രാജ്യദ്രോഹം എന്ന മാരകായുധം

Posted on: September 7, 2016 6:00 am | Last updated: September 7, 2016 at 12:17 am

SIRAJസര്‍ക്കാറിനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന് സുപ്രീം കോടതി പിന്നെയും വ്യക്തമാക്കിയിരിക്കുന്നു. എന്നല്ല, അത്തരം വിമര്‍ശങ്ങള്‍ അപകീര്‍ത്തിക്കേസിന്റെ വൃത്തത്തില്‍ പോലും പെടില്ലെന്നു വ്യക്തമാക്കിയ കോടതി പക്ഷേ, ഈ വിഷയത്തില്‍ പൊതുവായൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതിന് തയ്യാറായില്ല.
വിമര്‍ശങ്ങളെ തമസ്‌കരിക്കാനും ഇഷ്ടമില്ലാത്തവരെ കുതിര കയറാനും ഭരണകൂടങ്ങള്‍ക്ക് എളുപ്പത്തില്‍ അവലംബിക്കാവുന്ന മാരകായുധമായി മാറിയിട്ടുണ്ട് രാജ്യദ്രോഹ കുറ്റം. ഭരണകൂടത്തിന്റെ ഒളിയജന്‍ഡകളെ തുറന്നുകാട്ടുന്ന ബുദ്ധിജീവികളുടെയും പൊതുപ്രവര്‍ത്തകരുടെയും നാവടക്കാനാകുമോ എന്ന് സ്വതന്ത്ര ഇന്ത്യയില്‍ പല വട്ടം നോക്കിയിട്ടുണ്ട്. അരുന്ധതി റോയ്, ബിനായക് സെന്‍, കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദി തുടങ്ങിയവര്‍ക്കെതിരെ ഈ നിയമം ഉപയോഗിച്ചല്ലോ.
പൈങ്കിളിവത്കരിക്കപ്പെട്ട രാജ്യസ്‌നേഹത്തിന്റെ വിപരീത ദ്വന്ദ്വമാണ് രാഷ്ട്രീയ ലാക്കോടെയുള്ള രാജ്യദ്രോഹക്കുറ്റം. രാജ്യസ്‌നഹം രാഷ്ട്രീയ ആയുധമാക്കുന്ന സവിശേഷ സന്ദര്‍ഭത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യദ്രോഹവും രാഷ്ട്രീയ ഉന്നങ്ങള്‍ക്കായി നിര്‍മിക്കപ്പെടുകയും ചാര്‍ത്തപ്പെടുകയും ചെയ്യുന്നു. എന്നാല്‍, പ്രതീതി രാജ്യസ്‌നേഹമാണ് സത്യത്തില്‍ ഇവിടെ ആഘോഷിക്കപ്പെടുന്നത്. വിമര്‍ശന സ്വാതന്ത്ര്യം അനുവദിക്കുന്നിടത്താണ് രാജ്യസ്‌നേഹവും ജനാധിപത്യവും ശക്തിപ്പെടുന്നത് എന്നറിഞ്ഞിട്ടും അജ്ഞത നടിക്കുകയാണോ നമ്മുടെ സര്‍ക്കാറുകള്‍?
ഭരണകൂടവും സര്‍ക്കാര്‍ സംവിധാനങ്ങളും രാജ്യസ്‌നേഹത്തിന്റെ പ്രതിരൂപങ്ങളാകുമ്പോള്‍ തിരിച്ചുചോദ്യങ്ങളും അഭിപ്രായാന്തരങ്ങളും രാജ്യദ്രോഹമായി അപഹസിക്കപ്പെടുന്നു. എതിര്‍ സ്വരങ്ങളെ ദ്രോഹമായി കണക്കാക്കുന്നത് ഏകാധിപതികളുടെ ചര്യയാണ്. ജനാധിപത്യത്തില്‍ പ്രതിപക്ഷവും വിമര്‍ശവും ഭരണഘടനദത്തമാണ്. കോടതി വിധികള്‍ പോലും ചര്‍ച്ചാവിധേയമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് തീരെ അവധാനതയും സാംഗത്യവും നോക്കാതെ ഇത്തരം മാരകമായ വകുപ്പുകള്‍ തലങ്ങും വിലങ്ങും എടുത്ത് വീശുന്നത്. ദൗര്‍ഭാഗ്യകരമായ കാര്യം ഇത്തരം വിമര്‍ശനമില്ലായ്മയുടെ ശൂന്യതകളിലാണ് പ്രതിരോധ രംഗത്തും മറ്റും അഴിമതികള്‍ തിടം വെക്കുന്നത് എന്നതാണ്.
ബോധ്യമായ കാര്യമായിട്ടും പൊതുവായി ഒരുത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല എന്നത് ഗൗരവമുള്ള കാര്യമാണ്. ഇത്തരം വൈകാരിക വിഷയങ്ങളില്‍ എത്തുമ്പോള്‍ നീതിന്യായ വ്യവസ്ഥയുടെ മുട്ടും വിറക്കുകയാണോ?

