Connect with us

Articles

ദില്‍മ റൂസഫ് വീണതോ വീഴ്ത്തിയതോ?

Published

|

Last Updated

ഇടതുപക്ഷ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവായ ബ്രസീലിലെ ആദ്യ വനിതാ പ്രസിഡന്റ് ദില്‍മ റൂസഫിനെ സെനറ്റ് ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കിയിരിക്കുകയാണ്. ബജറ്റ് കണക്കില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ഉയര്‍ത്തിയാണ് ദില്‍മയെ വലതുപക്ഷ യാഥാസ്ഥിതിക വാദികള്‍ പുറത്താക്കിയിരിക്കുന്നത്. സാമ്പത്തിക ഉത്തരവാദിത്വം കാട്ടിയില്ലെന്ന കുറ്റം ഉപരിസഭയില്‍ വലതുപക്ഷ പാര്‍ട്ടിയായ ബ്രസീലിയന്‍ ഡമോക്രാറ്റിക് മൂവ്‌മെന്റ് ഉയര്‍ത്തി. അതിന്റെ നേതാവായ മൈക്കിള്‍ ടെമര്‍ ഈ അട്ടിമറിയിലൂടെ പ്രസിഡന്റായി അധികാരമേറ്റെടുക്കുകയും ചെയ്തു. 2014ല്‍ രണ്ടാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ദില്‍മയുടെ കാലാവധി 2018 വരെയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തെത്തിയ ബ്രസീലിയന്‍ വലതുപക്ഷത്തിന്റെ നേതാവായ ടെമര്‍ക്ക് ഇത്രയും കാലം അധികാരത്തില്‍ തുടരാന്‍ കഴിയും.
അങ്ങേയറ്റം പ്രതിലോമകരമായ വര്‍ണ-യാഥാസ്ഥിതിക കക്ഷിയാണ് ബ്രസീലിയന്‍ ഡമോക്രാറ്റിക് മൂവ്‌മെന്റ് പാര്‍ട്ടി. തിരഞ്ഞെടുക്കപ്പെടാതെ പാര്‍ലിമെന്ററി അട്ടിമറിയിലൂടെ അധികാരം കൈക്കലാക്കാന്‍ ആഗോള മൂലധന ശക്തികളുടെയും വന്‍കിട മാധ്യമങ്ങളുടെയും ഉദാരമായ സഹായം മൈക്കിള്‍ ടെമറിന് കിട്ടിയിട്ടുണ്ടെന്ന് വേണം അനുമാനിക്കാന്‍. സി ഐ എ അട്ടിമറിയാണ് ബ്രസീലില്‍ നടന്നതെന്നും സംശയിക്കണം.
മൈക്കില്‍ ടെമറുടെ മന്ത്രിസഭ പുരുഷന്മാരും വെള്ളക്കാരും മാത്രമുള്ളതാണ്. ദില്‍മാ റൂസഫ് പറഞ്ഞതുപോലെ സ്ത്രീവിദേ്വഷികളുടെയും വര്‍ണവെറിയന്മാരുടെയും അട്ടിമറിയാണ് ബ്രസീലില്‍ സംഭവിച്ചത്. 1985ല്‍ ജനാധിപത്യ പ്രക്രിയയിലേക്ക് വന്ന ബ്രസീലില്‍ അഴിമതിക്കും നവ കൊളോണിയല്‍ നയങ്ങള്‍ക്കുമെതിരായിട്ടുള്ള പോരാട്ടത്തിലൂടെയാണ് ഇടതുപക്ഷം ശക്തിപ്പെട്ടതും അധികാരത്തിലെത്തിയതും. ഇതോടെ സാമ്രാജ്യത്വ ആഗോളവത്കരണ കാലത്തെ ബദല്‍ നയങ്ങളുടെ പരീക്ഷണ ഭൂമിയായി ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡം മാറുകയുണ്ടായി.
