Connect with us

Kerala

കെ ബാബുവിന്റെ ആസ്തി പത്ത് വര്‍ഷത്തിനിടെ ആറിരട്ടിയായി

Published

|

Last Updated

കൊച്ചി: അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന മുന്‍മന്ത്രി കെ ബാബുവിന്റെ ആസ്തി കഴിഞ്ഞ പത്ത്‌വര്‍ഷത്തിനിടെ ആറിരട്ടിയായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍. 2006ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കെ ബാബു നല്‍കിയ സത്യവാങ്മൂലത്തില്‍ 31.71 ലക്ഷത്തിന്റെ വരുമാനമാണ് കാണിച്ചിട്ടുള്ളത്. എന്നാല്‍ 2016ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 1.90 കോടിയുടെ സ്വത്തുണ്ടെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. 25 വര്‍ഷം എം എല്‍ എയും അഞ്ച് വര്‍ഷം മന്ത്രിയുമായിരുന്ന ബാബുവിന് സര്‍ക്കാരില്‍ നിന്നുള്ള അലവന്‍സ് മാത്രമാണ് വരുമാനമെന്നിരിക്കെ പരസ്യപ്പെടുത്തിയ കണക്കില്‍ തന്നെ അനധികൃത സമ്പാദ്യമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
2006ലെ സത്യവാങ്മൂലത്തില്‍ എസ് ബി ടി തൃപ്പൂണിത്തുറ ശാഖയില്‍ ബാബുവിനും ഭാര്യ ഗീതക്കുമായി 71,000 രൂപയാണ് നിക്ഷേപമായുണ്ടായിരുന്നത്. ബാബുവിന് രണ്ടിടങ്ങളിലായി 16 സെന്റ് സ്ഥലവുമുണ്ടെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇതിന് 17 ലക്ഷമാണ് വില കണക്കാക്കിയിട്ടുള്ളത്. ഗീതക്ക് അങ്കമാലിയില്‍ 31 ലക്ഷം രൂപയുടെ ഭൂമിയുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാലയളവില്‍ ഓഹരി നിക്ഷേപമോ സ്വര്‍ണമോ ബാബുവിനുണ്ടായിട്ടില്ല. വാഹനങ്ങളുമുണ്ടായിട്ടില്ലെന്നും പറയുന്നു. ആകെ 31,71,651 രൂപയുടെ ആസ്തിയാണുള്ളത്. ബാങ്ക് വായ്പയുള്‍പ്പെടെയുള്ള ബാധ്യതകളുമില്ല. 2016 ആയപ്പോഴേക്കും കെ ബാബുവിന്റെ ആസ്തി ആറിരട്ടിയായി വര്‍ധിച്ചു. സ്വര്‍ണം, ഭൂമി, വാഹനം, ബാങ്ക് ബാലന്‍സ് എന്നിവയിലായി 1,90,77,025 കോടി രൂപയുടെ വരുമാനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബാധ്യതകളൊന്നുമുണ്ടായില്ല. എസ ്ബി ടി യുടെ തൃപ്പൂണിത്തുറ, അങ്കമാലി ശാഖകളിലായി നാല് അക്കൗണ്ടുകള്‍ തുറന്നു. നിക്ഷേപം 17.13 ലക്ഷം. ഒമ്പത് ലക്ഷത്തിന്റെ ഇന്നോവ കാറും സ്വന്തമാക്കി. ഗീതക്ക് 7.45 ലക്ഷം രൂപയുടെ സ്വര്‍ണവും വാങ്ങി. ഇവരുടെ സമ്പത്ത് 8.24 ലക്ഷമായി. വീടും കെട്ടിടങ്ങളുമുള്‍പ്പെടെ 1.65 കോടിയുടെ ആസ്തിയും വ്യക്തമാക്കിയിട്ടുണ്ട്. പൊതുപ്രവര്‍ത്തനമല്ലാതെ മറ്റ് തൊഴിലൊന്നുമറിയാത്ത കെ ബാബുവിന്റെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചാണ് വിജിലന്‍സ് പരിശോധന പുരോഗമിക്കുന്നത്.

 

Latest