ആധാരത്തിന് പുതിയ ഭാഷയും രീതിയും

Posted on: September 8, 2016 6:00 am | Last updated: September 7, 2016 at 11:44 pm
SHARE

തീവണ്ടിയുടെ ബോഗി പോലെയാണ് നമ്മുടെ ആധാരത്തിലെ ഭാഷ. കൂട്ടിഘടിപ്പിച്ച പദാവലികളും അരോചകമായ ഘടനാവിന്യാസവുമെല്ലാം ചേര്‍ന്ന് ആകെ ആശയക്കുഴപ്പത്തിലാക്കുകയും ചിരിപ്പിച്ചു കൊല്ലുകയും ചെയ്യും അത്. ഒന്നാം കക്ഷിയും ആറാം കക്ഷിയുടെ പേരമകളുടെ അമ്മായിയമ്മയും രണ്ടാം സാക്ഷിയുടെ മുത്തച്ഛനും കുറെ ടിയാന്മാരും ആ കടലാസില്‍ കിടന്ന് കടിപിടി കൂടുന്നത് കാണുമ്പോള്‍ ആരും അന്ധാളിച്ചുപോകും. വസ്തുവക ഇവരെല്ലാം ചേര്‍ന്ന് എന്താണ് ചെയ്തു തീര്‍ക്കുന്നതെന്നറിയണമെങ്കില്‍ മലയാള ഭാഷയിലേക്ക് നല്ലൊരു പരാവര്‍ത്തനം തന്നെ വേണ്ടിവരും.
ആധാരം സ്വന്തമായെഴുതുന്നതിന്റെ ഭാഗമായി 19 ഇനം ആധാരങ്ങളുടെ മാതൃക രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത് ഈയൊരു പ്രശ്‌നത്തെക്കൂടി മുന്നില്‍ കണ്ടാണ്. ക്ലിഷ്ടമായ ഭാഷയും ശൈലിയും ലളിതമാക്കി സരളമായാണ് പ്രമാണങ്ങളുടെ മാതൃകകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ മാതൃക നോക്കി വേണ്ട മുദ്രപത്രത്തില്‍ എഴുതി രജിസ്റ്റര്‍ ചെയ്യാം. ആധാരം പോലെ പ്രധാനമായ ഒരു വ്യവഹാരത്തിന്റെ ഭാഷ ഇങ്ങനെ ദുര്‍ഗ്രഹമാകുന്നതെന്തിന് എന്ന സംശയം സംഗതമാണ്? ഡോക്ടറുടെ കുറിപ്പടി വായനാക്ഷമമല്ലാത്തതിന്റെ താത്പര്യങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അതുപോലെ വല്ലതും ആണോ അതല്ല, കാലങ്ങളായി നവീകരിക്കപ്പെടാതെ പോയതുകൊണ്ടാണോ ഈ വൈകൃതം? രണ്ടായാലും മനസ്സിലാകുന്ന രീതിയിലാകുന്നു ആധാരം എന്നത് ശ്ലാഘനീയമാണ്.
പ്രമാണം സ്വയം ചമക്കുമ്പോള്‍ സംഭവിച്ചേക്കാവുന്ന കെണികളും മറികളുമുണ്ട്. അണ കടന്ന വെള്ളം നോക്കി അലച്ചിട്ടു കാര്യമില്ല എന്നാണല്ലോ. ഞങ്ങളാകുമ്പോള്‍ വരുംവരായ്കകള്‍ കക്ഷികള്‍ക്ക് പറഞ്ഞുകൊടുക്കുമെന്ന് ആധാരമെഴുത്തുകാര്‍ പറയുന്നു. ഇതില്‍ ചില വസ്തുതകളുണ്ട് താനും. അതേസമയം, സ്വന്തം ആധാരമെഴുതുന്നവര്‍ക്ക് അതിലെ തെറ്റുകള്‍ ബോധ്യപ്പെടുത്തുകയും വരുംവരായ്കകള്‍ സൂചിപ്പിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ട്. കരട് പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ സബ് രജിസ്ട്രാര്‍മാര്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിഷ്‌കര്‍ഷ. അത് കാര്യക്ഷമമാണെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് ഉറപ്പ് വരുത്തേണ്ടതുണ്ട്. അങ്ങനെയാകുമ്പോള്‍ ആ പ്രശ്‌നം പരിഹിക്കാനാകും. ആധാരമെഴുത്തുകാരെ സമീപിക്കുമ്പോള്‍ കൂടുതല്‍ അവധാനതയുണ്ടാകും. ഒപ്പം ആലോചനാ നേരവുമുണ്ട്. എടുത്തു ചാടി എന്തെങ്കിലും ചെയ്തുപോയി പിന്നെ പരിഭവിച്ചിട്ട് കാര്യമുണ്ടാകില്ല. മക്കളും മാതാപിതാക്കളും തമ്മിലാണെങ്കില്‍ പോലും ആലോചിക്കാതെ ഒന്നും ചെയ്തുകൂടാത്ത സാഹചര്യമുണ്ട് ഇക്കാലത്ത്. അതുകൊണ്ടുതന്നെ വളരെയേറെ ആലോചന ആധാരം തയ്യാറാക്കുമ്പോള്‍ അനിവാര്യമാണെന്ന് പറയാം.
