ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ദേശങ്ങള്‍ പാലിക്കാതെയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Posted on: September 7, 2016 11:23 am | Last updated: September 7, 2016 at 11:25 am
SHARE

മലപ്പുറം: തൊഴിലിടങ്ങളില്‍ ഇതര സംസ്ഥാനക്കാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ഉടമകള്‍ തയ്യാറാവണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വേങ്ങര കണ്ണമംഗലത്ത് ക്വാറി തൊഴിലാളിയായ തമിഴ്‌നാട് സ്വദേശി കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ പ്രതികരണം.
ജില്ലാ ലേബര്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിലെ ഗുരുതര വീഴ്ച കണ്ടെത്തി. ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴില്‍ വകുപ്പിന്റെ നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. ക്വാറികള്‍ തൊഴില്‍ നിയമങ്ങള്‍ പൂര്‍ണമായും പാലിക്കണം.
തൊഴിലാളികളുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തണം. തൊഴിലാളികളുടെ രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. വേങ്ങരയിലെ തൊഴിലാളിയുടെ മരണം സ്വാഭാവികമാണെന്ന് അന്വേഷത്തില്‍ തെളിഞ്ഞിട്ടുണ്ട്. പരാതിക്കാരോ മരിച്ച വ്യക്തിയുടെ ബന്ധുക്കളോ ഹാജരാവത്തതിലും കമ്മീഷന്‍ ആശങ്ക രേഖപ്പെടുത്തി. കേസ് തുടരണമോ അവസാനിപ്പക്കണമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ മരിച്ച വണ്ടൂര്‍ സ്വദേശി രമണന്റെ കുടുംബത്തിന് നഷ്ടം പരിഹാരം ലഭ്യമാക്കുന്നതില്‍ വന്ന വീഴ്ച പരിശോധിക്കും. മൂന്ന് തവണ ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും ഡി ജി പിക്കും പരാതി നല്‍കിയതാണ്.
എന്നാല്‍ ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല. നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു തവണ കൂടി നോട്ടീസ് നല്‍കാനും കമ്മീഷന്‍ തീരുമാനിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിക്കുന്ന ആളിന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതിയുടേയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും വിധ നിലനില്‍ക്കെ ഇത്തരത്തിലൊരു നിലപാടുമായി അഭ്യന്തര വകുപ്പു മുന്നോട്ടുപോകുന്നതില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. താനൂര്‍ മണ്ഡലത്തിലെ ഉണ്യാല്‍, തിരൂര്‍ മണ്ഡലത്തിലെ വെട്ടം ആലിന്‍ചുവട് പ്രദേശങ്ങളില്‍ നടക്കുന്ന അക്രമത്തിലെ ഇരകള്‍ക്ക് നഷ്ട പരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട പ്രദേശവാസികള്‍ നല്‍കിയ പരാതി കമ്മീഷന്‍ സ്വീകരിച്ചു. വീട്ടമ്മമാരടക്കം 22 പേരാണ് പരാതി നല്‍കിയത്. ഇതു സംബന്ധിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഫ്രാന്‍സില്‍ ജോലി വാഗ്ദാനം ചെയ്തു റഷ്യയില്‍ എത്തിച്ച പരാതിയിലും കമ്മീഷന്‍ കേസെടുത്തു. സമാനമായ കേസ് കഴിഞ്ഞ സിറ്റിംഗിലും ലഭിച്ചിരുന്നു. റേഷന്‍ കടയുടമ അനുവദിക്കപ്പെട്ട അരി മുഴുവന്‍ നല്‍കുന്നില്ലെന്ന പരാതിയിലും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. കുറ്റിപ്പുറം എം ഇ എസ് കോളജിലെ റാഗിംഗ് ഉള്‍പ്പെടെ 33 പരാതികളാണ് കമ്മീഷന്‍ മുമ്പാകെ ലഭിച്ചത്. ഏഴെണ്ണം ഇന്നലെ തീര്‍പ്പാക്കി. ജില്ലയിലെ അടുത്ത സിറ്റിംഗ് ഒക്‌ടോബര്‍ 14ന് നടക്കും.