വിജിലന്‍സിന്റെ പുറപ്പാടുകള്‍

Posted on: September 9, 2016 6:00 am | Last updated: September 8, 2016 at 11:49 pm
SHARE

SIRAJവിജിലന്‍സ് സക്രിയമാകുന്നു എന്ന പ്രതീതി പൊതുസമൂഹത്തില്‍ പ്രസരിച്ചിട്ടുണ്ട്. മുന്‍ മന്ത്രിമാര്‍ക്കെതിരായ കേസുകളിലെ കര്‍ക്കശ ഇടപെടലുകള്‍, മലബാര്‍ സിമന്റ്‌സ് എം ഡിയുടെ അറസ്റ്റ്, വീടുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും റെയ്ഡ്, മൈക്രോ ഫൈനാന്‍സിലെ അന്വേഷണങ്ങള്‍, കേസുകള്‍ നേരിട്ട് നിരീക്ഷിക്കാനുള്ള വിജിലന്‍സ് ഡയരക്ടറുടെ തീരുമാനം തുടങ്ങി നിരവധി ഘടകങ്ങള്‍ ഈ തോന്നല്‍ സൃഷ്ടിക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്.
പൊതുജന സേവകരുടെ അഴിമതിയും ക്രമക്കേടുകളും കണ്ടുപിടിച്ച് തടയുന്നതിനും കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനും നിയുക്തമായ സംവിധാനം ചുറുചുറുക്കോടെ ചലിക്കുമ്പോള്‍ അപരാധികളായ പഴയ കാലത്തെ ഭരണാധികാരികള്‍ക്ക് ചങ്കിടിക്കും. നിലവിലെ ഭരണ – ഉദ്യോഗസ്ഥ നേതൃത്വങ്ങളെ തത്വദീക്ഷ പുലര്‍ത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. ക്രമക്കേട് ഉദ്ദേശിക്കുന്നവരെ അസ്വസ്ഥരാക്കും. ഈ തലത്തില്‍ നോക്കുമ്പോള്‍ ചടുലമായ വിജിലന്‍സ് ജനത്തിന് ആശ്വാസം പകരുന്നതാണ്.
അതേസമയം, ജനം അഭിലഷിക്കുന്നതു പോലെ എളുപ്പമല്ല വിജിലന്‍സിന് അഴിമതി കേസുകള്‍ മുന്നോട്ട് കൊണ്ടുപോകുക എന്നത്. ഒരുപാട് ‘കുപ്പിക്കഴുത്തുകള്‍’ ഇടക്ക് കയറിവരും. കുതറിമാറാനും കുടഞ്ഞു കളയാനും കുത്സിത നീക്കങ്ങള്‍ ഉറപ്പ്. നടപടികള്‍ക്കെതിരെ കോടതി കയറും. ലെറ്റര്‍പാട് സംഘടനകളുടെ ‘പൊതു താത്പര്യ’ ഹരജികള്‍ പോലും പ്രതീക്ഷിക്കാം. ഉപജാപങ്ങളും പണവും പൊടിപൊടിക്കും. കോടതികളില്‍ നിന്ന് പരാമര്‍ശങ്ങള്‍ തട്ടിപ്പടച്ചെടുക്കാനായാല്‍ കാര്യങ്ങള്‍ കുശാലായി. സാമാന്യമായി വരുന്ന കോടതി പരാമര്‍ശങ്ങള്‍ പ്രതിസന്ധിയിലാക്കിയാല്‍ അന്വേഷണത്തെ സര്‍ക്കാറിന് തള്ളിപ്പറയേണ്ടിവരാം. ഇത്തരം ഒളിയുദ്ധങ്ങളും ഒടുക്കത്തെ കാലതാമസവും അന്വേഷണ ഉദ്യോഗസ്ഥരുടെ ആത്മവീര്യം നഷ്ടപ്പെടുത്താറുണ്ട്. മാത്രമല്ല, ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണികളും വരും. ജനാധിപത്യ വ്യവസ്ഥയില്‍ അനിവാര്യമായ ഒരുപാട് ‘ശാപങ്ങള്‍’ മറികടന്നു വേണം കുറ്റാരോപിതര്‍ക്ക് പ്രഹരമേല്‍പ്പിക്കാന്‍.
കോഴിക്കോഴ കേസില്‍ കെ എം മാണിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത് എം കെ ദാമോദരനാണ്. എന്താണ് ഈ തിരഞ്ഞെടുപ്പിന് പിന്നില്‍ എന്നത് അത്ര ദുരൂഹമായ ഒന്നല്ല; ഒരു അറ്റകൈ പ്രയോഗം. അധികാര കേന്ദ്രങ്ങളുമായി അടുപ്പ പ്രതീതി സൃഷ്ടിച്ച് ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കി ഇളവ് തരപ്പെടുത്താമോ എന്ന അന്വേഷമാണ് അത്. ഇത്തരം കൗശലങ്ങളെ ചാടിക്കടന്നേ മതിയാകൂ ഉദ്യോഗസ്ഥര്‍ക്ക്. ‘അഡ്ജസ്റ്റ്‌മെന്റ്’ എന്ന പഴയ ആരോപണം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. നടപടികള്‍ അത് ശരിവെക്കുന്ന തരത്തിലാകാതിരിക്കാനുള്ള അധിക ജാഗ്രതയാണ് ഈ സാഹചര്യം സര്‍ക്കാറില്‍ നിന്ന് ആവശ്യപ്പെടുന്നത്.
