Connect with us

International

അഫ്ഗാന്റെ തെക്കന്‍ പ്രവിശ്യ ലക്ഷ്യമാക്കി താലിബാന്‍

Published

|

Last Updated

ഉറുസ്ഗാനില്‍ ആക്രമണം നടത്തുന്ന താലിബാന്‍ തീവ്രവാദികള്‍

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തെക്കന്‍ പ്രവിശ്യയായ ഉറുസ്ഗാന്റെ തലസ്ഥാനം പിടിച്ചെടുക്കാന്‍ താലിബാന്‍ തീവ്രവാദികള്‍ യുദ്ധസജ്ജരായി നീങ്ങുന്നുവെന്ന് സര്‍ക്കാര്‍. തുടര്‍ ദിവസങ്ങളില്‍ കനത്ത ഏറ്റുമുട്ടലിന് ഇടയാകാന്‍ സാധ്യതയുള്ള തരിന്‍ഖോട്ട് നിന്ന് മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചതായി അഫ്ഗാന്‍ വക്താക്കള്‍ അറിയിച്ചു. പോലീസ് ആസ്ഥാനത്തിന് കേവലം 100 മീറ്റര്‍ അകലെ നിലയുറപ്പിച്ച തീവ്രവാദികള്‍ ആക്രമണം ആരംഭിച്ചതായി പോലീസ് വക്താക്കള്‍ പറയുന്നു. 70,000 ജനങ്ങള്‍ അധിവസിക്കുന്ന തരിന്‍ഖോട്ട് സങ്കീര്‍ണാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, താലിബാനെ പ്രതിരോധിക്കാന്‍ അഫ്ഗാന്‍ സൈന്യം സജ്ജമായിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രലായം അറിയിച്ചു.
തരിന്‍ഖോട്ടിലെ പോലീസ് ആസ്ഥാനം, സൈനിക കേന്ദ്രം തുടങ്ങിയ പ്രധാന നയതന്ത്ര മേഖലകളെല്ലാം സുരക്ഷിതമാണെന്നും കൂടുതല്‍ സൈന്യത്തെ ഉറുസ്ഗാനിലേക്ക് അയച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വക്താവ് മുഹമ്മദ് റദ്മാനിഷ് വ്യക്തമാക്കി. ഉറുസ്ഗാനില്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അഫ്ഗാന്റെ പ്രതിരോധ സംവിധാനങ്ങള്‍ ഭേദിച്ച് തങ്ങള്‍ ഉറുസ്ഗാനിലെ തന്ത്രപ്രധാന പ്രദേശത്തെത്തിയതായി താലിബാന്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു. തീവ്രവാദികളെ പ്രതിരോധിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ തരിന്‍ഖോട്ട് താലിബാന്റെ നിയന്ത്രണത്തിലാകുന്ന മൂന്നാമത്തെ പ്രവിശ്യാ തലസ്ഥാനമാകും. കുന്ദുസ്, ലശ്്കര്‍ ഗാഹ് എന്നി പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം ഇതിനകം താലിബാന്‍ പിടിച്ചെടുത്തിട്ടുണ്ട്.
താലിബാനും സൈന്യവും തമ്മില്‍ ആക്രമണം ആരംഭിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉറുസ്ഗാനെ താലിബാന് വിട്ടുകൊടുക്കില്ലെന്നും എന്ത് വിലകൊടുത്തും പ്രതിരോധിക്കുമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനിയുടെ ഓഫീസ് വ്യക്തമാക്കി. സൈന്യവും താലിബാനും കൂടുതല്‍ ശക്തി പുറത്തെടുക്കുന്നതോടെ തെക്കന്‍ അഫ്ഗാന്‍ യുദ്ധ പ്രതീതിയിലാകും.
യു എസിന്റെ പിന്‍ബലമുള്ള അഫ്ഗാന് സൈന്യത്തിന് താലിബാനെ പ്രതിരോധിക്കാന്‍ സാധിക്കുന്നില്ലെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. ഇസില്‍ ഭീകരര്‍ സിറിയയില്‍ നിലുറപ്പിക്കുന്നതിന് പിന്നാലെ താലിബാനും ശക്തിപ്പെട്ടുവരികയാണ്.

Latest