പഞ്ചാബ് അട്ടിമറിക്ക് കാതോര്‍ക്കുന്നു

ഒരു കാലത്തു ഹരിതവിപ്ലവത്തിന്റെയും സമൃദ്ധിയുടെയും വീരകഥകള്‍ പാടിയിരുന്ന പഞ്ചാബില്‍ ഇന്ന് കര്‍ഷകനെന്നാല്‍ ഏറ്റവും താഴ്ന്നവനാണ്. യുവാക്കളില്‍ ഭൂരിപക്ഷത്തിനും തൊഴിലില്ല. സമൂഹത്തിനു മേല്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയിരിക്കുന്നു. ഭരണക്കാരുടെ വി ഐ പി സംസ്‌കാരവും അഹന്തയും അഴിമതിയും ജനങ്ങളെ മടുപ്പിച്ചിരിക്കുന്നു. ഇതൊക്കെ മുതലെടുക്കാന്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് കഴിയുമോ എന്ന കാര്യം ആലോചിക്കേണ്ടതാണ്. ബീഹാറില്‍ മഹാ സഖ്യത്തിന് വിജയമൊരുക്കിയ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രം മെനയാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയവിദ്വേഷം വളര്‍ത്തി അതിലുടെ വോട്ട് നേടുന്ന രീതി യു പി അടക്കം നിരവധി സംസ്ഥാനങ്ങളില്‍ വിജയിച്ച സാഹചര്യത്തില്‍ പഞ്ചാബിലും ഇതിനു തന്നെ ബി ജെ പി ശ്രമിക്കുന്നു.
Posted on: September 9, 2016 6:00 am | Last updated: September 8, 2016 at 11:44 pm

പട്യാലയില്‍ നിന്ന് 20 കി. മീ ദൂരെയുള്ള നര്‍ദ ഗ്രാമത്തിലെ ദരിദ്രനായ വൃദ്ധന്‍ ധരംപാല്‍ റോഡിന്റെ അരികത്ത് കേബിള്‍ ഇടാന്‍ തോടുവെട്ടുമ്പോഴാണ് ഹിന്ദു പത്രത്തിന്റെ ലേഖകന്‍ അവിടെ എത്തുന്നത്. സമയം നട്ടുച്ച. പഞ്ചാബിലെ രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരു സംശയവുമില്ലാതെ അദ്ദേഹം മറുപടി പറഞ്ഞു: ഇവിടമാകെ ആം ആദ്മിയാണ്. എല്ലാ ദരിദ്രരും ചൂലെടുത്തിരിക്കുന്നു. കോണ്‍ഗ്രസും അകാലികളും ഞങ്ങളെ വഞ്ചിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ മാറുന്നത്. ഇത് ഒരു ഗ്രാമത്തിന്റെ മാത്രം ശബ്ദമല്ലെന്നു പഞ്ചാബില്‍ കഴിഞ്ഞ നാല് മാസത്തിനിടയില്‍ മൂന്ന് ചാനലുകള്‍ നടത്തിയ തിരെഞ്ഞെടുപ്പ് സര്‍വേ ഫലങ്ങളും പറയുന്നു. ആകെയുള്ള 117 മണ്ഡലങ്ങളില്‍ 100 എണ്ണം വരെ ആം ആദ്മി നേടുമെന്ന് അവരെല്ലാം പ്രവചിക്കുന്നു.
