Connect with us

Gulf

ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് നാളെ തുടക്കം; പഴുതടച്ച സുരക്ഷാ സംവിധാനം

Published

|

Last Updated

മക്ക:ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ നാളെ
തുടങ്ങുകയായി. മക്കയിലേക്കുള്ള തീര്‍ത്ഥാടകരുടെ ഒഴുക്കിന് ഗതിവേഗം വര്‍ദ്ധിച്ചു. നഗരത്തിലേക്കുള്ള എല്ലാ വീഥികളിലും ഹാജിമാരുടെ അണമുറിയാത്ത പ്രവാഹമാണ് ദൃശ്യമാകുന്നത്. മക്കയിലേക്ക് പ്രവേശിക്കാനുള്ള നാലു പ്രധാന പാതകളിലായി 35 ലധികം ചെക്ക് പോയിന്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. തീവ്രവാദി ഭീഷണി നേരിടുന്നതിനായി പഴുതടച്ച സുരക്ഷാ ഒരുക്കങ്ങളാണ് ആഭ്യന്തര മന്ത്രാലയം സജ്ജീകരിച്ചിരിക്കുന്നത്. വിവിധ സുരക്ഷാ വകുപ്പുകളുടെ ഒരുക്കങ്ങള്‍ ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ കഴിഞ്ഞ ദിവസം മക്കയില്‍ പരിശോധിച്ചു.

അനുമതി പത്രമില്ലാതെ മക്കയിലേക്കു കടക്കാന്‍ ശ്രമിച്ച 2 ലക്ഷം പേരെ ഇതിനകം ചെക്ക് പോയന്റുകളില്‍ നിന്ന് തിരിച്ചയച്ചു. അനുമതിയില്ലാത്തവരെ കടത്താന്‍ ശ്രമിച്ച 95,000 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

കടുത്ത ചൂടാണ് മക്കയിലിപ്പോള്‍ അനുഭവപ്പെടുന്നതെങ്കിലും മസ്ജിദുല്‍ ഹറാമും പരിസരവും സദാ ജനനിബിഢമാണ്. ചൂടിനെ വകവെക്കാതെ അഞ്ചുനേര നിസ്‌ക്കാരത്തിനും ത്വവാഫിനുമായി തീര്‍ത്ഥാടക ലക്ഷങ്ങളുടെ നിലയ്ക്കാത്ത ഒഴുക്കാണ് കാണാനാകുന്നത്. 14 ലക്ഷം വിദേശ തീര്‍ത്ഥാടകരാണ് വ്യാഴാഴ്ച വരെ മക്കയിലെത്തിയത്. ഇന്ത്യയില്‍ നിന്ന് കേന്ദ്ര ഹജ്ജ് കമ്മറ്റി വഴി 99,904 തീര്‍ത്ഥാടകരാണ് പുണ്യ ഭൂമിയിലെത്തിയത്. കേരളത്തില്‍ നിന്ന് ഹജ്ജ് കമ്മിറ്റി വഴി 10,584 പേര്‍ ഇത്തവണ എത്തിച്ചേര്‍ന്നു. ആഭ്യന്തര തീര്‍ത്ഥാടകരടക്കം 24 ലക്ഷത്തിനു മുകളില്‍ തീര്‍ത്ഥാടകരെയാണ് ഇത്തവണ ഹജ്ജിനായി പ്രതീക്ഷിക്കുന്നത്.

ഹജ്ജിനെ രാഷ്ട്രീയമായി മുതലെടുക്കാനും പ്രശ്‌നങ്ങളുണ്ടാക്കാനുമുള്ള ഇറാന്റെ ശ്രമങ്ങളോട് രൂക്ഷമായാണ് സൗദി പ്രതികരിച്ചത്. ഹജ്ജിനെ ബാധിക്കുന്ന ഒരുവിധ പ്രവര്‍ത്തനങ്ങളും പുണ്യഭൂമികളില്‍ അനുവദിക്കില്ലെന്നു കിരീടാവകാശി കൂടിയായ ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നായിഫ് വ്യക്തമാക്കി.

ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ ജിദ്ദയില്‍ നിന്ന് കോണ്‍സുലേറ്റ് അധികൃതര്‍ മക്കയിലെത്തി.

കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖുമായും ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ശാഹിദ് ആലമുമായും കാന്തപുരം എ പി. അബൂബക്കര്‍ മുസ്ലിയാര്‍ മക്കയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ഹജ്ജിനായുള്ള ഇന്ത്യന്‍ മിഷന്റെ ഒരുക്കങ്ങളെല്ലാം അവര്‍ കാന്തപുരത്തിന് വിശദീകരിച്ചു കൊടുത്തു.

Latest