീജല ഹരജി പരിഗണിച്ച സുപ്രീം കോടതി ജഡ്ജി ഫാലി എസ് നരിമാനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം കര്‍ഷകര്‍ മണ്ഡ്യ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. അതിനിടെ, ജി എസ് ടി ബില്ലിന്മേല്‍ സംസ്ഥാനത്തിന്റെ അംഗീകാരം നേടിയെടുക്കുന്നതിന് 14ന് ചേരാന്‍ നിശ്ചയിച്ചിരുന്ന ഒരു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം റദ്ദാക്കി. കാവേരി പ്രശ്‌നം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് പ്രക്ഷുബ്ധ രംഗങ്ങള്‍ക്കിടയാക്കുമെന്നതിനാലുമാണ് സമ്മേളനം റദ്ദാക്കിയത്.
തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കുന്ന കൃഷ്ണരാജ സാഗര്‍ അണക്കെട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. അണക്കെട്ടില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച രണ്ട് കര്‍ഷകരെ അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്രീഡം പാര്‍ക്കില്‍ കത്തികൊണ്ട് സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരു കര്‍ഷകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ മേഖലകളിലെ ചെറുതും വലുതുമായ രണ്ടായിരത്തോളം സംഘടനകളാണ് ബന്ദിന് പിന്തുണ നല്‍കിയത്. അവശ്യ സര്‍വീസുകളെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ബന്ദിന്റെ മറവില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വന്‍ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. അണക്കെട്ടുകളുടെ സുരക്ഷക്ക് പോലീസിനെ കൂടാതെ കേന്ദ്രസേനയുടെയും ബെംഗളൂരുവില്‍ ക്രമസമാധാന പാലനത്തിനായി 62,000 പോലീസുകാരുടെയും സേവനം ഉറപ്പു വരുത്തിയിരുന്നു.
ബന്ദിനെ തുടര്‍ന്ന് മൈസൂരു വഴി കേരളത്തിലേക്കുള്ള കര്‍ണാടക- കേരള ആര്‍ ടി സികളുടെ പകല്‍ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ബി എം ടി സി ബസുകളും സര്‍വീസ് നടത്തിയില്ല. ഓട്ടോ- ടാക്‌സികളും ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടഞ്ഞുകിടന്നു. സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരു കോര്‍പറേഷന്റെ കീഴിലുള്ള ഓഫീസുകളും പ്രവര്‍ത്തിച്ചില്ല. തമിഴ്‌നാടിന് വെള്ളം നല്‍കുന്ന കൃഷ്ണരാജ് സാഗര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന മാണ്ഡ്യയില്‍ പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോലം കത്തിച്ചും റോഡ് ഉപരോധിച്ചുമാണ് പ്രതിഷേധം കനക്കുന്നത്. കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് അടിമുടി താളം തെറ്റിയ നിലയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബസുകള്‍ പലതും സര്‍വീസ് നടത്താന്‍ സാധിക്കാതെ ബെംഗളൂരുവിലും മൈസൂരുവിലുമായി നിര്‍ത്തിയിട്ടിരിക്കുകയാണ്.
ഇന്നലെ പുലര്‍ച്ചെ ഏഴ് മുതലുള്ള സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചു. ഇത് ബെംഗളൂരുവിലെ മലയാളികളെ ഏറെ പ്രതിസന്ധിയിലാക്കി. ഓണം, പെരുന്നാള്‍ അവധികള്‍ക്ക് നാട്ടിലെത്താന്‍ കഴിയാതെ പലരും പ്രയാസപ്പെടുകയാണ്.

 

Latest