പത്ത് വര്‍ഷത്തെ അകാലി ഭരണം അവിടത്തെ ജനങ്ങളെ കടുത്ത ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു. ജനങ്ങളുടെ, പ്രത്യേകിച്ചും കര്‍ഷകരുടെ കടബാധ്യത 60,000 കോടി രൂപയില്‍ അധികമാണ്. പ്രതിമാസം ശരാശരി 23 കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നത്. കര്‍ഷകര്‍ വാങ്ങുന്ന എല്ലാറ്റിനും വില കൂടുമ്പോള്‍ അവര്‍ ഉത്പാദിപ്പിക്കുന്നവക്കെല്ലാം വില കുറയുന്നു. ധാന്യ കുത്തക സംഭരണ ചുമതല ഇപ്പോള്‍ റിലയന്‍സിനും മറ്റുമാണ്. അവര്‍ വില നിയന്ത്രിക്കുന്നു. ഇത് തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല, അവരെ സഹായിക്കുകയുമാണ്. ഒരു കാലത്തു ഹരിതവിപ്ലവത്തിന്റെയും സമൃദ്ധിയുടെയും വീരകഥകള്‍ പാടിയിരുന്ന പഞ്ചാബില്‍ ഇന്ന് കര്‍ഷകനെന്നാല്‍ ഏറ്റവും താഴ്ന്നവനാണ്. യുവാക്കളില്‍ മഹാ ഭൂരിപക്ഷത്തിനും തൊഴില്‍ ലഭിക്കുന്നില്ല. സമൂഹത്തിനു മേല്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയിരിക്കുന്നു. ഭരണക്കാരുടെ വി ഐ പി സംസ്‌കാരവും അഹന്തയും അഴിമതിയും ജനങ്ങളെ മടുപ്പിച്ചിരിക്കുന്നു. ഇതൊക്കെ മുതലെടുക്കാന്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് കഴിയുമോ എന്ന കാര്യം ആലോചിക്കേണ്ടതാണ്. ബീഹാറില്‍ മഹാ സഖ്യത്തിന് വിജയമൊരുക്കിയ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രം മെനയാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്താകെ നാനൂറിലധികം സീറ്റുകളില്‍ മത്സരിച്ചിട്ടു പാര്‍ട്ടിക്ക് ജയിക്കാനായത് നാലിടത്ത് മാത്രം. എല്ലാം പഞ്ചാബില്‍ തന്നെ. അന്നതൊരു അത്ഭുതം തന്നെ ആയിരുന്നു. കൃത്യമായ ഒരു സംഘാടനം അവിടെ ഇല്ലായിരുന്നു. പക്ഷെ അതെല്ലാം പഴങ്കഥയാകും വിധത്തിലാണ് അവിടെ പാര്‍ട്ടിയില്‍ അന്തഃഛിദ്രം ഉയര്‍ന്നു വന്നത്. അന്ന് ജയിച്ചവരില്‍ രണ്ട് എം പിമാരെ(ധരം വീര്‍ ഗാന്ധി, ഹരീന്ദര്‍ സിംഗ് ഖല്‍സ) അച്ചടക്ക ലംഘനത്തിന് പുറത്താക്കേണ്ടി വന്നു. താഴെത്തട്ടില്‍ സംഘടന ഇല്ലാതിരുന്നതിനാല്‍ യാതൊരു വിധ രാഷ്ട്രീയ ഇടപെടലുകളും സാധ്യമല്ലാതായി. പക്ഷെ, പാര്‍ട്ടി നേതൃത്വത്തിന് ഒരു കാര്യം അറിയാമായിരുന്നു, ജനങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടിയുടെ ആശയങ്ങളില്‍ താല്‍പര്യമുണ്ട്, പ്രതീക്ഷയുണ്ട്. എന്നാല്‍ തമ്മിലടിക്കുന്ന ഒരു കൂട്ടം വളണ്ടിയര്‍മാരെ ജനങ്ങള്‍ വിശ്വസിക്കുന്നില്ല. പ്രതിസന്ധി മറികടക്കാന്‍ അല്‍പം ജനാധിപത്യ വിരുദ്ധമായ വഴി കേന്ദ്ര നേതൃത്വം സ്വീകരിച്ചു. 27 വയസ്സ് മാത്രം പ്രായമുള്ള ദുര്‍ഗേശ പഥക് എന്ന യുവാവിനെ 2015 ഏപ്രിലില്‍ പഞ്ചാബിലേക്കു നിയോഗിച്ചു. ഐ എ എസ് മോഹവുമായി ദില്ലിയില്‍ പഠിച്ചിരുന്ന ഇദ്ദേഹം അരവിന്ദ് കെജ്‌രിവാളിന്റെ കൂടെ കൂടുകയായിരുന്നു. ദില്ലിയില്‍ സംഘടന കെട്ടിപ്പടുക്കുന്നതിലൂടെ സ്വന്തം ശേഷി തെളിയിച്ചതിനാലാണ് ഈ ചുമതല പാര്‍ട്ടി അദ്ദേഹത്തിന് നല്‍കിയത്. സംസ്ഥാനത്തെ 22 ജില്ലകളില്‍ അമ്പത് ദിവസം അദ്ദേഹം സന്ദര്‍ശനം നടത്തി. വളന്റിയര്‍മാര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക മാത്രം ചെയ്തു. തുടര്‍ന്ന് അവിടേക്ക് അമ്പതംഗ സംഘത്തെ കേന്ദ്ര നേതൃത്വം നിയോഗിച്ചു. സംസ്ഥാനത്തിന് ചേരുന്ന ഒരു സംഘടനാ സംവിധാനം അവര്‍ രൂപപ്പെടുത്തി. യുവജനം, വനിതകള്‍, വിദ്യാര്‍ഥികള്‍, ബുദ്ധിജീവികള്‍, കര്‍ഷകര്‍, വളണ്ടിയര്‍ എന്നിങ്ങനെ വിവിധ സെല്ലുകള്‍ ഉണ്ടാക്കി.
