Connect with us

Articles

പ്രഭുക്കള്‍ വാണരുളുന്ന ദരിദ്ര ഭാരതം

Published

|

Last Updated

നാലാം വ്യവസായ വിപ്ലവത്തിന്റെ പടിവാതിലിലാണ് പുതിയ സൈബര്‍ യുഗം. ലോകം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടേയിരിക്കുകയാണ്. ലോകത്ത് സുപ്രധാന മാറ്റങ്ങള്‍ സംഭവിക്കുന്നത് ഒരോ നൂറ്റാണ്ടിന്റെ അകലങ്ങളിലാണ്. 18ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍, 1774ഓടെ വെള്ളവും നീരാവിയും യന്ത്രവത്കൃത ഉത്പാദനത്തിന്് ഉപയോഗിക്കുന്ന ഒന്നാം വ്യവസായ വിപ്ലവത്തിന് തുടക്കം കുറിച്ചു. 1870ല്‍ തൊഴില്‍ വിഭജനത്തിലും വൈദ്യുതി ഉത്പാദനത്തിലും ഊന്നിയ രണ്ടാം വ്യവസായ വിപ്ലവമായി. 1969ല്‍ ഇലക്‌ട്രോണിക്‌സ്, ഐ ടി സമ്പൂര്‍ണ യന്ത്രവത്കരണം എന്ന മൂന്നാം വ്യവസായ വിപ്ലവം. ഇനി നാലാമത്തെ വിപ്ലവം സൈബര്‍ യുഗത്തിലേക്ക്. ഒന്നും രണ്ടും ഘട്ടങ്ങളില്‍ തൊഴിലാളികള്‍ ഉത്പാദന പ്രക്രിയയിലെ തുല്യ പങ്കാളികളായിരുന്നു. എന്നാല്‍ ഇന്ന് മൂലധനം സമ്പൂര്‍ണമായി ഉത്പാദന മേഖല കൈയടക്കിയപ്പോള്‍ തൊഴിലാളികളും സാധാരണ ജനങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടു.
കാറല്‍ മാര്‍ക്‌സിന്റെ തത്വചിന്തയില്‍ മിച്ച മൂല്യ തത്വം ഉടലെടുക്കുന്നത് മുതലാളിമാര്‍ തൊഴിലാളികളുടെ മേല്‍ നടത്തുന്ന ചൂഷണത്തെ ആസ്പദമാക്കിയായിരുന്നു. പണിയെടുക്കുന്ന ഒരാള്‍ക്ക് അവനര്‍ഹമായ വേതനത്തിന്റെ പകുതി മാത്രമേ മുതലാളിത്വ വ്യവസ്ഥയില്‍ നല്‍കുന്നുള്ളൂവെന്നും ബാക്കി മിച്ച മൂല്യമായി സ്വരൂപിക്കുകയാണെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. ഈ മൂലധന ശക്തികള്‍ക്കെതിരെ തൊഴിലാളികള്‍ സംഘടിപ്പിക്കുന്ന വര്‍ഗസമരങ്ങള്‍ അനിവാര്യമായിത്തീരുമെന്നും അങ്ങനെ മുതലാളിത്വത്തെ നിഷ്‌കാസനം ചെയ്ത് തൊഴിലാളി വര്‍ഗ സര്‍വാധിപത്യ ഭരണകൂടം ഉണ്ടാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദങ്ങള്‍.
ആഗോളീകരണ പ്രക്രിയയില്‍ മുതലാളിത്വം സമ്പത്തില്‍ കേന്ദ്രീകൃതമായ വ്യവസായ സമ്പ്രദായങ്ങള്‍ക്കാണ് അവസരമൊരുക്കുന്നത്. ഇത് തൊഴിലാളി വര്‍ഗത്തെ നിസാരവത്കരിച്ചു. മാത്രമല്ല, യന്ത്ര മനുഷ്യനെ ഉപയോഗിച്ച് ഉത്പാദനങ്ങള്‍ നടത്താവുന്ന വ്യവസായ ഘടനാപരമായ മാറ്റവും അത് കൊണ്ടുവന്നു. ഇത് ചൂഷണ സാഹചര്യങ്ങള്‍ വിപുലീകരിക്കുകയും മാനവീകതയെ പൂര്‍ണമായി നിരാകരിച്ച് മനുഷ്യനെ വെറും ഉത്പാദന ഉപാധിയാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.