അമേരിക്കന്‍ വന്‍കരയുടെ ഭാഗമായ പനാമക്ക് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന 18 രാഷ്ട്രങ്ങളാണ് തെക്കേ അമേരിക്കയിലുള്ളത്. വെനിസ്വേല, കൊളംബിയ, ഗയാന, സൂലിന, ഫ്രഞ്ച് ഗയാന, ബ്രസീല്‍, ഇക്വഡോര്‍, പെറു, ബൊളീവിയ, ഉറൂഗ്വ, ചിലി, അര്‍ജന്റീന തുടങ്ങിയ രാഷ്ട്രങ്ങള്‍. അമേരിക്കന്‍ ഐക്യനാടിന് തൊട്ട് തെക്കോട്ടുകിടക്കുന്ന രാജ്യങ്ങളാണ് മെക്‌സിക്കോ, ഗ്വാട്ടിമല, വെനീസ്, ഹോണ്ടുറാസ്, എല്‍സാല്‍വദോര്‍, നിക്കാരഗ്വ, കോസ്റ്ററിക, പനാമ തുടങ്ങിയ രാജ്യങ്ങള്‍. സ്വതന്ത്ര പരമാധികാര രാജ്യങ്ങളായ ഒന്നര ഡസനോളം കരീബിയന്‍ ദ്വീപ് സമൂഹങ്ങളും ചേര്‍ന്നതാണ് ലാറ്റിനമേരിക്ക എന്നറിയപ്പെടുന്ന ഭൂഖണ്ഡം.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്‍മുറ്റം എന്നറിയപ്പെടുന്ന ലാറ്റിനമേരിക്ക അവിരാമമായ കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെ ചരിത്രമുള്ള ഭൂഖണ്ഡമാണ്. ആഗോളവത്കരണത്തിന് ബദലുകളില്ല എന്ന പ്രചണ്ഡമായ വലതുപക്ഷ പ്രചാരണങ്ങള്‍ക്ക് മറുപടി എന്നോണമാണ് ക്യൂബന്‍ നേതാവ് കാസ്‌ട്രോവിന്റെ ഉപദേശനിര്‍ദേശമനുസരിച്ച് വെനിസ്വേലയിലെ ഷാവേസും ബൊളീവിയയിലെ ഈവ മൊറൈല്‍സും ബ്രസീലിലെ ലുലയും തുടര്‍ന്ന് ദില്‍മയുമെല്ലാം ബദല്‍ വികസന സമീപനത്തിലൂടെ നവ ലിബറലിസത്തിനെതിരായ രാഷ്ട്രീയ പ്രതിരോധവുമായി രംഗത്തുവന്നത്. ഇത് മൂന്നാം ലോക ദേശീയ ജനവിഭാഗങ്ങളെയും ലോകമെമ്പാടുമുള്ള സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളെയും സോഷ്യലിസ്റ്റ് ശക്തികളെയും ആവേശഭരിതരാക്കിയ രാഷ്ട്രീയ നീക്കങ്ങളായിരുന്നു.
അതേസമയം തന്നെ സാമ്രാജ്യത്വ ശക്തികളും അതിന്റെ നായകനായ അമേരിക്കയും ലാറ്റിനമേരിക്കയില്‍ ബദല്‍ നയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാറുകളെ അട്ടിമറിക്കാനുള്ള പ്രതിവിപ്ലവ നീക്കങ്ങളും ആരംഭിച്ചു. നവ ലിബറല്‍ മൂലധന കേന്ദ്രങ്ങള്‍ എല്ലാവിധ സഹായങ്ങളും നല്‍കി ഇവിടങ്ങളിലെ ഇടതുപക്ഷ സര്‍ക്കാറുകള്‍ക്കെതിരെ വലതുപക്ഷ യാഥാസ്ഥിതിക ശക്തികളെ ഇളക്കിവിട്ടു. ആയുധവും പണവും വരെ നല്‍കി അട്ടിമറികള്‍ ആസൂത്രണം ചെയ്യുകയുമുണ്ടായി. ഈയൊരു പരിസരത്തില്‍ നിന്നുവേണം ബ്രസീലിലെ ദില്‍മ സര്‍ക്കാറിനെതിരെ നടന്ന അട്ടിമറിയെ വിശകലനം ചെയ്യാന്‍. ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിറകിലുള്ള സി ഐ എ താത്പര്യങ്ങളെ കൃത്യമായി മനസ്സിലാക്കാന്‍ സി ഐ എയുടെ ലാറ്റിനമേരിക്കന്‍ അട്ടിമറികളുടെ ചരിത്രത്തിലൂടെ കടന്നുപോയാല്‍ മതിയാകും.
