മൊബൈല്‍ വരിക്കാരുടെ പരാതികളില്‍ 85 ശതമാനവും പരിഹരിച്ചു

Posted on: September 8, 2016 9:56 pm | Last updated: September 8, 2016 at 9:56 pm
SHARE

ദോഹ: ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റ് വരെ രാജ്യത്തെ രണ്ട് മൊബൈല്‍ സേവന ദാതാക്കള്‍ക്കെതിരായ പരാതികളില്‍ 85 ശതമാനവും കമ്യൂനിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (സി ആര്‍ എ) പരിഹരിച്ചു. രാജ്യത്തെ മൊബൈല്‍ സേവനദാതാക്കളായ ഉരീദു, വോഡാഫോണ്‍ കമ്പനികളുമായി അടുത്ത ബന്ധം പുലര്‍ത്തിയാണ് സി ആര്‍ എയിലെ ഉപഭോക്തൃകാര്യ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ള പരാതികള്‍ അന്വേഷണഘട്ടത്തിലാണ്.
മൊബൈല്‍ സേവനദാതാക്കളുമായി എന്ത് കരാറില്‍ ഏര്‍പ്പെടുമ്പോഴും പണമടച്ചുള്ള സേവനത്തിന് വരിക്കാരാകുമ്പോഴും അവകാശങ്ങളും ചുമതലകളും ഉപഭോക്താക്കള്‍ മനസ്സിലാക്കണമെന്ന് ഉപഭോക്തൃകാര്യ വകുപ്പ് മാനേജര്‍ അമല്‍ സലീം അല്‍ ഹനാവി അറിയിച്ചു. മൊബൈല്‍ കമ്പനികള്‍ക്ക് പരാതി നല്‍കി 30 ദിവസം കഴിഞ്ഞാലോ അല്ലെങ്കില്‍ പരിഹാരത്തില്‍ അതൃപ്തിപ്പെട്ടാലോ സി ആര്‍ എയുടെ 103 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നമ്പറില്‍ വിളിച്ചറിയിക്കാവുന്നതാണ്. ബന്ധം വിച്ഛേദിക്കല്‍, സേവനത്തിലെ കാലതാമസം, റിഫണ്ട്, കൃത്യമല്ലാത ബില്‍, ഇന്റര്‍നെറ്റ് വേഗക്കുറവ്, ദുര്‍ബലമായ ബ്രോഡ്ബാന്‍ഡ് സേവനം, സേവനങ്ങള്‍ ആക്ടീവ് ആകാതിരിക്കുക, അറിയാതെ വിച്ഛേദിക്കപ്പെടുക, ഉയര്‍ന്ന റോമിംഗ് നിരക്ക്, ഇരട്ട കടം, കുറവ് നികത്താതിരിക്കുക, സിം കാര്‍ഡ് ആക്ടീവ് ആകാതിരിക്കുക തുടങ്ങിയ പരാതികള്‍ സി ആര്‍ എ സ്വീകരിക്കും. ഓരോ മാസവും ഇരു കമ്പനികള്‍ക്കുമെതിരെ സി ആര്‍ എ നൂറോളം പരാതികള്‍ സ്വീകരിക്കുന്നുണ്ട്. ഉരീദുവിനെതിരായ 56 ശതമാനം പരാതികളും ബില്ലുമായി ബന്ധപ്പെട്ടതാണ്. ഏഴ് ശതമാനം നെറ്റ്‌വര്‍ക്ക് കവറേജുമായി ബന്ധപ്പെട്ടതും. വോഡാഫോണ്‍ ഉപഭോക്താക്കളുടെ 40 ശതമാനം പരാതികളും ബില്ലുമായി ബന്ധപ്പെട്ടതും 20 ശതമാനം സേവനം വിച്ഛേദിക്കപ്പെടുന്നതുമായി ബന്ധപ്പെട്ടതുമാണ്. ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട് ഉരീദുവിനെതിരായ പരാതികളില്‍ 14 ശതമാനം ഫിക്‌സഡ് ലൈനുമായി ബന്ധപ്പെട്ട ഇന്‍സ്റ്റലേഷന്‍, ആക്ടീവേഷന്‍ എന്നിവയുടെ കാലതാമസവും ഒമ്പത് ശതമാനം ഡിസ്‌കണക്ഷന്‍ വിഷയങ്ങളുമാണ്. സി ആര്‍ എയുടെ വെബ്‌സൈറ്റ്, consumervoice@cra.gov.qa എന്ന ഇമെയില്‍, @CRAqatar ട്വിറ്റര്‍ അക്കൗണ്ട് എന്നിവ വഴിയും പരാതി നല്‍കാം.