മെഡിക്കല്‍, ദന്തല്‍ കോളജ് മെറിറ്റ് സീറ്റ് അലോട്ട്‌മെന്റ് പൂര്‍ത്തിയായി

Posted on: September 8, 2016 9:16 am | Last updated: September 8, 2016 at 9:16 am
SHARE

docterതിരുവനന്തപുരം: മെഡിക്കല്‍, ദന്തല്‍ കോളജുകളിലെ മെറിറ്റ് സീറ്റിലേക്കുള്ള അലോട്ട്‌മെന്റ് പൂര്‍ത്തിയായി. എം ബി ബി എസിന് 1,750 പേര്‍ക്കും ബി ഡി എസിന് 607 പേര്‍ക്കുമാണ് അലോട്ട്‌മെന്റ്. ന്യൂനപക്ഷകോളജുകള്‍ക്കുള്ള ശേഷിക്കുന്ന സീറ്റുകളിലാണ് ഇനി അലോട്ട്‌മെന്റ് നടത്താനുള്ളത്. അലോട്ട്‌മെന്റ് കിട്ടിയവര്‍ക്ക് പ്രവേശം നേടാന്‍ നാളെ കൂടി അവസരമുണ്ട്. ഇന്നലെ തന്നെ പലരും പ്രവേശം നേടി. ഇതിനകം സ്വാശ്രയ കോളജുകളില്‍ പ്രവേശം നേടിയവരും ഇക്കൂട്ടത്തിലുണ്ട്.
പ്രവേശം നേടാത്തവരുടെ സീറ്റുകളുടെ എണ്ണം നോക്കി അടുത്ത അലോട്ട്‌മെന്റ് നടത്തുമെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍ വ്യക്തമാക്കി. ഓപ്ഷന്‍ മാറുന്നതടക്കമുള്ളവ അടുത്ത അലോട്ട്‌മെന്റില്‍ നടക്കും. സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ട 14 വീതം മെഡിക്കല്‍, ദന്തല്‍ കോളജുകളിലാണ് അലോട്ട്‌മെന്റ് നടത്തിയത്. കണ്ണൂര്‍ മെഡിക്കല്‍ കോളജും കരുണയുമാണ് മാറിനില്‍ക്കുന്നത്. കണ്ണൂരിന് 150 സീറ്റും കരുണക്ക് 100 സീറ്റുമുണ്ട്. മുഴുവന്‍ സീറ്റിലും തങ്ങള്‍ക്ക് പ്രവേശം നടത്താന്‍ അനുവദിക്കണമെന്ന് കാണിച്ച് ഈ കോളജുകള്‍ ഹൈക്കോടതിയില്‍ റിവ്യൂ ഹരജി നല്‍കിയിരിക്കുകയാണ്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കോളജുകളില്‍ മാനേജ്‌മെന്റ് സീറ്റുകളിലെ ആദ്യ അലോട്ട്‌മെന്റ് കഴിഞ്ഞു. ഇതില്‍തന്നെ പകുതിയോളംപേര്‍ പ്രവേശം നേടിയില്ല.
രണ്ടാം അലോട്ട്‌മെന്റ് നാളെ നടക്കും. സ്വാശ്രയ കോളജുകളില്‍ നാളെയും അപേക്ഷിക്കാമെന്ന് കാണിച്ച് ജെയിംസ് കമ്മിറ്റി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് 27നാകും അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ, സ്വാശ്രയ മെഡിക്കല്‍/ദന്തല്‍ കോളജുകളിലെ 50 ശതമാനം മെറിറ്റ് സീറ്റുകളില്‍ ന്യൂനപക്ഷ സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 30 ശതമാനത്തിലേക്ക് പ്രവേശത്തിനായി അതത് സമുദായങ്ങളിലെ വിദ്യാര്‍ഥികളില്‍നിന്നാണ് അപേക്ഷ ക്ഷണിച്ചത്. മുസ്‌ലിം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്രവേശിക്കാവുന്ന തൊടുപുഴ അല്‍ അഹ്‌സര്‍, കൊല്ലം അസീസ, പെരിന്തല്‍മണ്ണ എം ഇ എസ്, കൊല്ലം ട്രാവന്‍കൂര്‍, ദലിത് ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവര്‍ക്ക് പ്രവേശിക്കാവുന്ന സി എസ് ഐ കാരക്കോണം എന്നീ മെഡിക്കല്‍ കോളജിലേക്കുള്ള പ്രവേശത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഡെന്റല്‍ കോളജുകളില്‍ മുസ്‌ലിം ന്യൂനപക്ഷ പദവിയുള്ള അല്‍ അഹ്‌സര്‍ തൊടുപുഴ, അന്നൂര്‍ മൂവാറ്റുപുഴ, സെഞ്ച്വറി കാസര്‍കോട്, ഇന്ദിരാഗാന്ധി കോതമംഗലം, എഡ്യുകെയ്ര്‍ മലപ്പുറം, കണ്ണൂര്‍ ദന്തല്‍, എം ഇ എസ് പെരിന്തല്‍മണ്ണ, മലബാര്‍ മലപ്പുറം, പി എസ് എം തൃശൂര്‍, റോയല്‍ പാലക്കാട് എന്നിവയിലേക്കും യാക്കോബായ സിറിയന്‍ വിഭാഗത്തിന് പ്രവേശിക്കാവുന്ന മാര്‍ ബസേലിയോസ് കോതമംഗലം, യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് പ്രവേശിക്കാവുന്ന സെന്റ് ഗ്രിഗോറിയോസ് എറണാകുളം എന്നിവയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. മുസ്‌ലിം വിദ്യാര്‍ഥികള്‍ വില്ലേജ് ഓഫീസര്‍മാരില്‍നിന്നും മറ്റുള്ളവര്‍ അതത് സമുദായ മേധാവികളില്‍നിന്നും കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിക്കണം. വിശദാശങ്ങള്‍ പ്രവേശന കമ്മീഷണറുടെ വെബ്‌സൈറ്റില്‍ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here