ദുബൈയില്‍ തോല്‍വിയറിയാതെ മുംബൈ സിറ്റി

Posted on: September 7, 2016 6:44 am | Last updated: September 7, 2016 at 9:46 am
മുംബൈ സിറ്റിയും അല്‍ വാസലും സൗഹൃദ ഫുട്‌ബോളില്‍ ഏറ്റുമുട്ടുന്നു
മുംബൈ സിറ്റിയും അല്‍ വാസലും സൗഹൃദ ഫുട്‌ബോളില്‍ ഏറ്റുമുട്ടുന്നു

ദുബൈ: പ്രീ സീസണ്‍ പരിശീലന മത്സരത്തില്‍ തോല്‍വിയറിയാതെ മുംബൈ സിറ്റി എഫ് സി. ഇന്നലെ സബീല്‍ സ്റ്റേഡിയത്തില്‍ അല്‍ വാസലിനെതിരെ നടന്ന സൗഹൃദ മത്സരം 1-1 ന് പിരിഞ്ഞു.
ആഗസ്റ്റ് 26ന് എ എഫ് സി ചാമ്പ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളായ അല്‍ അഹ്‌ലിയെ 1-2ന് തോല്‍പ്പിച്ചിരുന്നു മുംബൈ ടീം. ഐ എസ് എല്‍ മൂന്നാം സീസണിന്റെ ഒരുക്കത്തിനായി 36 ദിവസ ക്യാമ്പാണ് ദുബൈയില്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിലും പേരിനൊന്ന പെരുമ പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ട ടീമാണ് മുംബൈ. ഡിയഗോ മറഡോണ മുമ്പ് പരിശീലിപ്പിച്ച ടീമായ അല്‍ വാസലിനെതിരെ മുംബൈയുടെ ഗോള്‍ നേടിയത് അര്‍ജന്റീനക്കാരനായ ഗാസ്റ്റന്‍ സാന്‍ഗോയ് ആണ്. മുഹമ്മദ് ഖല്‍ഫാനാണ് അല്‍വാസലിനായി സ്‌കോര്‍ ചെയ്തത്. മുംബൈ സിറ്റിയുടെ പരിശീലകന്‍ അലക്‌സാണ്ടര്‍ ഗ്യുമറെസ് അല്‍വാസല്‍ എഫ് സിയുടെ മുന്‍ പരിശീലകനായിരുന്നു. 2010 ല്‍ ഗള്‍ഫ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് അല്‍ വാസല്‍ നേടിയത് ഗ്യുമറെസിന് കീഴിലാണ്.
ഛേത്രി മുംബൈക്കൊപ്പം
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണിലും മുംബൈ സിറ്റി എഫ് സി ഇന്ത്യയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിയുടെ സേവനം ഉറപ്പാക്കി. കഴിഞ്ഞ ഐ എസ് എല്‍ സീസണില്‍ ഏഴ് ഗോളുകള്‍ നേടിയ ഛേത്രിയാണ് ഇന്ത്യന്‍ താരങ്ങളില്‍ ടോപ് സ്‌കോറര്‍ സ്ഥാനത്ത്. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ ഛേത്രി അമ്പത്തൊന്ന് രാജ്യാന്തര ഗോളുകള്‍ നേടിയിട്ടുണ്ട്. 2015-16 ഐ ലീഗ് സീസണിലും ഛേത്രി തന്നെ ടോപ് സ്‌കോറര്‍. ഛേത്രിയുടെ ടീമായ ബെംഗളുരു എഫ് സിയാണ് ഐ ലീഗ് ചാമ്പ്യന്‍മാര്‍.
മോഹന്‍ ബഗാനില്‍ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ച ഛേത്രി 2010ല്‍ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ കസന്‍സാസ് സിറ്റി വിസാഡ്‌സിനായും കളിച്ചു. എം എല്‍എസ് ലീഗ് ക്ലബ്ബുമായി കരാറിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഛേത്രി. പോര്‍ച്ചുഗീസ് ക്ലബ്ബ് സ്‌പോര്‍ട്ടിംഗിന്റെ ബി ടീമിലും കളിച്ച ഛേത്രി ഇന്ത്യന്‍ ഫുട്‌ബോളില്‍ ഡെംപോ ഗോവ, ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, ബെംഗളുരു എഫ് സി എന്നീ ടീമുകള്‍ക്കായും കളിച്ചു.
കഴിഞ്ഞ സീസണിലാണ് ഛേത്രി മുംബൈക്ക് വേണ്ടി ഐ എസ് എല്ലില്‍ അരങ്ങേറിയത്. രണ്ടാം മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിക്കൊണ്ടായിരുന്നു ഛേത്രിയുടെ ഐ എസ് എല്‍ ഗോളടിയുടെ തുടക്കം. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിക്കെതിരെ നേടിയ ഹാട്രിക്ക് ഛേത്രിയുടെ മികച്ച പ്രകടനങ്ങളില്‍ ഒന്നായി. മുംബൈ സിറ്റി എഫ് സി ക്ലബ്ബില്‍ തുടരുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഛേത്രി പ്രതികരിച്ചു.