ഒപെക് അനൗപചാരിക യോഗത്തിന് കരുത്ത് പകരുമെന്ന് അല്‍ സദ

Posted on: September 7, 2016 7:15 pm | Last updated: September 7, 2016 at 7:15 pm
SHARE

qatarദോഹ: ജി20 ഉച്ചകോടിക്കിടെ എണ്ണയുത്പാദനം, വില എന്നിവയെ സംബന്ധിച്ച് സഊദി അറേബ്യയും റഷ്യയും ചര്‍ച്ച ചെയ്തതിനെ ഖത്വര്‍ സ്വാഗതം ചെയ്തു. എണ്ണ വിപണിയിലെ ചാഞ്ചാട്ടം നിയന്ത്രിക്കുന്നതിന് സഹകരിക്കുമെന്ന് ഇരുരാഷ്ട്രങ്ങളും സംയുക്ത പ്രസ്താവന നടത്തിയിരുന്നു. വിപണി മേല്‍നോട്ടത്തിന് കര്‍മസംഘത്തെ രൂപവത്കരിക്കുകയും എണ്ണവില സ്ഥിരപ്പെടുത്താന്‍ ശിപാര്‍ശകള്‍ നടത്തുകയും എണ്ണ വിപണിയില്‍ നിക്ഷേപം ഉറപ്പുവരുത്താന്‍ ശ്രമിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. അള്‍ജീരിയയില്‍ ഈ മാസം അവസാനം നടക്കുന്ന ഒപെക് അനൗപചാരിക സമ്മേളനത്തിന് ഈ പ്രസ്താവന കരുത്ത് പകരുമെന്ന് ഊര്‍ജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ സദ പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ രണ്ട് എണ്ണയുത്പാദക രാഷ്ട്രങ്ങളുടെ തീരുമാനത്തെ ഖത്വര്‍ പിന്തുണക്കുന്നതായി അല്‍ സദ പറഞ്ഞു. അള്‍ജീരിയന്‍ ഊര്‍ജ മന്ത്രി നൂറുദ്ദീന്‍ ബൗതാര്‍ഫ, ഒപെക് സെക്രട്ടറി ജനറല്‍ മുഹമ്മദ് സനൂസി ബാര്‍കിന്ദോ എന്നിവരുമായി ദോഹയില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണ വിപണിയെ സംബന്ധിച്ച നിലപാട് ഏകോപിപ്പിക്കുക, ഒപെക് അനൗപചാരിക യോഗത്തിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയവയാണ് ചര്‍ച്ച ചെയ്തത്. എണ്ണക്ക് യോജിച്ച വില ലഭിക്കണമെന്നത് ഉത്പാദകരുടെയും ഉപഭോക്താക്കളുടെയും ഒരുപോലെയുള്ള താത്പര്യപ്രകാരമാണെന്ന ധാരണ എല്ലാ കക്ഷികള്‍ക്കും ഉണ്ടാകുന്നതിനാണ് ഒപെക് അംഗങ്ങള്‍ക്കിടയില്‍ ഈയടുത്ത് കൂടിക്കാഴ്ചകള്‍ വര്‍ധിച്ചത്.
വിപണിയില്‍ എണ്ണ വില സ്ഥിരത കൈവരിക്കണമെന്ന താത്പര്യം ജനിപ്പിക്കാനാണ് ഒപെക് പ്രസിഡന്റ് എന്ന നിലയില്‍ ഖത്വര്‍ ശ്രമിക്കുന്നതെന്ന് ഒപെക് പ്രസിഡന്റ് കൂടിയായ അല്‍ സദ പറഞ്ഞു. ദോഹയില്‍ തുടര്‍ച്ചയായി രണ്ട് യോഗങ്ങള്‍ നടത്തിയത് ഈ താത്പര്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച (ജി ഡി പി) നാല് ശതമാനം നേടി ഖത്വര്‍ സമ്പദ്‌വ്യവസ്ഥ ശക്തമായ നിലയിലാണ്. എണ്ണ വില നിരീക്ഷിക്കുന്നതിന് സംവിധാനം വേണമെന്ന നിലപാട് ഇരുരാഷ്ട്രങ്ങളുടെയും ശരിയായ തീരുമാനത്തെയാണ് കാണിക്കുന്നത്. ചോദനവും വിതരണവും സമതുലിതമായി കൊണ്ടുപോകുകയെന്ന നയം എല്ലാ ഉത്പാദക രാഷ്ട്രങ്ങളും കാത്തുസൂക്ഷിക്കുകയാണെങ്കില്‍ എണ്ണ വില സ്ഥിരത കൈവരിക്കും. എണ്ണ വിപണിയിലും ആഗോള സമ്പദ്ഘടനയിലും സാമൂഹികപരമായും സാമ്പത്തികമായും ആഘാതമുണ്ടാക്കുന്ന ഘടകങ്ങളെ ഇല്ലായ്മ ചെയ്യാനും എല്ലാവരും ഒത്തൊരുമിക്കണം. എണ്ണക്ക് യോജിച്ച വില ലഭിച്ചാലേ ഉത്പാദക രാഷ്ട്രങ്ങള്‍ക്ക് എണ്ണ, വാതക ഡ്രില്ലിംഗിലും അനുബന്ധ മേഖലകളിലും കൂടുതല്‍ നിക്ഷേപമിറക്കാനും ആഗോള സമ്പദ്‌വ്യവസ്ഥക്ക് കരുത്ത് പകരാനും സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.