ബജറ്റ് കണക്കില്‍ കൃത്രിമം കാണിച്ചുവെന്നാണ് ദില്‍മക്കെതിരെയുള്ള ആരോപണം. പാര്‍ലിമെന്റിന്റെ അംഗീകാരമില്ലാതെ ക്ഷേമപദ്ധതികള്‍ക്കായി പണം വകമാറ്റി ചെലവാക്കി എന്നതാണ് നവ ലിബറല്‍ മൂലധനത്തിന്റെ പിന്‍ബലമുള്ള മൈക്കല്‍ ടെമര്‍ ദില്‍മക്കെതിരായി ഉന്നയിച്ച ആരോപണം. ജനങ്ങളുടെ ക്ഷേമകാര്യങ്ങള്‍ക്ക് പണം ചെലവഴിച്ചതിനെയാണ് അഴിമതിയായി ചിത്രീകരിച്ച് കുറ്റവിചാരണ നടത്തിയതെന്ന് മറുപക്ഷവും വാദിക്കുന്നു. എന്തായാലും ഈ കുറ്റവിചാരണക്ക് നേതൃത്വം കൊടുത്തവര്‍ വലിയ കോര്‍പറേറ്റ് കുംഭകോണങ്ങളില്‍ പങ്കാളികളായവരാണെന്ന വസ്തുത ആഗോള മുതലാളിത്ത മാധ്യമങ്ങള്‍ സമര്‍ഥമായി മറച്ചുപിടിക്കുകയായിരുന്നു. “ഓപറേഷന്‍ കാര്‍വാര്‍ഷ്” എന്നപേരില്‍ അനേ്വഷണം നേരിടുന്ന പെട്രോബ്രാസ് അഴിമതിക്കേസില്‍ പ്രതികളാണ് അട്ടിമറിക്ക് നേതൃത്വം കൊടുത്ത വലതുപക്ഷ പാര്‍ട്ടി നേതാക്കള്‍.
പ്രസിഡന്റ് സ്ഥാനത്തെത്തിയ മിസ്റ്റര്‍ ടെമര്‍ പൊതുമേഖലാ സ്ഥാപനമായ ഇലക്‌ട്രോന്യൂക്ലിയറിന്റെ കരാറുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷം ഡോളര്‍ കോഴ വാങ്ങി എന്ന ആരോപണം നേരിടുന്ന ആളാണ്. ഇദ്ദേഹം സി ഐ എ ഏജന്റാണെന്ന ആരോപണവും ശക്തമാണ്. ദില്‍മയുടെ വൈസ് പ്രസിഡന്റായിരിക്കെ തന്നെ സര്‍ക്കാറെടുക്കുന്ന എല്ലാ തീരുമാനങ്ങളുടെയും വിവരങ്ങള്‍ സി ഐ എക്ക് ചോര്‍ത്തി നല്‍കിയെന്നും ആരോപണമുണ്ട്. അതുകൊണ്ട് തന്നെ ഈ രാഷ്ട്രീയ അട്ടിമറി ഒരു സി ഐ എ പദ്ധതിയാണെന്ന് വരെ സംശയിക്കേണ്ടിവരും. വലിയ അഴിമതികളിലും അവിഹിത ധനസമ്പാദന ആരോപണത്തിലും കുടുങ്ങിക്കിടക്കുന്നവരാണ് സി ഐ എ സഹായത്തോടുകൂടി ഈ അട്ടിമറിക്ക് നേതൃത്വം കൊടുത്തത്.
ദില്‍മയെ ഇംപീച്ച്‌മെന്റ് ചെയ്യുന്നതിന് കഴിഞ്ഞ ഡിസംബറിലാണ് ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് എന്ന അധോസഭയില്‍ വോട്ടെടുപ്പ് നടന്നത്. ആ സഭയുടെ അധ്യക്ഷന്‍ എഗ്വാര്‍ഡോകുന്‍ഹ വന്‍ തുകയുടെ വിദേശ നിക്ഷേപമുള്ള ആളാണ്. സ്വിസ് ബേങ്കില്‍ ഇദ്ദേഹത്തിന്റെ അനധികൃത നിക്ഷേപം കണ്ടെത്തുകയുമുണ്ടായി. ദശലക്ഷക്കണക്കിന് ഡോളര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണവും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്നിട്ടുണ്ട്.
അധോസഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്ന ബ്രൂണോ അരാഞ്ചോ പെട്രോബാസ് കുംഭകോണത്തിലും റിയല്‍ എസ്റ്റേറ്റ് അഴിമതിയിലും മുങ്ങിക്കിടക്കുന്ന ആളാണ്. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ ഇംപീച്ച് ചെയ്ത സെനറ്റിന്റെ പ്രസിഡന്റ് റിനാം കാള്‍ഫിറോസ് ഒമ്പത് കള്ളപ്പണക്കേസില്‍ പ്രതിസ്ഥാനത്തുണ്ട്. ഗ്ലോബ് ആന്‍ഡ് മെയില്‍ ദിനപത്രം ചൂണ്ടിക്കാണിച്ചതുപോലെ ദില്‍മക്കെതിരെ വോട്ടുചെയ്ത സെനറ്റിലെ 539 അംഗങ്ങളില്‍ 60 ശതമാനം പേരും അഴിമതിക്കേസില്‍ അനേ്വഷണം നേരിടുന്നവരാണ്. സി ഐ എയുടെ കാര്‍മികത്വത്തില്‍ ബ്രസീലിയന്‍ വലതുപക്ഷവും അമേരിക്കന്‍ പെട്രോളിയം കമ്പനികളും ഒഗ്ലോബ പോലുള്ള കുത്തക മാധ്യമങ്ങളും നവ ലിബറല്‍ ശക്തികളും ചേര്‍ന്നാണ് ദില്‍മയെ അട്ടിമറിച്ചിരിക്കുന്നതെന്ന് വ്യക്തമാകുന്നു. സാമൂഹിക സുരക്ഷാ പദ്ധതികളുടെയും നവ ലിബറല്‍ പരിഷ്‌കാരങ്ങളെ നിരാകരിക്കുന്ന പൊതുമേഖലയുടെയും സാമൂഹിക ഉടമസ്ഥതയുടെയും മൂല്യങ്ങളെ മുറുകെപിടിച്ച ഭരണനയങ്ങളില്‍ അസഹിഷ്ണുക്കളായ വലതുപക്ഷ ശക്തികളാണ് ആഗോള സാമ്രാജ്യത്വത്തിന്റെ സഹായത്തോടെ ഈ അട്ടിമറി സംഘടിപ്പിച്ചത്.
ലുല ഡാല്‍സില്‍വയുടെയും ദില്‍മയുടെയും ഭരണകാലത്ത് നിരവധി ക്ഷേമപദ്ധതികളാണ് ബ്രസീലില്‍ നടപ്പാക്കിയത്. ദരിദ്ര കുടുംബങ്ങളെ സഹായിക്കുന്ന ബോള്‍സാഫാമിലിയ പോലുള്ള പദ്ധതികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ദരിദ്രര്‍ക്ക് വീട്ടില്‍ പണമെത്തിക്കല്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സംവരണം, പൊതുമേഖലക്ക് ഊന്നല്‍ നല്‍കിയ പെട്രോബാസ് പോലുള്ള എണ്ണ കമ്പനികള്‍ തുടങ്ങിയവ നവ ലിബറലിസത്തിന് ബദലായി ബ്രസീലില്‍ ഇവരുടെ കാലത്ത് നടപ്പാക്കിയ പദ്ധതികളാണ്.
അമേരിക്കന്‍ എണ്ണ ഭീമന്മാരെയും അവരുടെ ഖനന- സംസ്‌കരണ സഹായങ്ങളെയും സമ്പൂര്‍ണമായി തിരസ്‌കരിക്കുകയാണ് ദില്‍മ ചെയ്തത്. ഷവറോണ്‍, എക്‌സന്‍മൊബില്‍ തുടങ്ങിയ അമേരിക്കന്‍ കമ്പനികളെ ഉപേക്ഷിക്കുകയും ചൈനീസ് എണ്ണകമ്പനിയായ സിനോപെകുമായി ബ്രസീല്‍ കരാര്‍ ഉണ്ടാക്കിയതും അമേരിക്കന്‍ കോര്‍പറേറ്റുകളെയും ഭരണകൂടത്തെയും പ്രകോപിപ്പിച്ചിരുന്നു. ദരിദ്രരെ സഹായിക്കുന്ന പദ്ധതികളും ഭൂപരിഷ്‌കരണ നടപടികളും ബ്രസീലിലെ ബൂര്‍ഷ്വാ- ഭൂപ്രഭു വര്‍ഗങ്ങളെ അങ്ങേയറ്റം അസഹിഷ്ണുതയിലാക്കി. അമേരിക്കന്‍ കോര്‍പറേറ്റുകളും ബ്രസീലിലെ ബൂര്‍ഷ്വാ- ഭൂപ്രഭു വര്‍ഗങ്ങളും ചേര്‍ന്നാണ് വലതുപക്ഷ ശക്തികളുടെ മുന്‍കൈയില്‍ ദില്‍മയെ താഴെയിറക്കിയതെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നുണ്ട്. സി ഐ എയുടെ ഗൂഢാലോചനക്കും ബ്രസീലിലെ വലതുപക്ഷ അട്ടിമറിക്കുമെതിരെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാകെ പ്രതിഷേധം പുകയുകയാണ്. ബൊളീവിയയും ഇക്വഡോറും വെനിസ്വേലയും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ബ്രസീലില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. ക്യൂബ ദില്‍മയുടെ അട്ടിമറിയെ ശക്തമായി വിമര്‍ശിച്ച് രംഗത്തുവന്നിട്ടുമുണ്ട്.