Connect with us

Gulf

വേള്‍ഡ് എക്‌സ്‌പോ: കെട്ടിടങ്ങള്‍ രണ്ടു വര്‍ഷം മുമ്പേ പൂര്‍ത്തിയാവും

Published

|

Last Updated

ദുബൈ വേള്‍ഡ് എക്‌സ്‌പോ വില്ലേജ്‌

ദുബൈ: ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020നായി പദ്ധതിയിട്ട കെട്ടിടങ്ങളില്‍ മിക്കവയും എക്‌സ്‌പോക്ക് രണ്ടു വര്‍ഷം മുമ്പ് തന്നെ പൂര്‍ത്തിയാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പല നിര്‍മാണ പദ്ധതികളും അതിവേഗമാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇതേ രീതിയില്‍ തുടര്‍ന്നാല്‍ നേരത്തെ കെട്ടിടങ്ങളെല്ലാം സജ്ജമാവും. മൂന്നു പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പൂര്‍ത്തിയാവുമെന്ന് ദുബൈ എക്‌സ്‌പോ 2020 വക്താവ് വെളിപ്പെടുത്തി. ചില പുതിയ പദ്ധതികളെക്കുറിച്ച് അടുത്ത ഏതാനും ആഴ്ചകള്‍ക്കകം പ്രഖ്യാപനമുണ്ടാവും. എക്‌സ്‌പോ സൈറ്റിലെ ആഴം കൂടിയ പശ്ചാത്തല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷത്തിന്റെ തുടക്കം വരെ നീളും. അല്‍ വാസല്‍ പ്ലാസ സ്‌പെയ്‌സ്, യു എ ഇയുടെ മൂന്നു മുഖ്യ പവലിയനുകള്‍, മറ്റ് രാജ്യങ്ങളുടെ ചില പവലിയനുകള്‍ എന്നിവ ഇതില്‍ ഉള്‍പെടും.
അല്‍ നബൂദ കണ്‍സ്ട്രക്ഷന്‍സാണ് 4.38 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് എക്‌സ്‌പോക്കായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് എക്‌സ്‌പോ 2020 എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നജീബ് അല്‍ അലി വ്യക്തമാക്കി. നിര്‍മാണവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ 46 ലക്ഷം ക്യുബിക് മീറ്റര്‍ പ്രദേശത്ത് പരന്നുകിടക്കുകയാണ്. രണ്ടു ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് വേള്‍ഡ് എക്‌സ്‌പോക്കായി നേരിട്ട് ഉപയോഗപ്പെടുത്തുന്നത്. മുന്‍കാലങ്ങളില്‍ നടന്ന എക്‌സ്‌പോയില്‍ നിന്ന് എത്രമാത്രം സ്ഥലവും സൗകര്യവുമാണ് ദുബൈ എക്‌സ്‌പോക്കായി ഒരുക്കേണ്ടതെന്ന് കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യവും ലോകവും ഏറെ പ്രതീക്ഷയോടെയാണ് ദുബൈ എക്‌സ്‌പോ 2020നെ കാത്തിരിക്കുന്നത്. ലോകത്തിന്റെ കണ്ണും കാതുമെല്ലാം ദുബൈയില്‍ തമ്പടിക്കുന്ന കാലമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ററാക്ടീവ് എക്‌സ്പീരിയന്‍ഷ്യല്‍ സോണ്‍, ആര്‍ട് ഷോ തുടങ്ങിയ ഒട്ടനവധി പരിപാടികള്‍ ദുബൈ വേള്‍ഡ് എക്‌സ്‌പോയുടെ മുന്നോടിയായി ഒരുക്കുന്നുണ്ട്. ദുബൈ വേള്‍ഡ് എകസ്‌പോക്കായി പ്രത്യേക ലോഗോ തയ്യാറാക്കല്‍ മത്സരവും നടന്നിരുന്നു. ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020നായി രാജ്യം സജ്ജമായിരിക്കുകയാണെന്നും യു എ ഇയുടെ ചരിത്രത്തിലെ അവിസ്മരണീയമായ മഹൂര്‍ത്തമായി എക്‌സ്‌പോ കാലം മാറുമെന്നും ദുബൈ എക്‌സ്‌പോ 2020 ഉന്നതാധികാര സമിതി വ്യക്തമാക്കിയിട്ടുണ്ട്. 1851ലാണ് വേള്‍ഡ് എക്‌സ്‌പോക്ക് തുടക്കമായത്. ചിരപുരാതനമായ ഇത്തരം ഒരു മഹാസംഭവത്തിന് ആതിഥ്യമരുളാന്‍ അവസരം ലഭിച്ചത് മഹാഭാഗ്യമായാണ് രാജ്യവും ജനങ്ങളും കരുതുന്നത്. യു എ ഇ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന സുദിനത്തില്‍ ഇത്തരം ഒന്നിന് ആതിഥ്യമേകാന്‍ ഭാഗ്യം ലഭിച്ചുവെന്നത് അവിസ്മരണീയമായ കാര്യമായാണ് ഭരണകൂടം കാണുന്നത്. ദുബൈ വേള്‍ഡ് എക്‌സ്‌പോയുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി എക്‌സ്‌പോ 2020 ബ്യൂറോ സ്ഥാപിച്ചിരുന്നു. ബ്യൂറോ ഇന്റര്‍നാഷനല്‍ ഡെസ് എക്‌സ്‌പോസിഷന്‍സു(ബി ഐ ഇ)മായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ദുബൈ കൈകോര്‍ത്ത് പ്രവര്‍ത്തിച്ചുവരികയാണ്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ബ്യൂറോ സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്ത് എക്‌സ്‌പോ 2020ന്റെ ഭാഗമായി രണ്ടു ലക്ഷം തൊഴില്‍ അവസരങ്ങളാവും സൃഷ്ടിക്കപ്പെടുക. മിനാസ (മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക ആന്‍ഡ് ഏഷ്യ)യിലെ ആദ്യ എക്‌സ്‌പോ എന്തുകൊണ്ടും ചരിത്രം ഓര്‍ക്കുന്ന ഒന്നായി മാറ്റാനാണ് ദുബൈ പരിശ്രമിക്കുന്നത്.

---- facebook comment plugin here -----

Latest