ഓരോ അസംബ്ലി മണ്ഡലവും വിഭജിച്ചു 1,400 സര്‍ക്കിളുകള്‍ ഉണ്ടാക്കി. മൊത്തം 39 സെക്ടറുകളും തിരിച്ചു. ഓരോ ബൂത്തിലും അഞ്ച് മുതല്‍ പത്ത് വരെ വളണ്ടിയര്‍മാരെ കണ്ടെത്തി. 30 ലക്ഷം വീടുകള്‍ സന്ദര്‍ശിച്ചു. മിസ്‌കോള്‍ സംവിധാനവും പ്രയോഗിച്ചു. മൊത്തം 25 ലക്ഷം അംഗങ്ങളെ ചേര്‍ത്തു. ആറ് ലക്ഷം ഫോണ്‍ നമ്പറുകള്‍ ശേഖരിച്ചു. ഇതിന്റെ എല്ലാം കൃത്യമായ ഡാറ്റാ ശേഖരണം നടത്തി. രണ്ടാഴ്ചക്കകം എല്ലാ അംഗങ്ങള്‍ക്കും കെജ്‌രിവാളിന്റെ ഒരു സന്ദേശം എത്തിച്ചു. വനിതാ യുവജന വിഭാഗങ്ങള്‍ മയക്കുമരുന്നിനെതിരെ ശക്തമായ പ്രചാരണ പരിപാടികള്‍ നടത്തി. പാര്‍ട്ടി നല്‍കിയ ചോദ്യാവലി അഞ്ച് ലക്ഷം വനിതകള്‍ പൂരിപ്പിച്ചു നല്‍കി. ഗ്രാമങ്ങളിലടക്കം നിരവധി യോഗങ്ങള്‍ സംഘടിപ്പിച്ചു. കര്‍ഷകര്‍, പട്ടിക ജാതി വിഭാഗങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെല്ലുകളും പ്രചാരണ രംഗത്തെത്തി. ‘പഞ്ചാബ് ഡയലോഗ്’ എന്ന പേരില്‍ വിവിധ വിഭാഗം ജനങ്ങള്‍ക്കിടയില്‍ നടന്ന ചര്‍ച്ചകളിലൂടെ അവര്‍ക്കു യോജിച്ച മാനിഫെസ്റ്റോകള്‍ രൂപപ്പെടുത്തി. മുപ്പതിനായിരത്തില്‍ പരം പേര്‍ ഈ ഡയലോഗുകളില്‍ പങ്കെടുത്തു. മുവായിരത്തിലധികം നിര്‍ദേശങ്ങള്‍ എഴുതിയും അഞ്ഞൂറിലധികം നിര്‍ദേശങ്ങള്‍ ഇ മെയില്‍ വഴിയും കിട്ടി. യുവാക്കളുടെയും കര്‍ഷകരുടെയും ദളിതരുടെയും മാനിഫെസ്‌റ്റോകള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ‘പഞ്ചാബ് ബചാവോ, ബാദല്‍ ബാഗാവോ'(പഞ്ചാബിനെ രക്ഷിക്കൂ, ബാദലിനെ ഓടിക്കൂ) എന്ന പ്രചാരണം ജനങ്ങള്‍ ഏറ്റെടുത്തു.
