മലബാര്‍ സിമന്റ്‌സില്‍ വന്‍ അഴിമതി നടക്കുന്നതായി ഡീലര്‍മാരുടെ വെളിപ്പെടുത്തല്‍

Posted on: September 8, 2016 9:14 am | Last updated: September 8, 2016 at 9:14 am
SHARE

malabar cementsപാലക്കാട്: മലബാര്‍ സിമന്റ്‌സില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന വെളിപ്പെടുത്തലുമായി ഡീലര്‍മാര്‍ രംഗത്ത്. കെ പത്മകുമാര്‍ എം ഡി ആയതിനുശേഷം മലബാര്‍ സിമന്റ്‌സിന്റെ ഗുണനിലവാരം കുറഞ്ഞതായും മലബാര്‍ സിമന്റ്‌സ് ചെയര്‍മാനായിരുന്ന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍ വിഷയത്തില്‍ ഇടപെട്ടിലെന്നും ഡീലര്‍മാര്‍ പറയുന്നു.
വന്‍കിട ഡീലര്‍മാരെ സഹായിക്കുന്നതിനായി ഇവര്‍ക്ക് പലവിധ ആനുകൂല്യങ്ങളും നല്‍കി. ഇതിലൂടെ കമ്പനിയുടെ വരുമാനം കുറഞ്ഞു. ചെറുകിട ഡീലര്‍മാര്‍ക്ക് സിമന്റ് നല്‍കുന്നത് അകാരണമായി തടഞ്ഞുവെച്ചതിനെതിരെ നിരവധി തവണ മലബാര്‍ സിമന്റ്‌സ് ചെയര്‍മാന്‍ കൂടിയായ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സി എച്ച് കുര്യന് കത്തുനല്‍കിയിട്ടും മറുപടിയൊന്നും ലഭിച്ചില്ല. ചെറുകിട ഡീലര്‍മാര്‍ക്ക് മലബാര്‍ സിമന്റ്‌സ് നല്‍കാത്തതിനാല്‍ വില്‍പനയില്‍ കുറവുണ്ടായി. ഹൈകോടതി ഇടപെട്ടപ്പോള്‍ മാത്രമാണ് പ്രശ്‌നപരിഹാരത്തിന് ചെയര്‍മാന്‍ ശ്രമിച്ചതെന്ന് ഡീലര്‍മാര്‍ കുറ്റപ്പെടുത്തുന്നു.
കെ പത്മകുമാര്‍ ചുമതലയേറ്റത് മുതല്‍ സിമന്റിന്റെ ഗുണനിലവാരം കുറഞ്ഞുവന്നതായും ഡീലര്‍മാര്‍ ആരോപിക്കുന്നു. ഗുണനിലവാരമില്ലാത്തതിനാലാണ് ചേര്‍ത്തല പ്ലാന്റ് പൂട്ടിയത്. അഴിമതിക്ക് കൂട്ടുനിന്ന മറ്റ് ഉദ്യോഗസ്ഥരെകൂടി അറസ്റ്റുചെയ്യണമെന്നും ഡീലര്‍മാര്‍ ആവശ്യപ്പെടുന്നു. വന്‍കിട ഡീലര്‍മാര്‍ക്ക് കമ്മീഷന്‍ ഇളവു നല്‍കിയതില്‍ കടത്തുകൂലിയിനത്തിലും 34 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പാലക്കാട്ടെ വിലയേക്കാള്‍ കുറഞ്ഞവിലക്ക് മറ്റ് ജില്ലകളില്‍ സിമന്റ് വിറ്റും തട്ടിപ്പ് നടത്തി. നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടും ബോര്‍ഡ് തീരുമാനവും അട്ടിമറിച്ചാണ് ഉദ്യോഗസ്ഥര്‍ തീരുമാനങ്ങളെടുത്തത്. സിമന്റ് ഡീലര്‍മാര്‍ക്ക് വിവിധ പേരുകളില്‍ നല്‍കിയ ഇളവ്, കടത്തുകൂലിയിലെ തട്ടിപ്പ്.
2014 ല്‍ 2.7 കോടി രൂപയുടെ നഷ്ടമുണ്ടായതിന് വിജിലന്‍സ് കേസില്‍ പ്രതികളായ അതേ ഉദ്യോഗസ്ഥര്‍ 2015 സാമ്പത്തികവര്‍ഷത്തിലും തട്ടിപ്പുനടത്തി. 17 കോടി പതിനഞ്ചുലക്ഷത്തി അയ്യായിരത്തിത്തൊള്ളായിരത്തി മുപ്പത്തിമൂന്നുരൂപയുടെ ഇളവ് നല്‍കിയെന്ന് രേഖകള്‍ തെളിയിക്കുന്നു. വോളിയം ഡിസ്‌കൗണ്ട് എന്ന പേരില്‍ ഡീലര്‍മാര്‍ക്ക് നല്‍കിയത് നാല് കോടി എമ്പത്തിനാലേമുക്കാല്‍ ലക്ഷം രൂപയാണ്. വാളയാറിലെ ഫാക്ടറിയില്‍ നിന്ന് പാലക്കാട്ടേക്കോ കോഴിക്കോട്ടേക്കോ സിമന്റ് കൊണ്ടുപോയതിന് നല്‍കിയ ഇളവിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട്ടെ ഡീലര്‍മാര്‍ക്ക് 63 ലക്ഷത്തി എമ്പത്തിഎട്ടായിരം രൂപ ഇളവു നല്‍കിയെങ്കില്‍ മലബാര്‍ ജില്ലകളിലേക്ക് ആറ് കോടി 33 ലക്ഷത്തി അറുപത്തിമൂന്നായിരം രൂപ പി ആര്‍ എഫ്, പെര്‍ഫോര്‍മന്‍സ്, മണ്‍സൂണ്‍ തുടങ്ങി വിവിധ പേരുകളിലും നല്‍കിയ ഇളവുകള്‍ക്ക് കോടികളുടെ പിന്‍ബലം. ഇതുകൂടാതെ പാലക്കാട്ട് 365 രൂപക്ക് വിറ്റഴിക്കുന്ന സിമന്റ് മറ്റ് ജില്ലകളില്‍ 342 രൂപ ക്ക് വിറ്റതിലൂടെ 17 കോടി രൂപയുടെ നഷ്ടം. ഏകദേശം അഞ്ച് ലക്ഷം ടണ്‍ പാക്കറ്റ് സിമന്റാണ് ഒരു വര്‍ഷം പാലക്കാടിന് പുറത്തേക്ക് വിറ്റഴിക്കുന്നത്.