Connect with us

Kerala

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി; 14ന് കൂട്ട ഉപവാസം; 27ന് സൂചനാ പണിമുടക്ക്

Published

|

Last Updated

തിരുവനന്തപുരം: കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ (കെ ജി എം ഒ എ) നേത്യത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. പത്താം ശമ്പളപരിഷ്‌കരണത്തോടെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ശമ്പളം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, ജനസംഖ്യ ആനുപാതികമായി ഡോക്ടര്‍മാരെ നിയമിക്കുക, അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരുടെ അലവന്‍സ് പരിഷ്‌കരിക്കുക, സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേഡറിലെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. കെ ജി എം ഒ എയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കഴിഞ്ഞ ആറ് മാസമായി സമരപാതയിലാണ്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ സമരമുറകള്‍ തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കെ ജി എം ഒ എ സംസ്ഥാന പ്രസി. ഡോ. മധു ഉദ്ഘാടനം ചെയ്തു. പ്രൈവറ്റ് പ്രാക്ടീസ് ബഹിഷ്‌കരിച്ചുകൊണ്ട് സെപ്റ്റംബര്‍ ആറിന് സെക്രട്ടറിയേറ്റ് ധര്‍ണയും നിസഹകരണ സമരവും 14ന് സെക്രട്ടറിയേറ്റില്‍ കൂട്ട ഉപവാസവും 27ന് സൂചനാപണിമുടക്കും നടത്തും. തുടര്‍ന്ന് അനിശ്ചിതകാല സമരവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 27ലെ പണിമുടക്ക് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.