പ്രസിദ്ധ ഗായിക ഗുര്‍ പ്രീത് സിംഗിനെപ്പോലുള്ള പ്രമുഖ ജനപ്രിയ വ്യക്തിത്വങ്ങള്‍ പാര്‍ട്ടിയില്‍ വന്നതോടെ അക്ഷരാര്‍ഥത്തില്‍ ജനങ്ങളുടെ ഒഴുക്കായി. ഏഴ് മാസങ്ങള്‍ക്കിടയില്‍ എട്ട് തവണ കെജ്‌രിവാള്‍ പഞ്ചാബില്‍ പര്യടനം നടത്തി. പത്ത് ലക്ഷം ദളിത് കുടുംബങ്ങളെ വളണ്ടിയര്‍മാര്‍ നേരില്‍ കണ്ടുകഴിഞ്ഞു. ബി എസ് പി സ്ഥാപകനായ കാന്‍ഷി റാമിന്റെ അമ്മയെ കെജ്‌രിവാള്‍ റോപ്പറില്‍ ചെന്നു കണ്ടു. നാല് ലക്ഷത്തിലധികം കര്‍ഷകര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ രണ്ട് ഘട്ടങ്ങളിലായി നാല്‍പതിലധികം സ്ഥനാര്‍ഥികളെ പ്രഖ്യാപിച്ചു. മറ്റൊരു കക്ഷിയും ഇത് വരെ ഒരാളെ പോലും പ്രഖ്യാപിച്ചിട്ടില്ല. വിദേശ ഇന്ത്യക്കാര്‍ ഒട്ടനവധിയുള്ള സംസ്ഥാനമാണ് പഞ്ചാബ്. അവരില്‍ മഹാ ഭൂരിപക്ഷവും ആം ആദ്മിക്കൊപ്പമാണ്. അവര്‍ നല്‍കുന്ന സാമ്പത്തിക സഹായമാണ് പഞ്ചാബില്‍ പാര്‍ട്ടിയുടെ പ്രധാന ശക്തി.
ഇപ്പറഞ്ഞതൊന്നും പാര്‍ട്ടിയുടെ വഴി സുഗമമാക്കുന്നില്ല. വ്യവസ്ഥാപിത കക്ഷികളും അവര്‍ക്കു പിന്തുണ നല്‍കുന്ന സ്ഥാപിത താല്‍പര്യക്കാരും ആം ആദ്മിക്കെതിരെ ചെയ്യാവുന്നതെല്ലാം ചെയ്യുമല്ലോ. നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആര് എന്നതാണ് അവര്‍ ഉയര്‍ത്തിയ ഒരു പ്രധാന ചോദ്യം. അകാലി നേതാവ് പ്രകാശ് സിംഗ് ബാദലും മകനും പോലെ, കോണ്‍ഗ്രസിന്റെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പോലെ സംസ്ഥാനം മുഴുവന്‍ അറിയപ്പെടുന്ന ഒരു നേതാവ് ആം ആദ്മിക്കില്ല എന്നതാണ് അവര്‍ പറയുന്നതിനര്‍ഥം. എന്നാല്‍ നേതാവല്ല പാര്‍ട്ടി മുന്നോട്ടു വെക്കുന്ന ആശയങ്ങളിലാണ് വിശ്വാസം എന്ന് ജനങ്ങള്‍ പറയുന്നു. പ്രസിദ്ധരായ നേതാക്കള്‍ ഇക്കാലമത്രയും തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നവര്‍ക്കറിയാം.
ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ മറ്റു നിരവധി പ്രചാരണങ്ങളും എതിരാളികള്‍ നടത്തി. അവസാനം കെജ്‌രിവാള്‍ തന്നെ പഞ്ചാബ് മുഖ്യനാകും എന്ന് വരെ പ്രചരിപ്പിച്ചു. ഇതുവഴി അദ്ദേഹം ദില്ലിയെ വഞ്ചിക്കുന്നുവെന്നും പഞ്ചാബിയല്ലാത്ത, അതും ഹരിയാനക്കാരനായ ഒരാള്‍ പഞ്ചാബിന്റെ ഭരണാധികാരിയാകുന്നുവെന്നും പ്രചരിപ്പിച്ചു. പ്രാദേശിക വികാരം ഉയര്‍ത്താനായിരുന്നു ശ്രമം. താന്‍ അതിനെപറ്റി ചിന്തിക്കുന്നതേയില്ലെന്നു കെജ്‌രിവാള്‍ പറഞ്ഞതോടെ അത് കെട്ടടങ്ങി.