സമകാലിക സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍ സങ്കീര്‍ണങ്ങളാണ്. ഇവയില്‍ ഒട്ടുമിക്കതും ആഗോളീകരണ നവ സാമ്പത്തിക നയങ്ങളുടെ പരിണിത ഫലങ്ങളുമാണ്. നവ ഉദാരവത്കരണ നയങ്ങള്‍ രൂപപ്പെടുത്തി എടുത്തിട്ടുള്ളത് ഉയരമേറിയതും അഗാധതയിലേക്ക് ഊര്‍ന്നിറങ്ങുന്നതുമായ ഒരു സമൂഹത്തെയാണ്. നൊബേല്‍ സമ്മാന ജേതാവായ അമര്‍ത്യ സെന്‍ ഇതിനെ “അകല്‍ച്ചകള്‍ സൃഷ്ടിച്ച സമൂഹം” എന്ന്് വിശേഷിപ്പിച്ചിരിക്കുന്നു. ഈ അകല്‍ച്ചയുടെ ഫലമായി സമൂഹം അസ്വസ്ഥമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിച്ചു. സമൂഹത്തിലെ വിടവുകള്‍ സംഘര്‍ഷങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമാകുകയും ചെയ്തിരിക്കുന്നു. ഇതിന്റെ പാര്‍ശ്വഫലങ്ങളാണ്് അസഹിഷ്ണുതയും സംഘട്ടനവും. മതാധിഷ്ഠിത ഫാസിസ്റ്റു ശക്തികള്‍ കൂടുതല്‍ ഊര്‍ജം നേടുകയും അവര്‍ അധികാരത്തിലെത്തുകയും ചെയ്തു. ഇതിനെ ചെറുക്കാന്‍ ന്യൂനപക്ഷങ്ങള്‍ രംഗത്തെത്തിയെങ്കിലും അവര്‍ ചെന്നെത്തുന്നത് കൂടുതല്‍ സംഘര്‍ഷങ്ങളിലേക്കും അസ്വസ്ഥതകളിലേക്കുമാണ്. ഇത് വീണ്ടും മൃഗീയ ഭൂരിപക്ഷമുള്ളവരുടെ അധികാര ദുര്‍വിനിയോഗത്തിലും കടന്നുകയറ്റങ്ങളിലും ഭരണഘടനാ അതീത ശക്തികളുടെ ഇടപെടലുകളിലുമാണ് ചെന്നുചേര്‍ന്നത്.
ഇതിന്റെയെല്ലാം ഫലമായുണ്ടായ കലുഷിത അന്തരീക്ഷത്തില്‍ ദാരിദ്ര്യം വര്‍ധിക്കുന്നു. ഒരു വശത്ത് വികസനത്തിന്റെ സ്വപ്‌ന പദ്ധതികളുമായി ഭരണാധികാരികള്‍ മുന്നോട്ട് പോകുമ്പോള്‍ സാധാരണ ജനങ്ങള്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും നിറഞ്ഞ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ നടത്തിയ പഠനങ്ങളില്‍ മാനവ വികസനത്തിന്റെ കാര്യത്തില്‍ 187 രാഷ്ട്രങ്ങളില്‍ 139ാം സ്ഥാനത്താണ് ഇന്ത്യ. സോമാലിയ, സിറിയ, യെമന്‍, സബ് സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയുടെ പിന്നിലാണ് മാനവ വികസന കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം. ആകെയുള്ള ജനസംഖ്യയുടെ 70ശതമാനത്തിനും 2,000 കലോറി ഭക്ഷണം ലഭിക്കാത്തവരാണ്. ഏറ്റവും വലിയ ധനികരായ 200 പേരില്‍ 50ല്‍ അധികം ആളുകള്‍ ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യയുടെ മൊത്ത വരുമാനത്തിന്റെ 54 ശതമാനം 84 കുടുംബങ്ങള്‍ കൈവശം വെച്ചിരിക്കുന്നു. പുതിയ വികസനങ്ങളുടെ നേട്ടങ്ങള്‍ ഉണ്ടായിട്ടുള്ളത് കേവലം 30 ശതമാനം ആളുകളില്‍ മാത്രമാണ്. 1.3 ബില്യന്‍ (130 കോടി) ജനസംഖ്യയുള്ള ഇന്ത്യയില്‍ ശതകോടികളുടെ അധിപന്‍മാരായി 1,85,000 ആളുകളുണ്ട്. അവര്‍ നമ്മുടെ സമൂഹത്തിന്റെ മുമ്പില്‍ വികസനത്തിന്റെ സാക്ഷാത്്കാരങ്ങളായി പ്രദര്‍ശിക്കപ്പെടുന്നു. ഇവര്‍ സ്വാധീന ശക്തിയുള്ളവരും ഭരണാധികാരങ്ങളിലേക്ക് എത്തുന്നവരുമാണ്. ഈ മധ്യ വിഭാഗത്തിന്റെ കൈപിടിയിലാണ് ഇന്ന് കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍. ഇല്ലാത്തവന്‍ കൂടുതല്‍ ഇല്ലാത്തവനായിത്തീരുകയും ഉള്ളവന്‍ കൂടുതല്‍ ഉള്ളവനായിത്തീരുകയും ചെയ്യുന്ന പ്രക്രിയ തുടരുകയാണ്. ജാതിപരമായ സംഘട്ടനങ്ങളും കലാപങ്ങളുമുണ്ടാകുന്നു. ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ ഭയചകിതരാണ്. അനേകം വര്‍ഷങ്ങള്‍ കൊണ്ട് തൂത്തുമാറ്റപ്പെട്ട മിഥ്യാധാരണകളും അന്ധവിശ്വാസങ്ങളും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മനുസ്മൃതി ചിന്തകളുടെ പുനരാവര്‍ത്തനം ആഗ്രഹിക്കുന്ന ഭരണാധികാരികള്‍ ജാതി സമ്പ്രദായം പുനരാവിഷ്്കരിക്കാന്‍ നിഗൂഢ തന്ത്രങ്ങള്‍ മെനയുന്നു. സ്വന്തമായി ഭക്ഷണം തിരഞ്ഞെടുക്കാനുള്ള അവകാശം വരെ നിഷേധിക്കപ്പെടുകയും അത് കലാപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. മുസല്‍മാന്‍ പാക്കിസ്ഥാനിലേക്കും ക്രിസ്ത്യാനി അവരുടെ പൂര്‍വ ജന്മപ്രദേശത്തേക്കും പോകണമെന്ന് ആഹ്വാനങ്ങളും ഉയരുന്നുണ്ട്. ഒരാളുടെ മൗലീകാവകാശങ്ങളായ വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്താനുള്ള അവകാശം നിഷേധിക്കപ്പെടുന്നു.
കീഴാള ജനതയും ഹരിജനങ്ങളും ജനിക്കുന്നത് മുന്‍ജന്മ പാപം കൊണ്ടാണെന്നും ഒരുവന്‍ സമ്പന്നനാകുന്നത് മുന്‍ജന്മ സുകൃതം കൊണ്ടാണെന്നുമുള്ള അന്ധവിശ്വാസം എല്ലാവരും തുല്യരായി പിറന്നു വീഴുന്നു എന്നുള്ള അടിസ്ഥാന തത്വത്തിന്റെ നിഷേധമാണ്. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന സമത്വഭാവവും മതനിരപേക്ഷതയും ജനാധിപത്യവും ഇല്ലാതാകുകയാണ്. ഇന്ത്യയിലെ മഹാഭൂരിപക്ഷമായ കീഴാള ജനതയും പിന്നാക്ക വിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും ഒരുമിച്ചുണ്ടാക്കുന്ന ഒരു പ്രതിരോധം മാത്രമാണ് ഭൂരിപക്ഷ വര്‍ഗീയതയില്‍ അധിഷ്ഠിതമായ ഏകാധിപത്യ പ്രവണതകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ദാരിദ്ര്യത്തിനും എതിരെയുള്ള പ്രതിരോധം.
തൊഴിലാളി ദ്രോഹ നടപടികളില്‍ ആറാം സ്ഥാനം ഇന്ത്യക്കാണ്. ഇവിടെ നവ അടിമ സമ്പ്രദായം നില നില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ ദാരിദ്ര്യം 66.9 ശതമാനമെന്നാണ് കണക്കുകള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യം എന്ന “നേട്ട”വും ഇന്ത്യക്ക് തന്നെ. 200ല്‍ പരം ശതകോടിപ്രഭുക്കള്‍ വാഴുന്ന ഇന്ത്യയാണിതെന്ന് കൂടി ഓര്‍മവേണം. പണക്കാരില്‍ ഒന്നാമന്‍ മുകേഷ് അംബാനിയാണ്. അദ്ദേഹം താമസിക്കുന്ന മുംബൈയിലെ വസതിയുടെ വില 100 കോടി യു എസ് ഡോളര്‍. അവിടെ 600ഓളം പരിചാരകരുണ്ട്. നാല് ഹെലിപാഡുകളുണ്ട്. ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് 60 ദശലക്ഷം ഡോളര്‍ വിലയുള്ള ജെറ്റ് പ്ലെയിന്‍. ഇത് ഒരു ഉദാഹരണം മാത്രം. അദ്ദേഹം താമസിക്കുന്ന അതേ മുംബൈ പട്ടണത്തില്‍ അന്തിയുറങ്ങാന്‍ ഇടമില്ലാത്ത രണ്ട് ലക്ഷം തെരുവ് സന്തതികളുണ്ട്.
