സാങ്കേതിക വിദ്യയിലെ പുത്തന്‍ ചുവടുവെപ്പുകളുമായി ഐഫോണ്‍ 7 അവതരിച്ചു

Posted on: September 8, 2016 8:55 am | Last updated: September 8, 2016 at 12:46 pm
SHARE

iphone_7_സാന്‍ഫ്രാന്‍സിസ്‌കോ: ടെക് ലോകത്തിന്റെ ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ആപ്പിള്‍ ഐഫോണ്‍ ശ്രേണിയിലെ പുതിയ പതിപ്പായ ഐഫോണ്‍ 7 അവതരിപ്പിച്ചു. സാങ്കേതികത്തികവിന്റെ വിസ്മയിപ്പിക്കുന്ന പരീക്ഷണങ്ങളുമായാണ് ഐഫോണ്‍ 7 എത്തിയിരിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ സംഘടിപ്പിച്ച പ്രത്യേക ലോഞ്ചിംഗ് ചടങ്ങില്‍ ആപ്പില്‍ സിഇഒ ടിം കുക്ക് ആണ് പുതിയ മോഡല്‍ ലോകത്തിന് സമര്‍പ്പിച്ചത്.

ഐഫോണ്‍ 7, 7 പ്ലസ് എന്നീ രണ്ട് മോഡലുകളാണ് പുതിയ പതിപ്പിലുള്ളത്. മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ജറ്റ് ബ്ലാക്ക് നിറത്തിലും ഐഫോണ്‍ 7 ലഭ്യമാകും. ഇയര്‍ഫോണ്‍ ജാക്കറ്റ് ഒഴിവാക്കിയാണ് പുത്തന്‍ മോഡല്‍ എത്തിയിരിക്കുന്നത്. ഇതിന് പകരം ലൈറ്റ്‌നിംഗ് കണക്ടറാണ് ഐഫോണ്‍ 7ന്റെ പ്രത്യേകത. ഇതേ പോര്‍ട്ടില്‍ ഡോംഗിള്‍ ഘടിപ്പിച്ച് 3.5 എംഎമ്മിന്റെ സാധാരണ ഹെഡ്‌ഫോണും ഉപയോഗിക്കാം. എയര്‌പോഡ് എന്ന വിശേഷണവുമായി പുറത്തിറക്കിയ വയര്‍ലെസ് ഇയര്‍ഫോണുകളും ഒപ്പമുണ്ട്.

മെമ്മറിശേഷി 32 മുതല്‍ 256 ജിബി വരെ ഉയര്‍ത്തി എന്നതാണ് പുതിയ മോഡലിന്റെ പ്രധാനപ്പെട്ട സവിശേഷത. വാട്ടര്‍ പ്രൂഫ്, ഡസ്റ്റ് പ്രൂഫ് സംവിധാനങ്ങളോടെയാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. സെവന്‍ പ്ലസ് ശ്രേണിയില്‍ രണ്ട് പിന്‍ ക്യാമറകളുണ്ട്. 12 മെഗാപിക്‌സല്‍ ശേഷിയുള്ള ഇവ സൂമിംഗ് സുഗമമാക്കാന്‍ സഹായിക്കും. ഐഫോണ്‍ 6 നെക്കാള്‍ രണ്ടുമണിക്കൂര്‍ അധിക സമയം ബാറ്ററിശേഷിയും പുതിയ മോഡലിനുണ്ട്.