Connect with us

International

മനുഷ്യത്വത്തെ 'മതില്‍'കെട്ടി മറക്കാന്‍ ബ്രിട്ടന്‍

Published

|

Last Updated

ലണ്ടന്‍: ഇറാഖടക്കമുള്ള കലുഷിത രാജ്യങ്ങളില്‍ നിന്ന് അഭയം തേടിയെത്തുന്നവരെ തടയാന്‍ ബ്രിട്ടന്‍ മതില്‍ പണിയുന്നു. വടക്കന്‍ ഫ്രാന്‍സിലെ ക്ലെയ്‌സ് തുറമുഖത്താണ് അഭയാര്‍ഥികള്‍ക്ക് കനത്ത പ്രത്യാഘാതമുണ്ടാക്കുന്ന മതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പണിയുന്നത്.
13 അടി ഉയരത്തില്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ പണിയുന്ന മതില്‍ അഭയാര്‍ഥികളെ പുറം ലോകവുമായുള്ള ബന്ധം നഷ്ടപ്പെടുത്തുന്നതിലേക്ക് നയിച്ചേക്കും. ട്രക്കുകളിലേക്കും കടത്തുതോണിയിലേക്കും ചാടി ബ്രിട്ടനിലേക്ക് അഭയാര്‍ഥികള്‍ എത്തുന്നുണ്ടെന്നും ഇത് തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്നും ആരോപിച്ചാണ് സര്‍ക്കാറിന്റെ നടപടി.
മാര്‍ച്ചിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് തുറമുഖ പ്രദേശത്ത് വന്‍ മതിലുകള്‍ ഉയരാന്‍ പോകുന്നത്. ഈ വര്‍ഷത്തോടെ മതിലിന്റെ പണി പൂര്‍ത്തിയാകുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തെ ഇവിടെ ബ്രിട്ടന്‍ വേലികള്‍ കെട്ടിയിരുന്നെങ്കിലും ഇത് മതിയാകില്ലെന്ന് പറഞ്ഞാണ് മതില്‍ കെട്ടാന്‍ ഒരുങ്ങുന്നത്. 27 ലക്ഷം യൂറോയാണ് മതില് ഉയര്‍ത്താനാവശ്യമാകുന്ന ചെലവ്.
“അഭയാര്‍ഥി കാട്” എന്ന പേരില്‍ അറിയപ്പെടുന്ന ക്ലെയ്‌സിലെ ക്യാമ്പില്‍ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളാണ് അതിവസിക്കുന്നത്. ബ്രിട്ടനും ഫ്രാന്‍സിനുമിടയിലെ ഈ തുറമുഖ പ്രദേശത്തെ ജീവിതം ദുരിത പൂര്‍ണമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
പട്ടിണി മാറ്റാനും മാന്യമായി തൊഴില്‍ ചെയ്ത് ജീവിക്കാനുമായാണ് ക്ലെയ്‌സ് തുറമുഖം വഴി അഭയാര്‍ഥികള്‍ ബ്രിട്ടനിലേക്ക് കടക്കുന്നത്. എന്നാല്‍, സിറിയ, ഇറാഖ്, തുര്‍ക്കി, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ബ്രിട്ടനിലേക്ക് കടക്കുന്ന അഭയാര്‍ഥികളെ എന്തുവിലകൊടുത്തും തടയുമെന്ന മനുഷ്യത്വരഹിതമായ നിലപാടാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.