ഇവിടെ, മനുഷ്യത്വത്തിന് ഊന്നല്‍ നല്‍കുന്ന പ്രസ്ഥാനങ്ങളുടെ അഭാവം ശക്തമായി നിഴലിക്കുന്നുണ്ട് നിലവിലെ ഇന്ത്യയില്‍. അധികാരത്തിന് വേണ്ടി തൊഴിലാളികളെ ഉപയോഗിക്കുന്ന ചില ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങളെ നിരാകരിച്ച് സ്വതന്ത്രമായ ആശയങ്ങള്‍ മുറുകെ പിടിക്കുന്ന സംവിധാനങ്ങള്‍ വളര്‍ന്നു വരേണ്ടതുണ്ട്.
പ്രശസ്ത തത്വചിന്തകനും എഴുത്തുകാരനും പൊതുപ്രവര്‍ത്തകനുമായ നോം ചോംസ്‌കി 2013ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞത്, ഇന്ത്യയിലുള്ളത് പോലെ ദാരിദ്ര്യം നിറഞ്ഞതും ദുരിതമനുഭവിക്കുന്നതും അടിച്ചമര്‍ത്തപ്പെട്ടതുമായ മറ്റൊരു ജനതയെ താന്‍ ലോകത്ത് മറ്റെവിടെയും കണ്ടിട്ടില്ലായെന്നാണ്. ജന്മം കൊണ്ട് പട്ടിണിയും പീഡനവും അന്യവത്കരണവും നേരിടുന്നവരാണ് മഹാ ഭൂരിപക്ഷമാളുകളും. ഇതില്‍ നിന്ന് വിഭിന്നമായി ജീവിതം ആസ്വദിക്കുന്നവരാകട്ടെ ചുരുക്കം വരുന്ന നവജാത സമ്പന്നരും സ്വാധീന ശക്തിയുള്ളവരും.
മൂന്നര ശതകോടി ആളുകള്‍ക്കുള്ള സമ്പത്ത് 85 ആളുകള്‍ കൈവശം വച്ചിരിക്കുന്നു എന്നാണ് 2013ല്‍ “ഒക്‌സ് ഫാം” റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തിലെ ശതകോടി പ്രഭുക്കള്‍ക്ക് അവരുടെ സ്വത്തിന്‍മേല്‍ 1.5ശതമാനം നികുതി ചുമത്തിയാല്‍ അത് മുഴുവന്‍ ദരിദ്രരായ കുട്ടികള്‍ക്കും വിദ്യാഭ്യാസവും ആരോഗ്യവും നല്‍കാന്‍ മതിയാകും. ഇന്ത്യയിലെ 65 ശതകോടി പ്രഭുക്കള്‍ക്ക് ഈ നികുതി ചുമത്തിയാല്‍ 90 ദശലക്ഷം ദരിദ്രരെ ദാരിദ്ര്യ രേഖക്ക് പുറത്തെത്തിക്കാം. 1990കളില്‍ ഇന്ത്യന്‍ ജി ഡി പിയുടെ ഒരു ശതമാനം മാത്രമാണ് ഈ സമ്പന്നര്‍ കൈവശം വെച്ചിരുന്നത്. എന്നാല്‍ ഇന്ന് അത് പത്ത് ശതമാനമായി വര്‍ധിച്ചിരിക്കുന്നു.
നാലാം വ്യവസായ വിപ്ലവത്തെ തുടര്‍ന്ന് ഉത്്പാദന ഉപാധികളിലും സമ്പ്രദായങ്ങളിലും വന്ന മാറ്റം തൊഴിലാളികള്‍ക്ക് പകരം യന്ത്ര മനുഷ്യനെ ഉപയോഗിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു. ഇവിടെ സര്‍വനാശം സംഭവിച്ചിരിക്കുന്നത് തൊഴിലാളികള്‍ക്കും മനുഷ്യത്വത്തിനുമാണ്.