തുടക്കകാലം മുതല്‍ സംസ്ഥാന കണ്‍വീനര്‍ ആയിരുന്ന സച്ചാ സിംഗ് ചോട്ടെപുര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഒരു സാധ്യതയാണെന്ന് പലരും ഉയര്‍ത്തിക്കാട്ടി. ഒപ്പം എം പി യായ ഭഗവന്ത സിംഗ് മാനും എച്ച് എസ് ഫുല്‍ക്കായും പട്ടികയില്‍ ഇടം പിടിച്ചു. സച്ചാസിംഗ് ഒരാളില്‍ നിന്നും പണം വാങ്ങുന്ന വീഡിയോ പുറത്തുവന്നതോടെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് ഈ മാസം ആദ്യം പുറത്താക്കി. ഇത് പാര്‍ട്ടിയുടെ ജയസാധ്യതയെ ബാധിക്കില്ലേ എന്ന ചോദ്യത്തിന് കെജ്‌രിവാള്‍ നല്‍കിയ മറുപടി ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പില്‍ എന്തും സംഭവിക്കട്ടെ, തെറ്റ് ചെയ്ത ഒരാളെയും ഈ പാര്‍ട്ടിക്ക് വേണ്ടാ എന്നായിരുന്നു മറുപടി. പാലിമെന്റിനകത്തു വീഡിയോ എടുത്തു എന്ന ആരോപണം ഉയര്‍ന്നത് ഭാഗവന്ത് സിംഗ് മാനിനെതിരെയാണ്. അതിനെ സംബന്ധിച്ച് പാര്‍ലിമെന്റ് സമിതി അന്വേഷിക്കുന്നുണ്ട്.
ഇതിനിടയിലാണ് ബി ജെ പി യുടെ രാജ്യസഭാംഗവും മുന്‍ ദേശീയ ക്രിക്കറ്റ് താരവും ഇപ്പോള്‍ കമന്‍ഡേറ്ററുമായ നവജ്യോത്‌സിംഗ് സിദ്ദു ബി ജെ പി വിട്ടത്. അദ്ദേഹം ആം ആദ്മിയില്‍ ചേരുന്നു എന്ന വാര്‍ത്ത പരന്നു. മാധ്യമങ്ങള്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് സിദ്ദുവെന്ന പ്രചാരണവും നടത്തി. എന്നാല്‍ ഇത്ര ജനപ്രിയ വ്യക്തിത്വമായിട്ടും പാര്‍ട്ടി അതിന്റെ തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ തയ്യാറായില്ല. ബി ജെ പിക്കെതിരെ അദ്ദേഹമെടുത്ത നിലപാടിനെ സ്വാഗതം ചെയ്‌തെങ്കിലും സ്ഥാനം സംബന്ധിച്ച ഒരു ഉറപ്പും നല്‍കാനാകില്ലെന്ന് ഉറപ്പിച്ചു തന്നെ പറഞ്ഞു. അദ്ദേഹം മുഖ്യമന്ത്രി പദവിയും സ്വന്തം ഭാര്യക്ക് ഒരു മണ്ഡലവും വേണമെന്നാണത്രെ ആവശ്യപ്പെട്ടത്. ഇതൊന്നും നടപ്പില്ല എന്ന് കണ്ടതോടെ അദ്ദേഹം സ്വന്തം പാര്‍ട്ടയുണ്ടാക്കി. അധികാരമോഹം കൊണ്ട് വിശ്വാസ്യത കളഞ്ഞു കുളിച്ച ഒരാള്‍ക്ക് കയറി വരാവുന്ന ഒരിടമല്ലിതെന്ന് പാര്‍ട്ടി തെളിയിക്കുകയായിരുന്നു.
സിക്ക് തീവ്രവാദികളായ വിദേശ ഇന്ത്യക്കാരില്‍ നിന്ന് സംഭാവനകള്‍ സ്വീകരിച്ചാണ് ആം ആദ്മി പാര്‍ട്ടി വളര്‍ത്തുന്നതെന്നായിരുന്നു മറ്റൊരു ആരോപണം. ഭരണഘടനയില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു കക്ഷിയെന്ന നിലയില്‍ ഏതൊരു വിഘടനവാദത്തെയും പിന്താങ്ങാന്‍ പാര്‍ട്ടിക്ക് കഴിയില്ല. തന്നെയുമല്ല സംഭാവനയായി കിട്ടുന്ന ഓരോ പൈസയും വളരെ സുതാര്യമായിരിക്കണമെന്ന് നിര്‍ബന്ധമുള്ള പാര്‍ട്ടിയാണിത്. എല്ലാ വരവുകളും തത്സമയം എല്ലാവര്‍ക്കും കാണാവുന്ന വിധത്തില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നു. പണം വാങ്ങിയ സംഭവത്തില്‍ ഉന്നത നേതാവ് സചാ സിംഗിനെ പുറത്താക്കിയപ്പോള്‍ പഞ്ചാബി വികാരം ഇളക്കി വിടാന്‍ നടത്തിയ ശ്രമങ്ങളും വിഫലമായി. ആം ആദ്മിക്കു ചരിത്രത്തിന്റെ പിന്‍ബലമില്ല എന്ന വസ്തുത അംഗീകരിക്കേണ്ടിവരും. ഇന്ത്യയില്‍ രൂപപ്പെട്ട പ്രത്യേക സാഹചര്യത്തിന്റെ സൃഷ്ടിയാണിത്.
കെജ്‌രിവാളില്‍ തനിക്കു വിശ്വാസം നഷ്ടപ്പെട്ടു എന്ന് അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ അണ്ണാ ഹസാരെ ഈയടുത്ത കാലത്ത് നടത്തിയ പ്രസ്താവനയില്‍ ഒരത്ഭുതവുമില്ല. അണ്ണാ ഒരിക്കലും പാര്‍ട്ടി രൂപവത്കരണത്തെ പിന്താങ്ങിയിട്ടില്ല. രണ്ടാം വട്ടം നിരാഹാര സമരം നടന്നപ്പോള്‍ കെജ്‌രിവാളിനെ വേദിയില്‍ പോലും കയറ്റാന്‍ അദ്ദേഹം സമ്മതിച്ചില്ല. പലപ്പോഴും മോദിക്കനുകൂലമായി അദ്ദേഹം നിലപാടെടുത്തിട്ടുമുണ്ട്. എന്നാല്‍ ഹസാരെ ഉയര്‍ത്തിയ ഒരു വിഷയം പാര്‍ട്ടി വളരെ ഗൗരവത്തിലെടുത്തിട്ടുണ്ട്. സ്ഥാനമാനങ്ങള്‍ മോഹിച്ചു നിരവധി പേര്‍ ഈ പാര്‍ട്ടിയില്‍ വന്നിട്ടുണ്ട്. അവര്‍ക്കൊന്നും കാര്യമായ മുന്‍കാല പൊതുപ്രവര്‍ത്തന ചരിത്രമില്ല. അതുകൊണ്ടുതന്നെ അധികാരത്തിലെത്തുമ്പോള്‍ എങ്ങനെ പെരുമാറുമെന്നു പ്രവചിക്കാന്‍ കഴിയില്ല. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ട് പുറത്താക്കിയ നിയമ മന്ത്രി തോമര്‍, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്തിരുന്ന ഒരു അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായിരുന്നു. അദ്ദേഹം പാര്‍ട്ടിയില്‍ വന്നപ്പോള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചില്ല എന്നത് ഒരു തെറ്റാകുമോ? എന്നാല്‍ വ്യാജമാണെന്ന് പോലിസ് കണ്ടെത്തിയപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കി. ഒരു നിയമ സഹായം പോലും നല്‍കിയതുമില്ല. പാര്‍ട്ടിയില്‍ ചേരുമ്പോള്‍ ആള്‍ക്കെതിരെ എന്തെങ്കിലും ആരോപണങ്ങള്‍ ഉണ്ടോ എന്ന് മാത്രമേ നോക്കാനാകൂ. കൊലപാതകമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ പോലും ഇന്ന് വിവിധ പാര്‍ട്ടികളുടെ എം പിമാരായും എം എല്‍ എമാരായും പ്രവര്‍ത്തിക്കുന്നു എന്നത് ഒരു ഒഴിവുകഴിവായി ആം ആദ്മി കാണുന്നില്ല. അതുകൊണ്ടു തന്നെയാണ് നേതാക്കളെയും സ്ഥാനാര്‍ഥികളെയും നിശ്ചയിക്കുമ്പോള്‍ അതീവ ജാഗ്രത വേണമെന്ന് പാര്‍ട്ടി തീരുമാനിച്ചത്.
ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയവിദ്വേഷം വളര്‍ത്തി അതിലുടെ വോട്ട് നേടുന്ന രീതി യു പി അടക്കം നിരവധി സംസ്ഥാനങ്ങളില്‍ വിജയിച്ച സാഹചര്യത്തില്‍ പഞ്ചാബിലും ഇതിനു തന്നെ ബിജെ പി ശ്രമിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ കീറിയെറിഞ്ഞത് ആം ആദ്മി എം എല്‍ എ പറഞ്ഞിട്ടാണെന്ന് ഒരാളെക്കൊണ്ടു പരാതി കൊടുപ്പിക്കുകയും അദ്ദേഹത്തെ പഞ്ചാബ് പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിപ്പിക്കുകയും ഉണ്ടായി. പരാതിക്കാരന്‍ ഒരു ബി ജെ പി പ്രവര്‍ത്തകനാണെന്നുള്ള സത്യം മറച്ചു പിടിച്ചു. യുവജനങ്ങള്‍ക്കായുള്ള മാനിഫെസ്റ്റോയുടെ മുഖചിത്രത്തില്‍ സുവര്‍ണ ക്ഷേത്രത്തിന്റെ ചിത്രത്തോടൊപ്പം പാര്‍ട്ടി ചിഹ്നമായ ചൂല്‍ ഉണ്ടെന്നതിനെ വലിയ വിഷയമാക്കി എതിരാളികള്‍ ഉയര്‍ത്തിക്കാട്ടി. സുവര്‍ണ ക്ഷേത്രത്തില്‍ പാത്രങ്ങള്‍ കഴുകുക, തറ വൃത്തിയാക്കുക എന്ന മതപരമായ ശിക്ഷയേറ്റുവാങ്ങാനും കെജ്‌രിവാള്‍ തയാറായി. ‘ഞങ്ങള്‍ സത്യസന്ധമായ ഒരു ബദല്‍ മുന്നോട്ടുവെക്കാനാണ് ശ്രമിക്കുന്നത്. ജാതിമതവര്‍ഗ ഭേദമില്ലാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒന്നാണത്. മാഫിയ ഭരണത്തിന്റെ പിടിയില്‍ നിന്ന് ഭരണത്തെ മോചിപ്പിക്കലാണ് ലക്ഷ്യം. 18 മുതല്‍ 40 വരെ പ്രായമുള്ളവരില്‍ നല്ലൊരു പങ്കും ആം ആദ്മിയെ പിന്തുണക്കുന്നു, ജാതി മത വര്‍ഗവ്യത്യാസമില്ലാതെ’- കെജ്‌രിവാള്‍ ഉറച്ചു വിശ്വസിക്കുന്നു.
തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങള്‍ ഉണ്ട്. അതിനിടയില്‍ ആം ആദ്മിയുടെ ജനപിന്തുണ തകര്‍ക്കാന്‍ പലവിധ ശ്രമങ്ങളും ഇവര്‍ നടത്തും. പക്ഷെ പഞ്ചാബിലെ സാധാരണക്കാരന്‍ പറയുന്നത് ഇതാണ്- ഞങ്ങള്‍ക്ക് നല്ല റോഡും മുടങ്ങാതെ വെള്ളവും കിട്ടണം, യുവാക്കള്‍ക്ക് തൊഴില്‍ വേണം, മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കണം… ഇതെല്ലാം ആം ആദ്മി ഉറപ്പു നല്‍കുന്നു. അധികാരം കിട്ടിയാല്‍ അവര്‍ ഇതൊക്കെ ചെയ്യുമെന്ന് ദില്ലിയിലെ ഭരണം തെളിയിക്കുന്നുമുണ്ട്. മറ്റുള്ളവരെ നാം ഇതിനകം കണ്ടു കഴിഞ്ഞതുമാണ്. ഒരവസരം ഞങ്ങള്‍ ഇവര്‍ക്ക് നല്‍കട്ടെ.