Connect with us

National

ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ അപമാനിച്ചു; ഇന്ത്യ പ്രതിഷേധം അറിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കശ്മീര്‍ വിഷത്തില്‍ പ്രതികരണം നടത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുക്കേണ്ട പരിപാടി അവസാന നിമിഷം പാക്കിസ്ഥാന്‍ റദ്ദാക്കി. പാക് നടപടിയില്‍ ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. കറാച്ചി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബംബാവാലെ പങ്കെടുക്കാനുണ്ടായിരുന്നത്. എന്നാല്‍ പരിപാടി തുടങ്ങാന്‍ അര മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയാണ് പാക്കിസ്ഥാന്‍ പരിപാടി റദ്ദാക്കിയത്. ഇത് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ അപമാനിക്കുന്നതാണെന്ന് കാണിച്ചാണ് പാക്ക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്. പ്രത്യേക കാരണമൊന്നും ചൂണ്ടിക്കാണിക്കാതെയാണ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പരിപാടി റദ്ദാക്കിയത്. പരിപാടി തുടങ്ങുന്നതിന് തൊട്ട് മുമ്പ് പരിപാടി റദ്ദാക്കിയതായി അറിയിക്കുന്നത് സംഘാടകര്‍ അംബാസഡറോട് കാണിച്ച അവഹേളമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികളെ അവരുടെ ജോലി പ്രശ്‌നങ്ങളില്ലാതെ ചെയ്യാന്‍ പാക്കിസ്ഥാന്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ വക്താവ് സ്വരൂപ് വികാസ് വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കറാച്ചി ചേംബര്‍ ഓഫ് കൊമേഴ്‌സ് പരിപാടി നിശ്ചയിച്ചിരുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് രണ്ട് ആഴ്ച മുമ്പാണ് ബംബാവാലക്ക് കറാച്ചി ചേംബര്‍ ഓഫ് കൊമേഴ്‌സ് ക്ഷണക്കത്ത് നല്‍കിയിരുന്നുവെങ്കിലും പരിപാടി നടക്കുന്നതിന് തൊട്ട് മുമ്പ് മാത്രമാണ് പരിപാടി റദ്ദാക്കിയതായി അറിയിക്കുന്നത്. റദ്ദാക്കുന്നതിനുള്ള പ്രത്യേക കാരണങ്ങളൊന്നും ചേംബര്‍ ഓഫ് കൊമേഴ്‌സ് അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം, കഴിഞ്ഞ ദിവസം കശ്മീര്‍ വിഷയത്തില്‍ ബംബവാലെ പാക്കിസ്ഥാനെ വിമര്‍ശിച്ച് പ്രസ്താവന നടത്തിയിരുന്നു, ഇതാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചതെന്നാണ് വിലയിരുത്തുന്നത്. കശ്മീര്‍ വിഷയത്തില്‍ ചില്ലുമേടയിലിരിക്കുമ്പോള്‍ മറ്റുള്ളവരുടെ മേല്‍ കല്ലെറിയാന്‍ പോകരുതെന്ന് കാശ്മീരിലെ പാക്ക് ഇടപെടല്‍ സംബന്ധിച്ച് കറാച്ചി കൗണ്‍സിലിന്റെ പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മറ്റ് രാഷ്ട്രങ്ങള്‍ പ്രശ്‌നത്തില്‍ ഇടപെടുന്നതിന് മുമ്പ് സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാക്കിസ്ഥാന്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനയാണ് പാക്കിസ്ഥാനെ പരിപാടി റദ്ദാക്കുന്നതിലേക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.
കഴിഞ്ഞ ജനുവരിയില്‍ പാക്കിസ്ഥാനിലെ അംബാസഡറായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി കറാച്ചിയിലെത്തിയതായിരുന്നു ബംബാവാലെ.

Latest