ഫലസ്തീന്‍- ഇസ്‌റാഈല്‍ ചര്‍ച്ച പുനരാരംഭിക്കും: റഷ്യ

Posted on: September 9, 2016 6:00 am | Last updated: September 9, 2016 at 12:32 am
SHARE
മഹ്മൂദ് അബ്ബാസും നെതന്യാഹുവും (ഫയല്‍)
മഹ്മൂദ് അബ്ബാസും നെതന്യാഹുവും (ഫയല്‍)

മോസ്‌കോ: രണ്ട് വര്‍ഷത്തിന് ശേഷം ഫലസ്തീന്‍- ഇസ്‌റാഈല്‍ സമാധാന ചര്‍ച്ച റഷ്യയുടെ ഇടപെടലിനെ തുടര്‍ന്ന് പുനഃസ്ഥാപിക്കുന്നു. മോസ്‌കോയില്‍ ചര്‍ച്ച നടത്താന്‍ തത്വത്തില്‍ തീരുമാനമായെന്നും മധ്യപൗരസ്ത്യ ദേശത്തെ രാജ്യങ്ങളിലെ സമാധാന ചര്‍ച്ചകള്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് റഷ്യ പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ കൂടിക്കാഴ്ചക്ക് തീരുമാനിച്ചതായി റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖാരോവ വ്യക്തമാക്കി. കൃത്യമായ സമയത്താണ് ചര്‍ച്ച നടക്കുന്നതെന്ന് സഖാരോവ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ലോകം ഉറ്റുനോക്കുന്ന സമാധാന ചര്‍ച്ചയുടെ സ്വഭാവം എങ്ങനെയാകുമെന്ന് റഷ്യ പുറത്തുവിട്ടിട്ടില്ല. മോസ്‌കോയില്‍ നിശ്ചയിച്ച കൂടിക്കാഴ്ച ഇസ്‌റാഈലിന്റെ ആവശ്യപ്രകാരം മാറ്റിവെച്ചിട്ടുണ്ടെന്ന് അബ്ബാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂടാതെ കുടിയേറ്റ പ്രദേശത്ത് പുതിയ കെട്ടിടങ്ങള്‍ പണിയുന്നത് ഇസ്‌റാഈല്‍ അവസാനിപ്പിക്കുകയും നേരത്തെ അംഗീകരിച്ച പ്രകാരം ഫലസ്തീന്‍ തടവുപുള്ളികളെ വിട്ടയക്കുകയും ചെയ്താല്‍ മാത്രമേ നെതന്യാഹുവമായി ചര്‍ച്ചക്ക് താന്‍ തയ്യാറാകുകയുള്ളൂവെന്നും അബ്ബാസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഉപാധികളൊന്നുമില്ലാത്ത ചര്‍ച്ചക്ക് മാത്രമാണ് താന്‍ സന്നദ്ധമെന്ന് നെതന്യാഹു അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമാധാന ചര്‍ച്ച പുനഃസ്ഥാപിക്കുമെന്ന റഷ്യയുടെ പ്രസ്താവന.