കെ ബാബുവിനെതിരായ വിജിലന്‍സ് നടപടിയില്‍ കെ പി സി സി പ്രസിഡന്റ് സ്വീകരിച്ച നിലപാട് അസാമാന്യമാണ് എന്ന് പറയാതെ വയ്യ. ഒരു പാട് അര്‍ഥതലങ്ങളുള്ള മൗനത്തിലൂടെ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ മാനസിക ഊര്‍ജം ചെറുതല്ല. അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുള്ള രാഷ്ട്രീയ ഊര്‍ജം ഭരണകൂടത്തിനും അത് സംഭാവന ചെയ്യുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ ഇടുങ്ങിയ വിതാനത്തില്‍ നിന്ന് ഏറെ ഉയരത്തിലെത്താന്‍ ഈയൊരു മൗനത്തിലൂടെ അദ്ദേഹത്തിനായി. അഴിമതിയുടെ രാഷ്ട്രീയം എങ്ങനെ അലസമല്ലാതെ കൈകാര്യം ചെയ്യാമെന്ന് ഉദ്‌ഘോഷിക്കുന്നുണ്ട് ഈ നിലപാട്. മുന്‍ മന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയതിനെ അസാധാരണമെന്ന നിലയില്‍ നെഞ്ചില്‍ കൈ വെക്കുന്ന ചിലരുണ്ട്. അതിരുകടന്നുപോയെന്ന രോഷമാണ് അവരെ മഥിക്കുന്നത്. ഈ ആശ്ചര്യം അസംബന്ധമല്ലേ? ഇത്രയേ അന്വേഷിക്കാന്‍ പാടുള്ളൂ എന്ന് പറയുന്നതിലെ സാംഗത്യമെന്താണ്? അല്ലെങ്കില്‍ അന്വേഷണത്തെക്കുറിച്ച് ചില അലിഖിത പരിധികള്‍ പരസ്പരം പുലര്‍ത്തിപ്പോന്നിരുന്നു രാഷ്ട്രീയ കക്ഷികള്‍ എന്നാണോ?
ആളും തരവും നോക്കി അഴിമതിയില്‍ നിലപാടെടുക്കുന്നത് ഭരണത്തിലിരിക്കുന്നവര്‍ മാത്രമല്ല, അഴിമതിവിരുദ്ധരും കൂടിയാണ് എന്ന വസ്തുതയുമുണ്ട്. അഴിമതിക്കെതിരെ വലിയ മിശിഹയായി വന്ന അന്നാ ഹസാരെ കഴിഞ്ഞ ദിവസം പറഞ്ഞത് കെജ്‌രിവാളില്‍ പ്രതീക്ഷ നഷ്ടപ്പെട്ടു എന്നാണ്. വ്യാപം കുംഭകോണം, ലളിത് മോദി, കള്ളപ്പണം വിഷയങ്ങളൊക്കെയുണ്ടായിട്ടും മോദിയില്‍ ഈ ഗാന്ധിയന്‍ പ്രത്യാശാഭരിതനാണ് എന്നിടത്താണ് ഇത്തരക്കാരുടെ പരിമിതി. എതിര്‍പക്ഷക്കാരുടെ അഴിമതി മാത്രം അന്വേഷിക്കുന്ന രാഷ്ട്രീയ അശ്ലീലതയും ഇവിടുത്തെ ശീലമാണല്ലോ.
ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍, വൈരനിര്യാതനം കടന്നുകൂടാതിരിക്കാന്‍ വിജിലന്‍സും സര്‍ക്കാറും ശ്രദ്ധിക്കേണ്ടതുണ്ട്. നിക്ഷ്പക്ഷത ഉറപ്പാക്കിയാലേ ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകാനാകൂ. എടുത്തുചാട്ടങ്ങളും പോരായ്മകളും അഴിമതിക്കെതിരായ പടവുകയറ്റത്തെ പിറകോട്ടടിപ്പിക്കരുത്. അപരാധികള്‍ പ്രതിരോധത്തിനായി ആരോപണങ്ങള്‍ ഉന്നയിക്കുക സ്വാഭാവികമാണെങ്കിലും സത്യസന്ധമായി നീങ്ങിയാല്‍ അത് വിലപോകില്ല. എന്നാല്‍, ഇടര്‍ച്ചകള്‍ ആരോപണമുന്നയിക്കുന്നവര്‍ക്ക് സഹായകരമാകും. മേല്‍തട്ടില്‍ മാത്രം ഒതുങ്ങരുത് വിജിലന്‍സ് നടപടികള്‍. ചുവടെയും നിബിഡമാണ് അഴിമതിയെന്ന അത്യാചാരം. ഇവരെ കൂടി തളക്കാനുള്ള ധീരമായ നിലപാടുകള്‍ അനിവാര്യമാണ്.
മിനാരം കക്കും മുമ്പ് ബുദ്ധിമാന്‍ കിണര്‍ കുത്തും എന്നാണല്ലോ. ജനാധിപത്യത്തിലെ മിടുമിടുക്കന്മാരായ ബുദ്ധിമാന്‍മാരെല്ലാം കിണര്‍ കുത്തിയിട്ടുണ്ടാകുമെന്ന് തന്നെയാണ് ഊഹിക്കേണ്ടത്. അതുകൊണ്ട് കിണറിലിറങ്ങിത്തപ്പുന്ന വിജിലന്‍സിന് വലിയ ഇച്ഛാശക്തി വേണ്ടിവരും. അതിന് പിന്തുണയേകുന്ന ഒരു സംവിധാനമാണ് ഇവിടെയുള്ളതെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്വമാണ് ഇനി സര്‍ക്കാറിനുള്ളത്.