സ്‌പോണ്‍സറുടെ മര്‍ദനം: മലയാളി ആശുപത്രിയില്‍ ചികിത്സ തേടി

Posted on: September 8, 2016 10:00 pm | Last updated: September 8, 2016 at 10:00 pm
SHARE

ദോഹ: സ്‌പോണ്‍സറുടെ മര്‍ദനത്തില്‍ കേള്‍വിത്തകരാര്‍ നേരിട്ട മലയാളി ഹൗസ് ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ അബ്്ദുന്നാസറാണ് ഭക്ഷണം കഴിക്കാന്‍ പണം ചോദിച്ചതിന് സ്‌പോണ്‍സറുടെ മുഖമടച്ചുള്ള അടിയേറ്റ് ഹമദ് ആശുപത്രിയിലെത്തിയത്.
1800 റിയാല്‍ ശമ്പളത്തിനാണ് മലപ്പുറം സ്വദേശി ഐന്‍ഖാലിദിലെ വീട്ടില്‍ ഹൗസ് ഡ്രൈവര്‍ വിസയിലെത്തിയത്. എന്നാല്‍, 1500 റിയാല്‍ മാത്രമായിരുന്നു ശമ്പളമായി നല്‍കിയത്. വീട്ടില്‍ നിന്ന് ഭക്ഷണം നല്‍കിയിരുന്നില്ല. വീടിന് പുറത്ത് ഇവര്‍ താമസിക്കുന്ന ചെറിയ പോര്‍ട്ട കാബിനില്‍ ഭക്ഷണമുണ്ടാക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. മിക്കപ്പോഴും കുബ്ബൂസും തൈരുമൊക്കെയായിരുന്നു ഭക്ഷണം. കഴിഞ്ഞ ദിവസം സ്‌പോണ്‍സറോട് ഭക്ഷണത്തിനുള്ള പണം ആവശ്യപ്പെട്ടപ്പോഴായിരുന്നു മര്‍ദനം. സ്‌പോണ്‍സറുടെ പിതാവ് ഇടപെട്ടതിനെ തുടര്‍ന്നാണ് താന്‍ മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് നാസര്‍ പറയുന്നു. തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സ തേടുകയും സനയ്യ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. വിഷയത്തില്‍ ഖത്വര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും പോലീസാണ് ചെയ്യേണ്ടതെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. മൂന്ന് മാസം മുമ്പ് നാട്ടില്‍ നിന്നെത്തിയ നാസറിന്റെ പാസ്‌പോര്‍ട്ടും സഊദി ലൈസന്‍സും സ്‌പോണ്‍സറുടെ കൈവശമാണ്. ജോലിയില്ലാതെ ഖത്വറില്‍ തുടരുക പ്രയാസമായതിനാല്‍ നാട്ടിലേക്കുള്ള വഴി തേടുകയാണ് നാസര്‍. പാസ്‌പോര്‍ട്ടും ലൈസന്‍സും സ്‌പോണ്‍സറുടെ കൈയിലാണെന്നതും ടിക്കറ്റെടുക്കാന്‍ പോലും കൈയില്‍ പണമില്ലെന്നതുമാണ് നാസറിനെ വലയ്ക്കുന്നത്.