Connect with us

Kerala

ജയില്‍വാസത്തിനിടെ കൈ ഒടിഞ്ഞ സംഭവം: 10000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്

Published

|

Last Updated

തിരുവനന്തപുരം: അബ്കാരി കേസ് പ്രതിയുടെ കൈ സബ് ജയില്‍ വാസത്തിനിടയില്‍ ഒടിഞ്ഞ സംഭവത്തില്‍ സര്‍ക്കാര്‍ പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പെരുംകുഴി മംഗ്ലാവ് വീട്ടില്‍ എന്‍ ചന്ദ്രന്റെ കൈ ഒടിഞ്ഞ കേസിലാണ് ഉത്തരവ്. കോടതിയില്‍ നിന്നും റിമാന്‍ഡ് ചെയ്ത് ജയിലിലെത്തിയ തന്റെ കൈ ജയില്‍ ഉദേ്യാഗസ്ഥര്‍ റൂള്‍ തടി കൊണ്ടടിച്ച് ഒടിച്ചെന്നാണ് പരാതി. കമ്മീഷന്റെ നിര്‍ദേശാനുസരണം അധികൃതര്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ കുറ്റം നിഷേധിച്ചു.
ഒരാള്‍ കസ്റ്റഡിയിലോ ജയിലിലോ ആയിരിക്കുമ്പോള്‍ അയാള്‍ സര്‍ക്കാര്‍ കസ്റ്റഡിയിലാണെന്ന് കമ്മീഷന്‍ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ നിരീക്ഷിച്ചു. ജയിലില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ചന്ദ്രന്റെ കൈയ്ക്ക് ഒടിവില്ലായിരുന്നു.
കൈ വേദനയെക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ വൈദ്യ പരിശോധന പോലും നടത്തിയില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കിയ ശേഷം ഉത്തരവാദികളായ ഉദേ്യാഗസ്ഥരില്‍ നിന്നും വിശദീകരണം ചോദിച്ച് സര്‍ക്കാറിന് ഈടാക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. 2015 മാര്‍ച്ച് 24 നായിരുന്നു സംഭവം.

Latest