Connect with us

Gulf

എയര്‍ ഇന്ത്യ എക്‌സ്പ്രസ് യു എ ഇ-ഇന്ത്യാ സര്‍വീസ് വര്‍ധിപ്പിക്കും

Published

|

Last Updated

എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: യു എ ഇക്കും ഇന്ത്യക്കുമിടയില്‍ കൂടുതല്‍ വിമാനങ്ങള്‍ പറത്തുമെന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി ഇ ഒ കെ ശ്യാംസുന്ദര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചണ്ഡീഗഡ്, തിരുച്ചിറപ്പള്ളി വിമാനങ്ങള്‍ ഈ മാസം മധ്യത്തോടെ തുടങ്ങും. ഷാര്‍ജ-ചണ്ഡീഗഡ് സര്‍വീസ് ഈ മാസം 15 നാണ് ആരംഭിക്കുകയെങ്കില്‍ ഷാര്‍ജ-തിരുച്ചിറപ്പള്ളി സര്‍വീസ് ഈ മാസം 14ന് തുടങ്ങും. തിരുച്ചിയിലേക്കും തിരിച്ചും ദിവസേന വിമാനങ്ങളുണ്ടാകും. ചണ്ഡീഗഡിലേക്ക് തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസുകള്‍. ഷാര്‍ജ-വാരാണസി സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും.
തിരുച്ചിയിലേക്ക് ദുബൈയില്‍ നിന്നും ദിവസേന വിമാനങ്ങളുണ്ട്. ഇതിനു പുറമെയാണ് ഷാര്‍ജ സര്‍വീസ്. ദിവസേന രാത്രി 8.35നാണ് പുറപ്പെടുക. പുലര്‍ച്ചെ 2.30ന് അവിടെയെത്തും. അവിടെ നിന്ന് പുലര്‍ച്ചെ 3.30ന് പുറപ്പെടുന്ന വിമാനം ഷാര്‍ജയില്‍ രാവിലെ 6.20ന് എത്തും. ചണ്ഡീഗഡ് വിമാനം ഷാര്‍ജയില്‍ നിന്ന് ഉച്ചക്ക് 12.45ന് പുറപ്പെടും. വൈകീട്ട് 5.15ന് അവിടെയെത്തും. ഷാര്‍ജയിലേക്കുള്ള വിമാനം വൈകിട്ട് 6.15ന് പുറപ്പെട്ട് വൈകീട്ട് എട്ടിനെത്തും.
ഇന്ത്യക്കും ഷാര്‍ജക്കും ഇടയില്‍ ആഴ്ചയില്‍ 41 വിമാനങ്ങളായിട്ടുണ്ട്. യു എ ഇക്കും ഇന്ത്യക്കും ഇടയില്‍ 164 വിമാനങ്ങള്‍ പറക്കുന്നു. നിരക്ക് വര്‍ധിക്കുന്നത്. ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ചാണ്. ചിലപ്പോള്‍ ഡല്‍ഹി-മുംബൈ റൂട്ടില്‍ 30,000 രൂപവരെ ആകാറുണ്ടെന്ന് ഓര്‍ക്കണം. ഇന്ധന വിലകുറഞ്ഞിട്ടുണ്ടെങ്കില്‍ മറ്റു ചെലവുകള്‍ കൂടിയിരിക്കുന്നു. എന്നാലും എയര്‍ഇന്ത്യ എക്‌സ്പ്രസ് ലാഭത്തിലാണ്. 2015-16 വര്‍ഷം 361.68 കോടി ലാഭം കൊയ്തു.
പ്രതിദിന വിമാന ഉപയോഗം 10.8 മണിക്കൂറില്‍ നിന്ന് 11.3 മണിക്കൂറായി ശരാശരി വര്‍ധിച്ചിട്ടുണ്ട്. ഇക്കാലയളവില്‍, 28 ലക്ഷം യാത്രക്കാരെയാണ് എയര്‍ലൈന്‍ വഹിച്ചത്. തൊട്ടു മുന്‍ വര്‍ഷം ഇത് 26.2 ലക്ഷം യാത്രക്കാര്‍ ആയിരുന്നു.
നിലവിലെ ധനകാര്യ വര്‍ഷത്തില്‍ ആറു എയര്‍ക്രാഫ്റ്റുകള്‍ ഫഌറ്റില്‍ ഉള്‍പെടുത്തും. ഇവയില്‍ മൂന്നെണ്ണം ഇതിനകം എത്തിക്കഴിഞ്ഞു. മൂന്നെണ്ണം ഉടന്‍ ഫഌറ്റില്‍ ചേരും. അതോടെ, ഫഌറ്റ് ശേഷി 23 എയര്‍ക്രാഫ്റ്റുകള്‍ എന്നതാകും.
യു എ ഇ-ഇന്ത്യാ സെ ക്ടറില്‍ പ്രതിവാരം 164 വിമാനങ്ങളാണ് സര്‍വീസിനുള്ളത്. കഴിഞ്ഞ വര്‍ഷം ഗള്‍ഫിലുടനീളം 162 വിമാനങ്ങളാണ് പ്രതിവാരം ഉണ്ടായിരുന്നതെങ്കില്‍ 236 വിമാനങ്ങള്‍ എന്ന നിലയിലാണ് ഇപ്പോള്‍. ഈ വിമാനങ്ങള്‍ ഏര്‍പെടുത്തിയതിനൊപ്പം എയര്‍ലൈനിന്റെ പ്രാരംഭ വരുമാനം അടുത്ത വര്‍ഷം 25 ശതമാനം വര്‍ധിക്കും.
കഴിഞ്ഞ മാസം മൂന്നിന് തിരുവനന്തപുരത്ത് നിന്നെത്തിയ എമിറേറ്റ്‌സ് വിമാനം തീപിടിച്ചതിനെ തുടര്‍ന്ന് ദുബൈ വിമാനത്താവളം അടച്ചത്മൂലം ഇതര വിമാന സര്‍വീസുകള്‍ക്കൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസിനും തടസം നേരിട്ടിരുന്നു. പല വിമാന സര്‍വീസുകളും ഇവിടെ വൈകുകയോ റദ്ദാക്കുകയോ ഉണ്ടായി. ചില വിമാനങ്ങള്‍ ഷാര്‍ജയില്‍ നിന്ന് സര്‍വീസ് നടത്താന്‍ ശ്രമിക്കുകയുണ്ടായി. ഇത് വൈകലിന് ഇടയാക്കി. ഷെഡ്യൂള്‍ ചെയ്ത 49 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെയാണ് ഇത് ബാധിച്ചത്. 16 വിമാനങ്ങള്‍ റദ്ദാക്കി. 12 എണ്ണം ഷാര്‍ജക്ക് പുറത്ത് നിന്ന് സര്‍വീസ് നടത്തി. ഇവയെല്ലാം കൃത്യ സമയത്തുമായിരുന്നു. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് 99 ശതമാനം സമയക്രമം പാലിക്കുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ നിയന്ത്രണാതീത കാരണങ്ങളാലാണ് വിമാനം വൈകുന്നത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടെന്നും ശ്യാംസുന്ദര്‍ പറഞ്ഞു.
ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് റീജണല്‍ മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ, ജി എസ് എ എം ഡി അബ്ദുല്‍ വാഹിദ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest