Connect with us

Kannur

മില്‍മ ലിറ്റര്‍ പാലിന് രണ്ട് രൂപ കൂട്ടി നല്‍കും

Published

|

Last Updated

കണ്ണൂര്‍: കര്‍ഷകര്‍ ക്ഷീരസംഘങ്ങളില്‍ നല്‍കിയ ഓരോ ലിറ്റര്‍ പാലിനും രണ്ട് രൂപ അധിക വില ക്ഷീര കര്‍ഷകര്‍ക്ക് നല്‍കാന്‍ മില്‍മ മലബാര്‍ മേഖലാ യൂനിയന്‍ പദ്ധതി തയ്യാറാക്കി. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലെ കര്‍ഷകര്‍ക്കാണ് ഈ തുക നല്‍കുന്നത്. ഈയിനത്തില്‍ മാത്രം 3 കോടി രൂപയാണ് ചെലവാകുക. ഇപ്പോള്‍ മലബാര്‍ മേഖലാ യൂനിയന്റെ പാല്‍ സംഭരണം പ്രതിദിനം 6 ലക്ഷം ലിറ്ററിന് മുകളിലാണ്. ഓണം, ബക്രീദ് ദിവസങ്ങളില്‍ 20 ലക്ഷം ലിറ്റര്‍ പാല്‍ പ്രാദേശികമായി സംഭരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.ഓണം, ബക്രീദിന് അധികമായി ആവശ്യം വരുന്ന പാല്‍ കര്‍ണാടക, തമിഴ്‌നാട് സഹകരണ മില്‍ക്ക് ഫെഡറേഷനുകളില്‍(നന്ദിനി, ആവിന്‍) നിന്നും ഗുണനിലവാരം ഉറപ്പു വരുത്തി സംഭരിക്കുവാന്‍ ഉദ്ദേശിക്കുന്നതായും മില്‍മ, മലബാര്‍ മേഖലാ യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ കെ ടി തോമസ് അറിയിച്ചു.
ഈ വര്‍ഷത്തെ ഓണാഘോഷവും ബക്രീദും ഒരുമിച്ച് വരുന്നതിനാല്‍ പാല്‍ വില്പനയില്‍ വന്‍ വര്‍ധനവും മില്‍മ പ്രതീക്ഷിക്കുന്നുണ്ട്. 2015 ലെ ഓണ ദിവസങ്ങളില്‍ മലബാര്‍ മേഖലയില്‍ മില്‍മ വിറ്റഴിച്ചത് 25 ലക്ഷം ലിറ്റര്‍ പാലാണ്. ബക്രീദിന് 8 ലക്ഷം ലിറ്റര്‍ പാലും. ഈ വര്‍ഷം ഓണം, ബക്രീദ് എന്നീ ആഘോഷങ്ങള്‍ ഒന്നിച്ച് വരുന്നതിനാല്‍ 35 ലക്ഷം ലിറ്റര്‍ പാലിന്റെ വില്‍പ്പനയാണ് മൂന്ന് ദിവസങ്ങളിലായി പ്രതീക്ഷിക്കുന്നത്. 2015 ലെ ഓണ ദിവസങ്ങളില്‍ മലബാര്‍ മേഖലയില്‍ 5 ലക്ഷം ലിറ്റര്‍ തൈര് വില്പന നടത്തിയിരുന്നു. ബക്രീദിന് തൈര് വില്‍പ്പന നാല് ലക്ഷം ലിറ്റര്‍ ആയിരുന്നു.
ഈ വര്‍ഷം ഓണം, ബക്രീദ് ആഘോഷങ്ങള്‍ക്ക് 10 ലക്ഷം ലിറ്റര്‍ തൈര് വില്‍പ്പന നടത്താനാണ് മില്‍മ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുളളത്. പാല്‍, തൈര് എന്നിവ കൂടാതെ നെയ്യ് വില്‍പ്പനയിലും വന്‍ വര്‍ധനയാണ് മില്‍മ പ്രതീക്ഷിക്കുന്നത്. 2015 ലെ വില്‍പ്പനയേക്കാള്‍ 50,000 കിലോ നെയ്യിന്റെ വില്‍പ്പന വര്‍ധനവ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നു. മില്‍മ മലബാര്‍ മേഖലാ യൂനിയന്‍ ഓണത്തോടനുബന്ധിച്ച് വിപണിയിലിറക്കിയ “”ബണ്‍ഡില്‍ ഓഫ് ജോയ്”” എന്ന ഓണം ഗിഫ്റ്റ് പാക്കിന് വന്‍ സ്വീകരണമാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 25,000 ഗിഫ്റ്റ് കിറ്റുകള്‍ വില്‍പ്പന നടത്താനാണ് മില്‍മ ഒരുങ്ങുന്നത്. ഓണ ദിനങ്ങളില്‍ 20 ടണ്‍ പാലടയാണ് മില്‍മ ലക്ഷ്യമിടുന്നത്. മില്‍മ പേടയുടെ വില്പനയിലും വന്‍ വര്‍ധനവാണ്് മില്‍മക്ക് ഉണ്ടായിട്ടുളളത്. മുന്‍ വര്‍ഷത്തേക്കാള്‍ 35ശതമാനം വില്പന വര്‍ധനവ് മില്‍മ പേടക്ക് പ്രതീക്ഷിക്കുന്നുണ്ട്. കൂടുതല്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തി ലാഭം വര്‍ദ്ധിപ്പിച്ച് ക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍ പ്രോത്സാഹന വില നല്‍കുന്നതിനാണ് മില്‍മ ലക്ഷ്യമിടുന്നത്.