Connect with us

Qatar

വൈദ്യുതി, വെള്ളം കണക്ഷന്‍ നിയന്ത്രിക്കുന്നതിന് പുതിയ നിയമം

Published

|

Last Updated

ദോഹ: വൈദ്യുതി, വെള്ളം എന്നിവയുടെ കണക്ഷന്‍ നിയന്ത്രിക്കുന്ന കരട് നിയമം മന്ത്രിസഭ അംഗീകരിച്ചു. കരടുനിയമം ശൂറ കൗണ്‍സിലിന്റെ പരിഗണനക്ക് വിട്ടു. വൈദ്യുതി, വെള്ളം കണക്ഷന് വേണ്ട നടപടിക്രമങ്ങളും ഫീസും പ്രതിപാദിക്കുന്ന 1997ലെ നാലാം നമ്പര്‍ നിയമത്തിനും വൈദ്യുതി, വെള്ളം വിതരണത്തിനുള്ള ജോലികള്‍ വിശദീകരിക്കുന്ന 2008ലെ 29 ാം നമ്പര്‍ നിയമത്തിനും പകരമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് നിയമത്തിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതും ശൂറ കൗണ്‍സിലിന്റെ പരിഗണനക്ക് വിട്ടു.
വെള്ളം, വൈദ്യുതി വിതരണ, കൈകാര്യ രംഗത്ത് വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ നിയമം കൊണ്ടുവരുന്നത്. കെട്ടിടങ്ങള്‍ക്കും മറ്റുമുള്ള വൈദ്യുതി, വെള്ളം കണക്ഷന്‍ നല്‍കാനുള്ള അധികാരം ഖത്വര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷനില്‍ നിക്ഷിപ്തമാണ്. കോര്‍പറേഷനില്‍ നിന്നുള്ള ലൈസന്‍സ് കൂടാതെ ഈ ജോലികള്‍ ചെയ്യുന്നത് നിരോധിച്ചു.
വസ്തുവിപണിയുടെ സമഗ്ര പരിഷ്‌കരണം ലക്ഷ്യംവെച്ചാണ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് നിയമം കൊണ്ടുവരുന്നത്. 2011ലെ പതിമൂന്നാം നമ്പര്‍ നിയമത്തിന് പകരമാണിത്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ക്ക് ലൈസന്‍സ്, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുടെ പരാതികളും മറ്റും കൈകാര്യം ചെയ്യുന്നതിന് നീതിന്യായ മന്ത്രാലയത്തില്‍ അഫയേഴ്‌സ് കമ്മിറ്റി രൂപവത്കരിക്കുക, ബ്രോക്കര്‍മാരുടെ ചുമതലകള്‍, അച്ചടക്ക ഉത്തരവാദിത്വം, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വന്ന് ആറ് മാസത്തിനകം എല്ലാ റിയല്‍ എസ്റ്റേറ്റ് ഓഫീസുകളും നിയമം അനുശാസിക്കുന്ന വിധമായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. നീതിന്യായ മന്ത്രാലയത്തിന്റെ പ്രമേയം അടിസ്ഥാനമാക്കി സമയം ദീര്‍ഘിപ്പിക്കാവുന്നതാണ്.
റിയല്‍ എസ്റ്റേറ്റ് വികസനത്തിനുള്ള 2014ലെ ആറാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള കരടും മന്ത്രിസഭ അംഗീകരിച്ചു. വാണിജ്യം, നീതിന്യായം, നഗരസഭ, പരിസ്ഥിതി എന്നീ മന്ത്രാലയങ്ങളിലെയും ഖത്വര്‍ സെന്‍ട്രല്‍ ബേങ്കിലെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘമാണ് കരട് തയ്യാറാക്കിയത്.
നിലവിലെ നിയമത്തില്‍ വാണിജ്യ മന്ത്രാലയത്തിനുള്ളതിനേക്കാള്‍ അധികാരം നഗരസഭ, പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കുന്നതാണ് പ്രധാന ഭേദഗതി. വസ്തു നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നീതിന്യായ മന്ത്രാലയത്തില്‍ ഒന്നോ അതില്‍ കൂടുതലോ കമ്മിറ്റികള്‍ സ്ഥാപിക്കുക, സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ നിയമിക്കുന്ന ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലെ പ്രസിഡന്റ് പദവിയേക്കാള്‍ കുറഞ്ഞതല്ലാത്ത ജഡ്ജിയെ കമ്മിറ്റിയുടെ അധ്യക്ഷനാക്കുക, പരിസ്ഥിതി, നീതിന്യായം, വാണിജ്യം മന്ത്രാലയങ്ങളിലെയും ഖത്വര്‍ സെന്‍ട്രല്‍ ബേങ്കിലെയും പ്രതിനിധികളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയവയും കരട് ഭേദഗതിയില്‍ ഉള്‍പ്പെടുന്നു.
രാജ്യത്ത് വാണിജ്യ പ്രതിനിധി ഓഫീസുകള്‍ തുറക്കണമെന്ന വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം മന്ത്രിസഭ അംഗീകരിച്ചു. ഇതിനായി മന്ത്രാലയം കരടുനിയമം തയ്യാറാക്കിയിട്ടുണ്ട്. ദുബൈ എക്‌സ്‌പോ 2020ല്‍ പങ്കെടുക്കാനും മന്ത്രിസഭ തീരുമാനിച്ചു.