സുപ്രീം കോടതിയില്‍ മുസ്‌ലിം ന്യായാധിപന്മാരില്ല

>>പതിനൊന്ന് വര്‍ഷത്തിനിടെ ആദ്യം
Posted on: September 7, 2016 12:02 am | Last updated: September 7, 2016 at 12:13 pm
SHARE

supreme courtന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത നീതിന്യായ സ്ഥാപനമായ സുപ്രീംകോടതിയില്‍ മുസ്‌ലിം പ്രാതിനിധ്യമില്ലാത്ത ജഡ്ജിംഗ് പാനലാണ് നിലനില്‍ക്കുന്നതെന്ന് മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇത് രണ്ടാം തവണവും, പതിനൊന്ന് വര്‍ഷത്തിനിടെ ആദ്യവുമാണ് സുപ്രീം കോടതിയില്‍ ഒരു മുസ്‌ലിം ന്യായാധിപന്‍ പോലുമില്ലാത്ത സ്ഥിതിയുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കാര്യത്തില്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നതിനപ്പുറം, പരമോന്നത കോടതിയില്‍ എല്ലാ മത ജാതി വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന വിഷയമാണ് ഗൗരവതരമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ജഡ്ജിമാരായി സ്ഥാനക്കയറ്റം ലഭിച്ച ജസ്റ്റിസ് എം വൈ ഇഖ്ബാല്‍, ജസ്റ്റിസ് ഫഖീര്‍ മുഹമ്മദ്, ഇബ്രാഹിം ഖലീഫുല്ല എന്നിവര്‍ യഥാക്രമം ഡിസംബറിലും ഏപ്രിലിലും റിട്ടയര്‍ ചെയ്തതോടെയാണ് സുപ്രീംകോടതിയിലെ ജഡ്ജിംഗ് പാനലില്‍ മുസ്‌ലിം പ്രാതിനിധ്യമില്ലാതെ അവസ്ഥയുണ്ടായത്. എല്ലാ മേഖലകളുടെയും മത സാമുദായിക വിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പാക്കാന്‍ വിവിധ രാജ്യങ്ങളില്‍ പ്രത്യേക വകുപ്പുകള്‍ തന്നെയുണ്ടെന്നിരിക്കെയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ നീതിപീഠത്തില്‍ ഇത്തരമൊരു അവസ്ഥ നിലനില്‍ക്കുന്നത്. സുപ്രീം കോടതിയിലെ 196 വിരമിച്ച ജഡ്ജിമാരിലും ഇപ്പോഴുള്ള 28 ജഡ്ജിമാരിലും സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരിലും 7.5 ശതമാനമാണ് മുസ്‌ലിം പ്രാതിനിധ്യം. എം ഹിദായത്തുല്ല, എം ഹമീദുല്ല ബേഗ്, എ എം അഹമ്മദി, അല്‍ത്തമസ് കബീര്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ നേരത്തെ ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ മുസ്‌ലിംകള്‍.
സുപ്രീം കോടതിയിലെ ആദ്യ മുസ്‌ലിം വനിത ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവിയായിരുന്നു. 1989 ഒക്‌ടോബര്‍ ആറ് മുതല്‍ 1992 ഏപ്രില്‍ 29 വരെയായിരുന്നു ഫാത്തിമ ബീവി സര്‍വീസിലുണ്ടായിരുന്നത്?. 2005 സെപതംബര്‍ ഒമ്പതിനായിരുന്നു അല്‍ത്തമസ് കബീര്‍ ചുമതലയേറ്റത്. നിലവില്‍ രണ്ട് ഹൈക്കോടതി മുസ്‌ലിം ചീഫ് ജസ്റ്റിസുമാരാണ് ഇന്ത്യയിലുള്ളത്. ബിഹാറിലെ ഇഖ്ബാല്‍ അഹമദ് അന്‍സാരിയും ഹിമാചല്‍ പ്രദേശിലെ സിജെ മന്‍സൂറും. ഇതില്‍ ഇഖ്ബാല്‍ അഹമദ് അന്‍സാരി ഒക്‌ടോബറിലും സി ജെ മന്‍സൂര്‍ എപ്രില്‍ 2017 ലും വിരമിക്കും. അതേസമയം സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തെ ചൊല്ലി കേന്ദ്രസര്‍ക്കാറും കോടതിയും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നത കാരണം നിലവിലെ സാഹചര്യത്തില്‍ പുതിയ നിയമനം ഉടനെ ഉണ്ടാവാന്‍ സാധ്യതയില്ലന്നാണ് അറിയുന്നത്.