Connect with us

Kerala

ആരാധനാലയങ്ങള്‍ ആയുധപ്പുരകളാക്കരുത്: മന്ത്രി ജലീല്‍

Published

|

Last Updated

മണ്ണഞ്ചേരി: ആരാധനാലയങ്ങള്‍ ആയുധപ്പുരകളാക്കുകയല്ല മറിച്ച് സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും കേന്ദ്രങ്ങളായി മാറുകയാണ് വേണ്ടതെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീല്‍. വ്യാപാരി വ്യവസായി സമിതി മണ്ണഞ്ചേരി യൂനിറ്റിന്റെ നേതൃത്വത്തിലുള്ള ഓണോല്‍സവ് 2016 വ്യാപാരമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ പരസ്പരം അടുക്കുകയും ഇടപഴകി ജീവിക്കുകയും ചെയ്യുമ്പോഴാണ് നാട്ടില്‍ സമൃദ്ധിയുണ്ടാകുന്നത്. ഓരോരുത്തരും അവരവരുടെ ലാവണങ്ങളില്‍ ചേക്കേറുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. ഹിന്ദുക്കള്‍ അമ്പലങ്ങളിലും മുസ്‌ലിംകള്‍ മസ്ജിദുകളിലും ക്രിസ്ത്യാനികള്‍ പള്ളികളിലും കേന്ദ്രീകരിക്കുന്ന രീതി നല്ലതല്ല. എല്ലാവര്‍ക്കും കൂടിചേരാന്‍ പൊതു ഇടങ്ങള്‍ ഇല്ലാത്തതാണ് സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഒരു പൂന്തോട്ടത്തില്‍ ഒരേ തരം പൂക്കള്‍ മാത്രമാണെങ്കില്‍ അതിന് ചന്തം കുറയും. വ്യത്യസ്ത പൂക്കള്‍ ഉണ്ടാകുമ്പോഴാണ് അതിന് അഴകുണ്ടാകുന്നത്. പ്രകൃതിയിലും എല്ലാ ജീവജാലങ്ങളിലും ദൈവം അത് കാണിച്ചു തന്നിട്ടുണ്ട്. മതങ്ങളുടെ കാര്യവും ഇത് പോലെ തന്നെയാണ്.ഇത് മനസിലാക്കാന്‍ കഴിഞ്ഞാല്‍ എന്റെ മതമാണ് ശരി എന്ന ചിന്ത ഇല്ലാതാകും.
എല്ലാവരും ഈശ്വരന്റെ സൃഷ്ട്ടിയാണന്ന് മനസിലാക്കുമ്പോഴേ സൗഹാര്‍ദ്ദമുണ്ടാകൂ. സമത്വത്തിന്റെ ഓണവും ത്യാഗത്തിന്റെ ബലിപെരുന്നാളും ഒരുമിച്ചു വന്നിരിക്കുന്നു. ഈ അടുപ്പമാണ് രാജ്യത്തിന്റെ ദേശീയോഥ്ഗ്രദനത്തിന് കരുത്തു പകരുന്നതെന്നും ജലീല്‍ പറഞ്ഞു.