ട്വന്റി20യില്‍ ആസ്‌ത്രേലിയക്ക് ലോക റെക്കോര്‍ഡ്‌

Posted on: September 7, 2016 7:41 am | Last updated: September 7, 2016 at 9:44 am
SHARE

Sri Lanka Australia Cricketപല്ലെക്കലെ: ട്വന്റിട്വന്റി ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ ഉയര്‍ത്തി ആസ്‌ത്രേലിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ആസ്‌ത്രേലിയ 263 റണ്‍സടിച്ചതാണ് പുതിയ ലോകറെക്കോര്‍ഡായി മാറിയത്.
ഒമ്പത് വര്‍ഷം മുമ്പ് ശ്രീലങ്ക കെനിയക്കെതിരെ നേടിയ 260/6 ആയിരുന്നു മുന്‍ ലോക റെക്കോര്‍ഡ്. ഓപണിംഗ് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ 65 പന്തില്‍ പുറത്താകാതെ 145 റണ്‍സടിച്ച് തകര്‍ത്താടിയ മത്സരത്തില്‍ ആസ്‌ത്രേലിയ 85 റണ്‍സിന് ജയിച്ചു. രണ്ട് മത്സര പരമ്പരയില്‍ 1-0ന് ഓസീസ് ലീഡ് നേടി.
പതിനാല് ഫോറും ഒമ്പത് സിക്‌സറുകളും മാക്‌സ്‌വെലിന്റെ ഇന്നിംഗ്‌സിന് മാറ്റേകുന്നു. കരിയറിലെ മുപ്പത്തഞ്ചാം ടി20 മത്സരത്തില്‍ മാക്‌സ്‌വെല്‍ തന്റെ കന്നി സെഞ്ച്വറി നേടി. ആസ്‌ത്രേലിയയുടെ ആരോണ്‍ ഫിഞ്ചിന്റെ ടി20 റെക്കോര്‍ഡി(156)ലേക്ക് മാക്‌സ്‌വെലിന് 11 റണ്‍സ് കൂടി മതിയായിരുന്നു. ശ്രീലങ്കയുടെ മറുപടി ബാറ്റിംഗ് ഇരുപത് ഓവറില്‍ ഒമ്പത് വിക്കറ്റിന് 178 ല്‍ ഒതുങ്ങി. ടോസ് ജയിച്ച ശ്രീലങ്ക സന്ദര്‍ശക ടീമിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും മാക്‌സ്‌വെലും മികച്ച തുടക്കമിട്ടു. 4.5 ഓവറില്‍ ടീം സ്‌കോര്‍ 57 ല്‍ എത്തിയപ്പോള്‍ വാര്‍ണര്‍ പുറത്തായി. 16 പന്തില്‍ 28 റണ്‍സാണ് വാര്‍ണര്‍ നേടിയത്.
പിന്നീടെത്തിയ ഉസ്മാന്‍ ഖ്വാജ 22 പന്തില്‍ 36 റണ്‍സ് നേടി മാക്‌സ്‌വെലിന് മികച്ച പിന്തുണ നല്‍കി. 13.2 ഓവറില്‍ ടീം സ്‌കോര്‍ 154 ല്‍ എത്തിയപ്പോഴാണ് ഖ്വാജയെ നഷ്ടമായത്. മൂന്നാമതായെത്തിയ ട്രവിസ് ഹെഡും മോശമാക്കിയില്ല. 18 പന്തില്‍ 45 റണ്‍സെടുത്ത ട്രവിസ് അവസാന ഓവറിലെ അവസാന പന്തില്‍ പുറത്തായി.
ശ്രീലങ്കന്‍ ഇന്നിംഗ്‌സില്‍ ക്യാപ്റ്റന്‍ ദിനേശ് ചാന്ദിമാല്‍ (58), ചമര കപുഗെദെര (43) മാത്രമാണ് പൊരുതി നോക്കിയത്. മിച്ചല്‍ സ്റ്റാര്‍ചും സ്‌കോട് ബൊളാന്‍ഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here