പ്രലോഭനങ്ങളില്‍ ഇടറി വീഴരുത്

ആഘോഷ വേളകള്‍ ഇപ്പോള്‍ വിപണിയുടെ ഉത്സവ മേളകളായിട്ടുണ്ട്. ഓഫറുകളുടെയും പരസ്യങ്ങളുടെയും ചന്തകളുടെയും നേരമായി ഉത്സവ കാലങ്ങള്‍ തരം മാറിക്കൊണ്ടിക്കുന്നു. ഇത്തവണ ബലി പെരുന്നാളും ഓണവും ഒത്തുവന്നതോടെ വിപണിക്ക് വലിയ സാധ്യതകളാണ് തുറന്നുകിട്ടിയിരിക്കുന്നത്. വീട്ടുസാധനങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളും വസ്ത്രങ്ങളും പരസ്യത്തിന്റെ അകമ്പടിയോടെ ഉപഭോക്താക്കളെ തേടുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് ബോണസായി ലഭിക്കുന്ന തുക വലിയൊരളവില്‍ കമ്പനികളുടെ പോക്കറ്റിലെത്തുകയാണ് കുറച്ചായിട്ട്. ഇത്തവണ വലിയൊരു തുക പെന്‍ഷന്‍ കുടിശ്ശിക കിട്ടിയതോടെ ഉദ്യോഗസ്ഥരല്ലാത്തവരും ചൂണ്ടയില്‍ വീഴാം.
ഇത്തരം സന്ദര്‍ഭങ്ങള്‍ സാധാരണക്കാരെ വലിയ സന്ദിഗ്ധതയില്‍ കുടുക്കാറുണ്ട്. വാങ്ങണോ വേണ്ടേ, അത് വേണോ ഇത് വേണോ, അത്ര വേണോ ഇത്ര മതിയോ എന്നിങ്ങനെ ഒടുങ്ങാത്ത സമസ്യകള്‍. പരസ്യത്തെയും ഓഫറുകളെയും സ്വീകരിക്കാനെന്ന പോലെ നിരാകരിക്കാനും കഴിയുമ്പോഴാണ് ഇത്തരം ‘പ്രതിസന്ധി’കളെ മുറിച്ചുകടക്കാനാകുക. ഒരു വസ്തു അത്യാവശ്യം, ആവശ്യം, അനാവശ്യം, ആര്‍ഭാടം എന്നിങ്ങനെ വരും. അത് തന്നെ ഓരോരുത്തരെയും സംബന്ധിച്ച് വ്യത്യസ്തവുമായിരിക്കും. ആരെെയങ്കിലും അനുകരിച്ചോ ആരെങ്കിലും പറയുന്നത് കേട്ടോ വാങ്ങുകയോ വാങ്ങാതിരിക്കുകയോ ചെയ്യേണ്ടതുണ്ടോ?
ഉപഭോഗാസക്തി വരിഞ്ഞു മുറുക്കിയിരിക്കുന്ന സമൂഹമാണ് നമ്മുടേത്. അതിന്റെ സമ്മര്‍ദങ്ങളും സാമ്പത്തിക പ്രയാസങ്ങളും നല്ലൊരു ശതമാനം പേരും അനുഭവിക്കുന്നുമുണ്ട്. ഉപഭോഗാസക്തിയുണ്ടാക്കുന്ന അന്തഃസംഘര്‍ഷങ്ങളും കുടുംബ പ്രശ്‌നങ്ങളും ഒരു സാമൂഹിക ദുരന്തമായി മാറിക്കൊണ്ടിരിക്കുന്നു. അഭിരുചികളും വെറും രുചികളും ആസക്തികളും ബോധങ്ങളും വരെ നിര്‍മിക്കപ്പെടുകയാണല്ലോ.
കമ്പോള പ്രലോഭനങ്ങള്‍ക്ക് മുമ്പില്‍ പിടഞ്ഞു വീഴുകയല്ല, ആലോചനകള്‍ കൊണ്ട് കൃത്യമായ തീരുമാനമെടുക്കാന്‍ കഴിയുകയാണ് വേണ്ടത്. ദുര്‍വ്യയത്തിനും ആര്‍ഭാടത്തിനും മധ്യേയുള്ള വഴിയിലാകണം ആഘോഷങ്ങള്‍. നടപ്പിലും ഉടുപ്പിലും എല്ലാം.