രാജിവെക്കണമെന്ന് കേന്ദ്രം; സാധ്യമല്ലെന്ന് ഗവര്‍ണര്‍

Posted on: September 7, 2016 6:01 am | Last updated: September 6, 2016 at 11:58 pm

rajkhowa1ഇറ്റാനഗര്‍: സുപ്രീം കോടതി ഇടപെട്ട് ഭരണ സ്തംഭനവും രാഷ്ട്രീയ അട്ടിമറിയും അവസാനിപ്പിച്ച അരുണാചലില്‍ നിന്ന് പുതിയ വിവാദം. ഒരു കേന്ദ്ര സഹമന്ത്രി തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും ഗവര്‍ണര്‍ ജ്യോതി പ്രസാദ് രാജ്‌കോവ വ്യക്തമാക്കിയതോടെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിയണമെന്നാണ് ആഗസ്റ്റ് 31ന് തന്നോട് ആവശ്യപ്പെട്ടത്. എന്നാല്‍ പ്രസിഡന്റ് ഡിസ്മിസ് ചെയ്യുകയല്ലാതെ പദവി ഒഴിയുന്ന പ്രശ്‌നമില്ലെന്ന് രാജ്‌കോവ പറഞ്ഞു. വിമത കോണ്‍ഗ്രസ് അംഗങ്ങളെ ചേര്‍ത്ത് ബി ജെ പി സര്‍ക്കാറുണ്ടാക്കാന്‍ നടത്തിയ നീക്കം സുപ്രീം കോടതി ഇടപെടലോടെ വിഫലമായിരുന്നു. അന്ന് വിമത നീക്കത്തെ പിന്തുണച്ച ഗവര്‍ണറുടെ നടപടിയെയും പരമോന്നത കോടതി വിമര്‍ശിച്ചിരുന്നു.
രാജിവെക്കാന്‍ ആവശ്യപ്പെട്ടത് തനിക്ക് വേദനയും നാണക്കേടും ഉണ്ടാക്കി. സംസ്ഥാനത്തിന്റെ ഭരണഘടനാ പദവി വഹിക്കുന്ന തന്നോടുള്ള പെരുമാറ്റം ഞെട്ടിപ്പിക്കുന്നു. ഇത്തരം നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടത് രാഷ്ട്രപതിയാണ്. ഭരണഘടനയുടെ 156ാം വകുപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ വകുപ്പ് ഉപയോഗിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജിവെക്കാനാവശ്യപ്പെട്ട് രണ്ട് തവണ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഫോണ്‍കോളുകള്‍ വന്നിരുന്നുവെന്ന് ഗവര്‍ണറുടെ പി ആര്‍ ഒ സ്ഥിരീകരിച്ചു. അരുണാചല്‍ പ്രദേശില്‍ കേന്ദ്ര സര്‍ക്കാറിന്റെ അട്ടിമറി ശ്രമങ്ങള്‍ക്ക് കൂട്ടുനിന്ന ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്‌കോവ രാജിവെക്കുകയോ, അദ്ദേഹത്തെ പുറത്താക്കുകയോ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഗവര്‍ണറെ മാറ്റാന്‍ കേന്ദ്രം നീക്കം തുടങ്ങിയത്. ബി ജെ പി പിന്തുണച്ച വിമത നേതാവ് ഖാലികോ പൂല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരുന്നു. ആഗസ്റ്റ് 30 മുതല്‍ താന്‍ എല്ലാ വസ്തുക്കളും പാക്ക് ചെയ്ത് വെച്ചിരിക്കുകയാണ്. ഡിസ്മിസ് ഉത്തരവ് കിട്ടിയാല്‍ ആ നിമിഷം സ്ഥാനമൊഴിയും. തനിക്ക് ഒരു ആരോഗ്യ പ്രശ്‌നവുമില്ല. ഗവര്‍ണറുടെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സര്‍വ സജ്ജമാണ്. ഒരു ലാസ്റ്റ് ഗ്രേഡ് ഉദ്യോഗസ്ഥനെ മാറ്റുമ്പോള്‍ പോലും അതിന് നടപടിക്രമങ്ങള്‍ ഉണ്ട്. സ്ഥാനമൊഴിയണമെന്ന് ഏതോ ഒരാള്‍ ഫോണില്‍ വിളിച്ചാണ് ആദ്യം ആവശ്യപ്പെട്ടത്. പ്രസിഡന്റിന് ബോധ്യമുള്ളത് വരെ പൂര്‍ണ കാലാവധിയും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയുള്ള ഭരണഘടനാ പദവിയാണ് ഗവര്‍ണര്‍ സ്ഥാനമെന്ന് എല്ലാവരും മനസ്സിലാക്കണം- ഗുവാഹതി ആസ്ഥാനമായുള്ള വാര്‍ത്താ ചാനലിനോട് ഗവര്‍ണര്‍ പറഞ്ഞു.