Connect with us

Gulf

വില്ലയില്‍ കഞ്ചാവ് വളര്‍ത്തിയ സ്വദേശിക്ക് 10 വര്‍ഷം തടവ്‌

Published

|

Last Updated

ദുബൈ: സ്വന്തം ആവശ്യത്തിനായി വില്ലയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ സ്വദേശിക്ക് 10 വര്‍ഷം തടവ് വിധിച്ചു. തടവ് ശിക്ഷക്ക് പുറമെ 50,000 ദിര്‍ഹം പിഴയും അടക്കണം.
കഞ്ചാവ് കൃഷി ചെയ്യുക, മയക്കുമരുന്ന് കൈവശം വെക്കുക, ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിരിക്കുന്നത്. 380.08 കിലോ തൂക്കം വരുന്ന കഞ്ചാവ് ചെടികള്‍ ഇയാളുടെ അബുദാബിയിലെ വില്ലയില്‍ നിന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. പ്രതിയുടെ മൂത്രം പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. കഞ്ചാവ് വളര്‍ത്തുന്നതിനോടൊപ്പം ആവശ്യാനുസരണം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുത്തതിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ അല്‍ ഐന്‍-ദുബൈ റോഡില്‍ വെച്ച് ഇയാളുടെ കാറില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അബുദാബി റുവൈസിലുള്ള പ്രതിയുടെ വില്ലയില്‍ നിന്ന് കഞ്ചാവ് ചെടികള്‍ പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. കഞ്ചാവ് ചെടികള്‍ വേഗത്തില്‍ വളരാനുള്ള രാസവസ്തുക്കളും മൂന്ന് മുറികളില്‍ നിന്നായി കണ്ടെത്തി. 38 ബക്കറ്റുകളിലായി നട്ടു പിടിപ്പിച്ച ചെടികളും മയക്കുമരുന്ന് വിരുദ്ധ വിഭാഗം കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തില്‍ ഇയാളുടെ ഷാര്‍ജയിലെ മറ്റൊരു വീട്ടില്‍ വെച്ച് 1700ഓളം ആംഫിതമിന്‍ ഗുളികകളും കണ്ടെത്തിയിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.