ഫുട്‌ബോള്‍ നിര്‍ത്തുന്നു, ഇനി സംഗീതം: റൊണാള്‍ഡീഞ്ഞോ

Posted on: September 9, 2016 6:00 am | Last updated: September 8, 2016 at 11:58 pm
SHARE

ronaldinjoമിലാന്‍: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ ഒരു വര്‍ഷത്തിനുള്ളില്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കും. രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് പിന്‍വാങ്ങിയ റൊണാള്‍ഡീഞ്ഞോക്ക് ഇപ്പോള്‍ കളിക്കാന്‍ ക്ലബ്ബില്ലാത്ത അവസ്ഥയാണ്. ഇറ്റാലിയന്‍ സീരി എയിലെ പുതിയ ടീം പെസ്‌കാരയുമായി ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും എങ്ങുമെത്തിയിട്ടില്ല.
മുപ്പത്താറ് വയസുകാരനായ റൊണാള്‍ഡീഞ്ഞോ ബാഴ്‌സലോണ, മിലാന്‍ ക്ലബ്ബുകളുടെ സൂപ്പര്‍ താരമായിരുന്നു. കഴിഞ്ഞ വര്‍ഷം ബ്രസീലിയന്‍ ക്ലബ്ബ് ഫഌമിനെന്‍സുമായി പിരിഞ്ഞതിന് ശേഷം റൊണാള്‍ഡീഞ്ഞോ പുതിയ ക്ലബ്ബ് കണ്ടെത്താനുള്ള ചര്‍ച്ചകളിലാണ്.
എനിക്കിപ്പോള്‍ പ്രായം ഇരുപത്താറല്ല, മുപ്പത്താറാണ്. കരിയര്‍ അവസാനിപ്പിക്കാനുള്ള സമയം ആയിരിക്കുന്നു. ഒരു വര്‍ഷം കൂടി കളിക്കണം എന്നൊരാഗ്രഹമുണ്ട്. പുതിയ പദ്ധതികള്‍ മനസിലുണ്ട്. ഫുട്‌ബോളും സംഗീതവുമാണ് എന്റെ ലോകം. സ്വപ്‌നതുല്യമായ ജീവിതമാണ് നയിച്ചത്. ഞാനെല്ലാം സ്വന്തമാക്കി.ഏറ്റവും മികച്ച നിമിഷം ഏതെന്ന് ചോദിച്ചാല്‍ അങ്ങനെയൊന്നില്ല. എല്ലാ നിമിഷവും ആസ്വദിച്ചു – റൊണാള്‍ഡീഞ്ഞോ പറഞ്ഞു.
ബ്രസീലിന് ലോകകപ്പും ബാഴ്‌സലോണക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിക്കൊടുത്ത സൂപ്പര്‍ താരം 2008 മുതല്‍ 2011 വരെ മിലാന്റെ താരമായിരുന്നു. 95 മത്സരങ്ങളില്‍ മിലാന് വേണ്ടി 26 ഗോളുകള്‍ നേടിയ റോണോ 31 ഗോളവസരം സൃഷ്ടിച്ചും സൂപ്പര്‍ കരിയറിലെ അവസാന ഘട്ടം ആഹ്ലാദത്തിന്റെതാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here