ഇന്ത്യയില്‍ 480 ദശലക്ഷം തൊഴിലാളികളാണുള്ളത്. ഇതില്‍ 10 ശതമാനത്തില്‍ താഴെയുള്ളവര്‍ മാത്രമേ സംഘടിത മേഖലയിലുള്ളൂ. തൊഴില്‍ തര്‍ക്ക നിയമത്തിന്റെ പരിധിയില്‍ വരുന്നവരും പരിരക്ഷകള്‍ അനുഭവിക്കുന്നവരും ഇവര്‍ മാത്രമാണ്. ഈ തൊഴിലാളികള്‍ പന്ത്രണ്ടിലധികം കേന്ദ്ര ട്രേഡ് യൂനിയനുകളിലായി വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നു. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന തല ട്രേഡ് യൂനിയനുകളുമുണ്ട്.
എല്ലാ ട്രേഡ് യൂനിയനുകളും ഒരുമിച്ച്, ഒറ്റ സംഘടനയായി മനുഷ്യത്വവും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും ജനാധിപത്യവും സമത്വവും പുനഃസ്ഥാപിക്കാനുള്ള വിപ്ലവത്തില്‍ ഏര്‍പ്പെടണം.
ഇന്ത്യയിലെ തൊഴിലാളികളെ അടിമവത്കരിക്കുന്നതിനുള്ള നയപരിപാടികളാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മേക് ഇന്‍ ഇന്ത്യ പരിപാടിയുടെ ഭാഗമായി അന്തര്‍ദേശീയ കുത്തകകളെയും കോര്‍പറേറ്റുകളെയും ആകര്‍ഷിക്കുന്നതിന് തൊഴിലാളികള്‍ക്ക് ഇന്നുള്ള നിയമപരിരക്ഷ നീക്കം ചെയ്യുകയാണ് സര്‍ക്കാര്‍. ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനവും കൂട്ടായ വിലപേശലും അസാധ്യമാക്കിത്തീര്‍ക്കുന്നതാണ് സര്‍ക്കാറിന്റെ നടപടികള്‍. ജോലി സമയ വ്യവസ്ഥകളിലും അപ്രന്റീസ് നിയമത്തിലും മാറ്റങ്ങള്‍ വരുത്തി ഏറ്റവും ചുരുങ്ങിയ കൂലിക്ക് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനുള്ള സാഹചര്യങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
തൊഴിലാളികള്‍ക്ക് ഉത്പാദന ചെലവിന്റെ രണ്ട് ശതമാനം പോലും കൂലിയായി കിട്ടുന്നില്ല. ഗ്ലോബല്‍ സപ്ലൈ ചെയിന്‍ വഴി ഉത്പാദന മേഖലയുടെ അടിത്തട്ടിലേക്ക് പോകുന്ന തൊഴിലാളികള്‍ക്ക് കിട്ടുന്ന വേതനം ഉത്പാദന വിലയുടെ 0.5 ശതമാനം മാത്രമാണ്. ഇത് മധ്യവര്‍ത്തികളായ പുതിയ ചൂഷക വര്‍ഗത്തെ സൃഷ്ടിച്ചിരിക്കുന്നു. ഇതിനെതിരെയുള്ള ശാക്തീകരണവും അനിവാര്യമാണ്. സമൂഹത്തില്‍ ഇന്നുണ്ടായിരിക്കുന്ന സാമ്പത്തിക കേന്ദ്രീകരണത്തിനും ദാരിദ്ര്യവത്കരണത്തിനും എതിരായി നില്‍ക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികളോ ട്രേഡ് യൂനിയനുകളോ പ്രയോജനപ്രദമായി ഇടപെടുന്നുമില്ല. ഒത്തുകളി സമരങ്ങളും പ്രക്ഷോഭങ്ങളും ഉള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു. ഇന്ത്യന്‍ തൊഴിലാളി വര്‍ഗം അവരുടെ ചരിത്രപരവും വര്‍ഗപരവുമായ ഉത്തരവാദിത്വങ്ങള്‍ മനസ്സിലാക്കി കാലോചിതമായി മുന്നേറാന്‍ രംഗത്തെത്തേണ്ട സമയമായിരിക്കുന്നു.

Latest