തീരാധാരവും ദാനാധാരവുമൊക്കെ ചിലപ്പോള്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിഞ്ഞേക്കും. എന്നാല്‍, അവകാശം മടങ്ങുന്നത്, കൂട്ടുസ്വത്ത് ഭാഗം ചെയ്യുന്നത് തുടങ്ങി സങ്കീര്‍ണമായ ക്രയവിക്രയങ്ങള്‍ ലാഘവത്തോടെ നടപ്പില്ല. അതുകൊണ്ട് തന്നെ വ്യവഹാരങ്ങള്‍ക്ക് ശേഷം നിയമനടപടികള്‍ കൂടാനുള്ള സാധ്യതയുമുണ്ട്. പുതിയ നിയമത്തിന്റെ സാഹചര്യത്തില്‍ ആളുകളെ ഇതിന് എങ്ങനെ പ്രാപ്തമാക്കാമെന്ന് സര്‍ക്കാര്‍ ആലോചിക്കുമെന്ന് കരുതുക. സ്വയം ആധാരമെഴുത്ത് അപ്രായോഗികമാണെന്നും എത്ര ആധാരങ്ങള്‍ ഇങ്ങനെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു എന്നത് തന്നെ ഇതിന്റെ തെളിവാണെന്നും ആധാരമെഴുത്തുകാര്‍ വാദിക്കുന്നു. ഇത് തുടക്കത്തിലെ പ്രശ്‌നമായി കണ്ടാലും മതിയാകും.
പ്രമാണം സ്വയം എഴുതാമെന്ന് വന്നതോടെ തൊഴില്‍ പ്രതിസന്ധി നേരിടുന്ന ആധാരമെഴുത്തുകാരുടെ വിഷയമുണ്ട്. ആധാരമെഴുത്തിന് ലൈസന്‍സുള്ളവരും എഴുത്ത് തൊഴിലായി സ്വീകരിച്ചവരുമായി കുറേയാളുകള്‍ പ്രവര്‍ത്തിക്കുന്നു. തൊഴില്‍രഹിതരുടെ സാന്ദ്രത നന്നായുള്ള കേരളം പോലെയൊരു സംസ്ഥാനത്ത് സാമാന്യം ചെറിയൊരു വിഭാഗത്തിന്റെ പോലും തൊഴിലിടങ്ങള്‍ അന്യമാകുന്നത് പ്രതിസന്ധിയാകും. പുതിയ ജീവിത സാഹചര്യങ്ങളുടെ കുത്തൊഴുക്കില്‍ സ്വന്തം തൊഴിലിടങ്ങളില്‍ നിന്ന് ഇറങ്ങിയോടേണ്ടിവരുന്ന നിരവധി കുലത്തൊഴിലുകളുണ്ട്. ഇടം നഷ്ടപ്പെടുന്ന ഇവര്‍ക്ക് വഴി തുറന്നുകൊടുക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. അതേസമയം, കമ്പ്യൂട്ടര്‍ വന്നാല്‍ പണി പോകും എന്ന പേടിയെ നാം മുറിച്ചുകടന്നിട്ടുമുണ്ടല്ലോ.
കൈക്കൂലി നിര്‍ത്താനാണ് ആധാരമെഴുത്തുകാരെ ഒഴിവാക്കുന്നത് എന്നാണ് പറയുന്നത്. പരിഹാരം ഇതല്ലെന്നും അഴിമതി വിപാടനം ചെയ്യാന്‍ ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്താനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കുകയാണ് വേണ്ടതെന്നും ഇവര്‍ പറയുന്നു. ആ ഒരാര്‍ജവം രജിസ്‌ട്രേഷന്‍ മന്ത്രി ജി സുധാകരനില്‍ നിന്ന് പ്രത്യാശിക്കുക. ഇവിടെ അടിസ്ഥാനപരമായ ചില വസ്തുതകളുണ്ട്. എന്തുകൊണ്ട് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഇത്ര വലിയ അഴിമതി എന്നതിന്റെ ഉത്തരം, മിക്ക ആളുകളെ സംബന്ധിച്ചും രജിസ്‌ട്രേഷന്‍ ജീവിതത്തില്‍ അപൂര്‍വമായി മാത്രമായിരിക്കും എന്നതാണ്. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും ഈ പൊല്ലാപ്പൊന്ന് ഒഴിവാകട്ടെ എന്നാകും മിക്കവരും ആലോചിക്കുക. ഇത് കക്ഷികളുടെ കാര്യം. എന്നാല്‍, വാങ്ങുന്നവരെ അപേക്ഷിച്ച് കൈക്കൂലി നിത്യമാണ്; ഉയര്‍ന്ന സംഖ്യയുമാണ്. മറ്റൊരു പരാതി രജിസ്‌ട്രേഷന്‍ ഫീസിന്റെ റസിപ്റ്റ് കക്ഷികളില്‍ നിന്ന് മറച്ചുവെക്കുന്നു എന്നതാണ്. എന്നിട്ട് മൊത്തം ഒരു തുക കക്ഷികളില്‍ നിന്ന് ഈടാക്കുമത്രേ. ഈ ആരോപണങ്ങളൊക്കെ വന്ന സാഹചര്യമാണ് ആധാരമെഴുത്ത് സുതാര്യമാക്കുക എന്ന തീരുമാനത്തിലെത്തിച്ചത്.
പുതിയ രീതി വരുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് ജാഗരൂകമാകേണ്ടതുണ്ട്. തൊഴില്‍ നഷ്ടപ്പെടുന്ന ആധാരമെഴുത്തുകാരുടെ കാര്യവും പ്രധാനമാണ്. ഗുണകാംക്ഷയോടെയുള്ള നടപടിയാണെങ്കിലും ആരും തെരുവാധാരമാകരുതല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here