ട്രംപ് കിറുക്കനെന്ന് ഒബാമ

Posted on: September 9, 2016 6:00 am | Last updated: September 9, 2016 at 12:27 am
SHARE

വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വഌമീര്‍ പുടിനെ പ്രശംസിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. ട്രംപ് കിറുക്കനും വിവരമില്ലാത്തയാളുമാണെന്ന് ലാവോസില്‍ ഒബാമ പറഞ്ഞു. ഓരോ ദിവസം കഴിയുന്തോറും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യനല്ലെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഒരു അഭിപ്രായവും അമേരിക്കക്ക് സ്വീകരിക്കാനാകില്ല. എന്താണ് പറയേണ്ടതെന്നും എന്താണ് യഥാര്‍ഥത്തില്‍ അര്‍ഥമാക്കുന്നതെന്നും അത് എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്നും പഠിച്ച് വേണം സംസാരിക്കാനെന്നും ഒബാമ പറഞ്ഞു.
ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ട്രംപ് വിവാദ പരാമര്‍ശം നടത്തിയത്. ദീര്‍ഘകാലം രാജ്യത്തെ നയിച്ച നേതാവാണ് പുടിനെന്നും വലിയ ഗുണഗണങ്ങളുള്ളയാളാണ് അദ്ദേഹമെന്നും ട്രംപ് വാഴ്ത്തുന്നു.