Connect with us

Ongoing News

2022ലെ ലോകകപ്പ് മികച്ചതായിരിക്കുമെന്ന് പെലെ

Published

|

Last Updated

ദോഹ: ഖത്വര്‍ ആതിഥേയത്വം വഹിക്കുന്ന 2022ലെ ഫിഫ ലോകകപ്പ് മികച്ചതായിരിക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെ. ഖത്വറിനെക്കുറിച്ച് നന്നായി അറിയാം. നേരത്തെ നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ട്. ഏറ്റവും മികച്ച രീതിയില്‍ ലോകകപ്പ് സംഘടിപ്പിക്കാന്‍ ഖത്വറിന് ശേഷിയുണ്ടെന്നും ബിഇന്‍ സ്‌പോര്‍ട്‌സിന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിച്ചു.
ഖത്വറില്‍ മത്സരിക്കാനെത്തിയ അനുഭവവും അദ്ദേഹം പങ്കുവച്ചു. 1973ല്‍ ഒരു സൗഹൃദമത്സരം കളിക്കാനായാണ് ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ആദ്യമായി ഖത്വറിലെത്തുന്നത്. പെലെയുടെ ക്ലബ്ബായ സാന്റോസും അല്‍ അഹ്‌ലി ക്ലബ്ബും തമ്മില്‍ ദോഹ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ദോഹ അസ്പയര്‍ അക്കാദമിയും പെലെ സന്ദശിച്ചിട്ടുണ്ട്. 1958, 1962, 1970 ഫിഫ ലോകകപ്പുകള്‍ ബ്രസീലിനായി നേടിക്കൊടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുള്ള പെലെ ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് അറിയപ്പെടുന്നത്. ഖത്വറിനു മികച്ച രീതിയില്‍ ലോകകപ്പ് സംഘടിപ്പിക്കാനാകും. ഇപ്പോള്‍ നമ്മുടെ മുന്നില്‍ 2018ലെ റഷ്യന്‍ ലോകകപ്പാണ്. 2022നെക്കുറിച്ച് സംസാരിക്കാന്‍ അതുകൊണ്ടുതന്നെ കൂടുതല്‍ സമയമുണ്ട്. ഖത്വറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളെല്ലാം എയര്‍കണ്ടീഷനോടെയുള്ളതാണെന്നതാണ് തന്റെ ശ്രദ്ധയില്‍പ്പെട്ട പ്രധാനകാര്യങ്ങളിലൊന്നെന്നും പെലെ പറഞ്ഞു. ഫിഫയുടെ നൂറ്റാണ്ടിന്റെ താരമെന്ന ബഹുമതി അര്‍ജന്റീനയുടെ ഡിഗോ മറഡോണക്കൊപ്പം പങ്കുവയ്ക്കുന്ന, ടൈം മാഗസിന്റെ 20ാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരില്‍ ഇടംനേടിയ പെലെക്ക് ഖത്വറിനെക്കുറിച്ച് മതിപ്പേറെയാണ്. ഫിഫയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ ഖത്വറിന് കഴിയുമെന്ന പൂര്‍ണ ആത്മവിശ്വാസം തനിക്കുണ്ടെന്നും പെലെ പറഞ്ഞു.

Latest